- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ രാജ്യദ്രോഹം വിളമ്പാനുള്ള ലൈസൻസ് അല്ല; സ്‌നേഹത്തിന്റെ മതത്തെ കൊലപാതകത്തിന്റെയും ക്രൂരതയുടെയും ആശയമാക്കി മാറ്റുന്ന വർഗീയ കോമരങ്ങളെ ഒറ്റപ്പെടുത്താൻ യഥാർത്ഥ മുസ്ലീങ്ങൾ രംഗത്തു വരട്ടെ
കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന മിക്ക ചർച്ചകളും അവസാനിപ്പിക്കുന്നത് ഇസ്ലാം എന്നാൽ ഭീകരതയുടെയും കൊലപാതകത്തിന്റെയും ഒക്കെ മതമാണ് എന്നു പറഞ്ഞാണ്. ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ദുഷ്ടശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന ഐസിസ്, ബോക്കോഹറം തീവ്രവാദികളുമായി ബന്ധപ്പെട്ട വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിക്കുമ്പോൾ
കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന മിക്ക ചർച്ചകളും അവസാനിപ്പിക്കുന്നത് ഇസ്ലാം എന്നാൽ ഭീകരതയുടെയും കൊലപാതകത്തിന്റെയും ഒക്കെ മതമാണ് എന്നു പറഞ്ഞാണ്. ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ദുഷ്ടശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന ഐസിസ്, ബോക്കോഹറം തീവ്രവാദികളുമായി ബന്ധപ്പെട്ട വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിക്കുമ്പോൾ പോലും കിതാബിന്റെ കുഴപ്പം എന്ന നിലയിൽ പരിശുദ്ധ ഖുറാനെതിരെ പരാമർശം നടത്താറുണ്ട്. സന്ദർഭോചിതമായ വാചകങ്ങൾ എടുത്ത് വച്ച് അവരതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇസ്ലാം അങ്ങനെയാണോ?
ലോകത്ത് ഒരു മതത്തിനും ഒരു ആശയത്തിനും അക്രമത്തിന്റെ വഴിയിലൂടെ വിജയിക്കാനാകില്ലെന്ന് ചരിത്രത്തിൽ എത്ര വേണമെങ്കിലും തെളിവുകൾ ഉണ്ട്. പ്രത്യേകിച്ച് മതത്തിന്. മതം എന്നാൽ മനുഷ്യനെ സ്‌നേഹിക്കാനും ആശ്വസിപ്പിക്കാനും പരസ്പരം സഹിക്കാനുമുള്ള ഒന്നാണ്. മനുഷ്യർ തീരെ ദുർബലമാവുമ്പോൾ അവനെ ആശ്വസിപ്പിക്കാൻ ദൈവത്തോളം പോന്ന മറ്റൊന്നുമില്ല. ആരുമില്ലാതെ വരുമ്പോൾ ആരെങ്കിലും ഉണ്ട് എന്നുള്ള തോന്നൽ ജനിക്കുന്നത് ദൈവത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ദൈവം ദുർബലരുടെയും ആലംബഹീനരുടെയും ശക്തിയില്ലാത്തവരുടെയും ഒക്കെ കൂട്ടുകാരൻ ആണ്. അങ്ങനെ ഒരു ദൈവത്തിന്റെ പേരിൽ ആർക്കും അക്രമം നടത്താൻ കഴിയില്ല.
ഇക്കാരണത്താൽ തന്നെ ഇസ്ലാം ആക്രമണത്തെ പ്രേരിപ്പിക്കുന്ന മതമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞങ്ങൾ. ആക്രമണം, കൊലപാതകം, വിദ്വേഷം എന്നിവയൊന്നും ദൈവത്തിന് നിരക്കുന്ന കാര്യങ്ങളല്ല. പ്രവാചകന്റെ ജീവിതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവെങ്കിലും ഉള്ളവർക്ക് ഇങ്ങനെ ആരോപിക്കാനും സാധിക്കില്ല. എന്നിട്ടും എന്തു കൊണ്ടാണ് ഇസ്ലാം ആക്രമണത്തിന്റെ മതമാണ് എന്ന് ചിലരെങ്കിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്? തീർച്ചയായും ഐസിസ്, ബോക്കോഹറം, താലിബാൻ, ലഷ്‌കർ ഇ തോയിബ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ മുതൽ സിമിയും പോപ്പുലർ ഫ്രണ്ടും വരെയുള്ള ഇന്ത്യൻ പ്രസ്ഥാനങ്ങളും ഇതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്.
