പാരീസ്: ലോകത്തെ സോഷ്യൽ മീഡിയ ഭീമന്മാർ ബാങ്കിങ് രംഗത്തേക്കും കടക്കുന്നു. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പണം അയയ്ക്കാൻ അവസരം ഒരുക്കുകയാണ് കമ്പനികൾ. സോഷ്യൽ മീഡിയയിലെ വമ്പന്മാരുമായി സഹകരിക്കാൻ തയ്യാറായി ബാങ്കുകളും രംഗത്തെത്തി. ട്വിറ്റർ ട്വീറ്റുകളിലൂടെ പണം അയയ്ക്കാനുള്ള സംവിധാനമാണ് പുതുതായി വരുന്നത്. ഫ്രാൻസിലെ ഏറ്റവും വലിയ ബാങ്കും പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ട്വിറ്ററുമായി ചേർന്നാണ് ഉപയോക്താക്കൾക്ക് ട്വീറ്റിലൂടെ പണം അയക്കാനുള്ള സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

ട്വിറ്ററും ഗ്രൂപ്പ് ബി.പി.സി.ഇ എന്ന ഫ്രാൻസിലെ രണ്ടാമത്തെ വലിയ ബാങ്കുമായി ചേർന്നാണ് ഈ നീക്കം. സോഷ്യൽ നെറ്റ്‌വർക്ക് രംഗത്ത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെയാണ് ട്വിറ്റർ ഓൺലൈൻ പണമിടപാടുകൾക്ക് തുടക്കമിടുന്നത്. സോഷ്യൽ മീഡിയയിൽ വൻ മത്സരങ്ങൾ നടക്കുന്നതിന് ഇടെയാണ് പുതുവഴികളുമായി കമ്പനികൾ രംഗത്തെത്തിയത്. ആപ്പിളും ഫേസ്‌ബുക്കും പോലുള്ള ടെക് ഭീമന്മാരുടെ കൂടെ മുന്നേറാനുള്ള മത്സരത്തമാണ് ട്വിറ്ററും നടത്തുന്നത്. മൊബൈൽ ഫോണുകൾക്കും മറ്റ് ആപ്പുകൾക്കും വേണ്ടി പുതിയ സംവിധാനത്തിലൂടെയുള്ള പണമിടപാടുകളിലേക്ക് കാൽവെയ്‌പ്പ് നടത്താനാണ് ട്വിറ്റർ ശ്രമിക്കുന്നത്.

ഫ്രാൻസിലുള്ള ഉപയോക്താക്കൾക്ക് ട്വിറ്റർ വഴി പണം അയക്കാനുള്ള സംവിധാനം തയ്യാറാക്കുമെന്ന് കഴിഞ്ഞ മാസം ബാങ്ക് അറിയിച്ചിരുന്നു. ഏത് ബാങ്ക് ഉപയോഗിക്കുന്നവർക്കും ഈ സേവനം ഉപയോഗിക്കാമെന്നും അയക്കുന്ന വ്യക്തിക്ക് അത് ലഭിക്കുന്ന വ്യക്തിയുടെ ബാങ് വിവരങ്ങൾ അറിയണമെന്നില്ലെന്നും ബാങ്ക് പറഞ്ഞിരുന്നു. ട്വീറ്റുകൾ വഴിയുള്ള പണമിടപാടുകൾ ബാങ്കിന്റെ എസ്മണി സർവീസാണ് നിയന്ത്രിക്കുന്നത്. നാളെ പാരീസിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ബി.പി.സി.ഇ യും ട്വിറ്ററും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും.

അതേസമയം ഫേസ്‌ബുക്കും പണമിടപാട് രംഗത്തേക്ക് കടന്നിരുന്നു. ഫേസ്‌ബുക്ക് വഴി പണം അയക്കാനുള്ള സംവിധാനം ഉടൻ വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫേസ്‌ബുക്ക് മെസഞ്ചർ വഴി ഡെബിറ്റ് കാർഡിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് പണം അയക്കാൻ സാധിക്കുക. ഇതിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ് കമ്പനി അധികൃതർ. ഫേസ്‌ബുക്ക് മെസ്സെഞ്ചർ ഇത്തരത്തിൽ പണമിടപാട് നടത്തുന്ന ഒരു കമ്പനിയുടെ സിഇഒ ഡേവിഡ് മാർക്കസിനെ നിയമിച്ചിരുന്നു. ഇത് ബാങ്കിങ് രംഗത്തേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് എന്നാണ് വിലയിരുത്തലുകൾ.