ഇവരൊക്കെ ആക്രമണങ്ങൾ നടത്തുന്നത് ഇസ്ലാമിന്റെ പേരിലാണ് എന്നത് ദയനീയവും നിരാശജനകവുമാണ്. നിഷ്ഠൂരമായ ഈ കൊലയും ക്രൂരതകളും നടത്തുന്നത് ഇസ്ലാമിക ലോകം സ്ഥാപിക്കാൻ ആണ് എന്നാണ് ഇവരൊക്കെ അവകാശപ്പെടുന്നത്. ഇത്തരം സംഘടനകളെക്കുറിച്ച് വരുന്ന ചില റിപ്പോർട്ടുകൾ എങ്കിലും നിറം പിടിപ്പിച്ചതും അതിശയോക്തി കലർന്നതുമാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഇവർ തന്നെ പുറത്ത് വിടുന്ന വീഡിയോകളും മറ്റും ഈ ക്രൂരതകളം ഒട്ടു മിക്കതും സത്യവുമാണ് എന്ന് ഉറപ്പാക്കുന്നു.
ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഇവർ കൊന്നൊടുക്കുന്നതിൽ ഭൂരിഭാഗവും മുസ്ലിം ജനതയെ തന്നെയാണ് എന്ന് വിസ്മരിക്കരുത്. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങളിൽ ഇടയ്ക്കിടെ നടക്കുന്ന ആക്രമണങ്ങളെ തുടർന്ന് ഇസ്ലാമോഫോബിയ ഒരു രോഗമായി ലോകത്തിന് മുൻപിൽ പടർന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഒന്നും ഭീകരാക്രമണ ഭീതിയിൽ നിന്നും മുക്തമല്ല. ഭീകരവാദത്തിന്റെ ബീജം പടർത്തുന്നതും പ്രചരിക്കുന്നതും ഇസ്ലാമിക തീവ്രവാദികൾ ആയതിനാൽ ജീവനിൽ ഭയമുള്ളവർ ഇസ്ലാം മതത്തെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. ഈ മതത്തെ അറിഞ്ഞ് അനേകം പേർ അങ്ങോട്ട് ആകർഷിക്കപ്പെടുകയും ഏറ്റവും വേഗത്തിൽ വളരുകയും ചെയ്യുന്നു എന്ന വാർത്തയും ഇവരെ ഭയപ്പെടുത്തുകയാണ്.
ഈ ഭയം ജനിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് വലിയ പങ്കാണുള്ളത്. ഇസ്ലാമോഫോബിയയുടെ അടിസ്ഥാന കാരണം ചർച്ച ചെയ്യാതെ അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പല ചർച്ചകളും തെറ്റിദ്ധാരണജനകവും വേദനാജനകവുമാണ്. ഇസ്ലാമിക നിയമങ്ങൾ എല്ലാവരും പാലിച്ചേ മതിയാവൂ എന്ന ചിലരുടെ പിടിവാശിയാണ് ഇത്തരം ചർച്ചകളുടെ മൂല കാരണം. യുക്തിവാദിയായ ഒരു പ്രൊഫസറുടെ മരണത്തെ ഇക്കൂട്ടർ കീറിമുറിച്ച് നടത്തിയ ചർച്ചയും മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യനായ അബ്ദുൾ കലാമിനെതിരെ ചിലർ നടത്തിയ ഉറഞ്ഞുതുള്ളലും ഇതിന്റെ ഭാഗമായി കാണേണ്ടതാണ്. ഏറ്റവും ഒടുവിൽ പാക്കിസ്ഥാനൊപ്പം ചേർന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന്റെ പേരിൽ രാജ്യത്തെ പരമോന്നത കോടതി വധശിക്ഷയ്ക്ക് നടപ്പാക്കിയ യാക്കൂബ് മേമനെ മഹാത്മാ ഗാന്ധിയേക്കാൾ വലിയ മഹാനാക്കാൻ പോലും ഇക്കൂട്ടർ രംഗത്തെത്തിയിരുന്നു.
ഐസിസിനെതിരെ ബ്ലോഗിലെഴുതിയ മതനിരപേക്ഷ ചിന്തകനായ ബഷീർ വള്ളിക്കുന്നിനെതിരെ ഇക്കൂട്ടർ നടത്തിയ ഉറഞ്ഞ് തുള്ളൽ നമ്മൾ കണ്ടതാണ്. തട്ടം ഇടാത്തതിന്റെ പേരിൽ നടി നസ്രിയയെയും ഇവർ നരകത്തിലേക്ക് അയച്ച് കഴിഞ്ഞു. മറുനാടനോടുള്ള ഇവരുടെ യഥാർത്ഥ ശത്രുത ഐസിസും ബോക്കോഹറാമും ഒക്കെ നടത്തുന്ന ക്രൂരതകൾ ആദ്യം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമം എന്ന നിലയിലാണ്. ഇത്തരത്തിൽ അലിഖിതമായ ഒരു അനിസ്ലാമിക അജണ്ട ഉണ്ടാക്കി ആ അച്ചിൽ പൊതു പ്രശ്‌നങ്ങളെ സമീപിക്കുന്നതോടെ ഇവർ ഇസ്ലാമിനെക്കുറിച്ച് തെറ്റായധാരണ പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കി നൽകുന്നു. വിശ്വാസം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യം ആണെന്നും എല്ലാ മതങ്ങളും വിശ്വാസങ്ങളും തുല്യമായി സംരക്ഷിക്കപ്പെടണമെന്നും കരുതുന്നിടത്താണ് ഭാരതത്തിന്റെ അഖണ്ഡത പൂർത്തിയാകുന്നത്. സൗദി അറേബ്യയും ഇറാനും അടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ മറ്റ് മതങ്ങൾ ഒരു തരത്തിലും അംഗീകരിക്കപ്പെടുന്നില്ല എന്ന വസ്തുത മറന്ന് കൊണ്ടാണ് ഇവർ ഇന്ത്യയിലെയും പാശ്ചാത്യ ലോകത്തെയും ഇസ്ലാമോഫോബിയയെക്കുറിച്ച് വിലപിക്കുന്നത്. ഈ രാജ്യങ്ങളിൽ മറ്റ് മത ഗ്രന്ഥങ്ങളും പ്രാർത്ഥനകളും പോലും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും പാശ്ചാത്യ ലോകത്തും എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം തന്നെയാണ്. ലോകം മുഴുവൻ നടക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിനോടുള്ള ഭയവും വെറുപ്പും ഇവിടങ്ങളിൽ വ്യക്തമാണെങ്കിലും ആരാധനയ്‌ക്കോ മത ശീലങ്ങൾക്കോ ഒരു തരത്തിലും ഇവിടങ്ങളിൽ തടസ്സം ഇല്ല. ഇത് നമ്മുടെ ഭരണഘടന ഉറപ്പും നൽകുന്നുണ്ട് മഅദനിയെപ്പോലെയുള്ളവർ നേരിടുന്ന അനീതി മറന്ന് കൊണ്ടല്ല ഇത് പറയുന്നത്. അതിനെ മതവുമായി കൂട്ടി കുഴയ്ക്കാതെ രാഷ്ട്രീയമായി തന്നെ കരുതുന്നതാവും ഉചിതം.
മറുനാടനെതിരെ ഇക്കൂട്ടർ നടത്തുന്ന നുണ പ്രചരണം മാത്രം മതി ഇവരുടെ പൊള്ളത്തരം തിരിച്ചറിയാൻ. കലാം ഇസ്ലാമിക രീതി പിന്തുടർന്ന ആളായിരുന്നില്ല എന്നും അതുകൊണ്ട് തന്നെ കലാമിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കരുതെന്നും ഒരു മഹാൻ പോസ്റ്റ് ഇട്ടതിനെ കുറിച്ചുള്ള വാർത്തയാണ് ഏറ്റവും ഒടുവിലത്തെ കോലാഹലത്തിന് കാരണം. ഒറ്റപ്പെട്ട ഒരു പോസ്റ്റായി ഇതിനെ തള്ളിക്കളയേണ്ടതായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് തുടങ്ങിയ ഗ്രൂപ്പുകളിൽ ഇതേക്കുറിച്ച് ചർച്ചകൾ നടക്കുകയും അനിസ്ലാമിക രീതിക്കാരനെന്ന വിധത്തിൽ കലാമിനെതിരെ വലിയ തോതിൽ അധിക്ഷേപ ശരങ്ങൾ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുകയും ചെയ്തപ്പോഴാണ് മറുനാടൻ ഇത് വാർത്തയാക്കിയത്. ഭാഗ്യവശാൽ അതിനെ ന്യായീകരിക്കാതെ അത് തങ്ങളുടെ ഗ്രൂപ്പ് നടത്തിയതല്ല എന്ന നിലപാടാണ് റൈറ്റ് തിങ്കേഴ്‌സ് ആദ്യം എടുത്തത്. എന്നാൽ കലാമിനെതിരെ നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യം മനസ്സിലാക്കി നുണ പ്രചാരണം നടത്തി അവർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഇതിന് ശേഷം തന്നെ കലാമിനെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ ഈ ഗ്രൂപ്പിലെ ഒരു തലതൊട്ടപ്പൻ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിലെ നരകത്തിലും സ്വർഗ്ഗത്തിലും ആര് പോകണമെന്ന് തീരുമാനിക്കുന്നത് പോലും ഇദ്ദേഹമാണെന്നാണ് ഈ മാന്യന്റെ വിചാരം.
കലാം വിഷയം പോലെ തന്നെയാണ് മൗലികവാദികളായ ഈ വിഭാഗത്തിന്റെ എതിർപ്പ് യാക്കൂബ് മേമൻ വിഷയത്തിൽ മറുനാടൻ നേരിടേണ്ടി വന്നത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയ വിഷയത്തിൽ ഇരുനൂറിലേറെ പേരെ നിഷ്‌ക്കരുണം കൊല ചെയ്ത മുംബൈ സ്‌ഫോടനത്തിൽ പ്രതി ശിക്ഷിക്കപ്പെട്ടതിനെ ശരിവെക്കുകയും വധശിക്ഷയെന്ന ശിക്ഷാരീതിയോട് വിയോജിക്കുകയുമാണ് മറുനാടൻ മലയാളി ചെയ്തത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത വ്യക്തിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ലെങ്കിലും ഇതിൽ ഇരട്ടനീതി പാടില്ല എന്ന നിലപാടുമായിരുന്നു മറുനാടൻ മലയാളിക്കുണ്ടായിരുന്നത്. ഇക്കാര്യം വ്യക്തമാക്കി എഡിറ്റോറിയൽ എഴുതുകയും ചെയ്തു. എന്നിട്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് മറുനാടൻ ചെയ്തത് മഹാപാതകം എന്ന വിധത്തിലാണ് ഈ വിഷയത്തോട് പ്രതികരിച്ചത്. മുസ്ലിം വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ഈ വിഷയത്തിൽ മറുനാടനെതിരെ ഇക്കൂട്ടർ രംഗത്തെത്തിയത്.
ഒരു ലക്ഷം അംഗങ്ങളുടെ പിൻബലം ഉള്ളതുകൊണ്ട് മറുനാടനെ മൂക്കിൽ കയറ്റും എന്ന ഭീഷണി ഉയർത്തി ചിലർ ഞങ്ങളുടെ എഡിറ്ററുടെ മെസഞ്ചർ ബോക്‌സിൽ എത്തിയിരുന്നു. മറുനാടനെ ഇസ്ലാമിക വിരുദ്ധ മാദ്ധ്യമമായി ചിത്രീകരിക്കാൻ നാളുകളായി പ്രയത്‌നിക്കുന്ന നവാസ് ജാനെയും അഷ്‌കർ ലെസ്സിരിയെപ്പോലെയുള്ള തീവ്രവാദ ആശയക്കാർ തന്നെയാണ് ഇപ്പോഴും രംഗത്തുള്ളത്. മതങ്ങൾ വിമർശനങ്ങൾക്ക് അതീതമല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതുകൊണ്ട് മത നേതാക്കളും അന്ധവിശ്വാസികളും നടത്തുന്ന തോന്ന്യാസങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന മാദ്ധ്യമം ആണ് മറുനാടൻ. ഞങ്ങൾ അത് ചെയ്യുന്നത് മതം നോക്കിയോ ദൈവത്തിന്റെ നിറം നോക്കിയോ അല്ല. അതുകൊണ്ട് തന്നെ എല്ലാ മൗലിക വാദികളും ഞങ്ങളുടെ ശത്രുക്കളാണ്. ക്രിസ്ത്യൻ മൗലിക വാദികൾ മറുനാടനെതിരെ ഉറഞ്ഞ് തുള്ളിയതിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ഈ യാഥാർത്ഥ്യങ്ങൾ ഒക്കെ മറച്ച് വച്ച് മറുനാടൻ ഇസ്ലാമിക വിരുദ്ധം ആണ് എന്ന് പ്രചരിപ്പിച്ചും മറുനാടനിൽ കമന്റ് ഇടുന്ന മുസ്ലീമുകളുടെ ഇൻബോക്‌സിൽ ചെന്ന് നിരുത്സാഹപ്പെടുത്തിയും മുന്നേറുന്ന മൗലിക വാദികൾക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല കലാമുമായി ബന്ധപ്പെട്ട ഞങ്ങളുടെ വാർത്ത. അതിന് പകരം തീർക്കാനായി പതിവ് പോലെ ഇസ്ലാമിക വിരുദ്ധ അജണ്ടയുടെ പേര് പറഞ്ഞ് ഫോട്ടോഷോപ്പ് പ്രചാരണവുമായി ഇക്കൂട്ടർ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. വ്യാജ വാർത്ത കൊടുത്തതിന് മുപ്പതോളം കേസ് ഉണ്ടെന്നാണ് മറുനാടനെതിരെ ഇവർ നടത്തിയ കണ്ടെത്തൽ. ഏലിയാസ് ജോർജുമായി ബന്ധപ്പെട്ട വാർത്തയുടെ കാര്യം മറുനാടൻ തന്നെ എഴുതിയിട്ടുണ്ട്. മുപ്പതെണ്ണത്തിന്റെ പേര് പറയേണ്ട, ഒരു കള്ള വാർത്തയുടെ ലിസ്റ്റ് കണ്ടെത്തി പുറത്ത് പറയാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. തട്ടിപ്പുകാരും അഴിമതിക്കാരും നൽകുന്ന പരാതിയാണ് നിങ്ങൾക്ക് കള്ള വാർത്തയെങ്കിലും ആ ദുഷ്‌പേര് ഞങ്ങൾ സഹിച്ചോളാം. നിങ്ങൾ എത്ര ഉറഞ്ഞ് തുള്ളിയിട്ടും ഓരോ ദിവസം ചെല്ലുന്തോറും ആയിരക്കണക്കിന് പുതിയ വായനക്കാരെ കണ്ടെത്തി ഞങ്ങൾ വളരുന്നത് ഞങ്ങൾ എടുത്തിരിക്കുന്ന ഉറച്ച നിലപാടിന്റെ വിജയമാണ് എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
വാസ്തവത്തിൽ ഇസ്ലാമിന്റെ യഥാർത്ഥ ശത്രു ഈ ന്യൂനപക്ഷം ആണ് എന്ന് തിരിച്ചറിഞ്ഞ് യഥാർത്ഥ മുസ്ലീങ്ങൾ രംഗത്ത് വരേണ്ടി ഇരിക്കുന്നു. പരിശുദ്ധ ഖുറാനെ തെറ്റായി വ്യാഖ്യാനിച്ച് ഇവർ നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് സ്‌നേഹത്തിന്റെ മതത്തിൽ വിശ്വസിക്കുന്ന ഇസ്ലാമുകൾ ആണ്. കൊല്ലാനും വിദ്വേഷം പ്രചരിപ്പിക്കാനും ഒരു ദൈവത്തിനും സാധിക്കില്ല എന്ന ഒറ്റ വിശ്വാസം മാത്രം മതി ഈ വൃത്തികെട്ട മനുഷ്യ രൂപങ്ങൾക്കെതിരെ നിലപാടെടുക്കാൻ. മറുനാടനെപ്പോലുള്ള മാദ്ധ്യമങ്ങൾ ഒരു അജണ്ടയുടെ ഭാഗമല്ലെന്ന് മനസ്സിലാക്കി ഒപ്പം നിൽക്കുകയും ഞങ്ങൾക്ക് തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിച്ച് തിരുത്തുകയുമാണ് വേണ്ടത്. സ്‌നേഹത്തിൽ വിശ്വസിക്കുന്ന യഥാർത്ഥ മുസ്ലീങ്ങൾ ന്യൂനപക്ഷം വരുന്ന മനുഷ്യ മൃഗങ്ങളെ ഭയക്കാതെ രംഗത്ത് വന്ന് പരിശുദ്ധ ഖുറാന്റെ വെളിച്ചത്തിൽ ഇവറ്റകളുടെ വാദങ്ങൾ പൊളിച്ചടുക്കിയാൽ മാത്രമേ ഇസ്ലാമിനെതിരെയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാവുകയുള്ളൂ. അതിന് ഇനിയും കാത്ത് നിൽക്കരുത് എന്ന് മാത്രമാണ് ഞങ്ങളുടെ അഭ്യർത്ഥന.