പാരീസ്: ഫ്രാൻസിലെ ബോർദോക്കു സമീപം പുസിഗീനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 43 പേർ മരിച്ചു. ബസ്സിലുണ്ടായിരുന്ന വയോധികരായ യാത്രക്കാരാണ് മരിച്ചവരിലേറെയും. ട്രക്ക് െ്രെഡവറും കൊല്ലപ്പെട്ടു.അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.

ഉല്ലാസയാത്രയ്ക്ക് പോകുകയായിരുന്ന വയോധികരായിരുന്നു ബസിൽ കൂടുതലും ഉണ്ടായിരുന്നത്. മരം കയറ്റിവന്ന ട്രക്കാണ് റോഡിലെ വളവിൽ ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു. തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ പെടിറ്റ് പാലെയ്‌സിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പാലെയ്‌സിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദുരന്തത്തെക്കുറിച്ചന്വേഷിക്കാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഫ്രാൻസിൽ കഴിഞ്ഞ 33വർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ അപകടമാണിതെന്നാണ് പറയപ്പെടുന്നത്. അപകടത്തിന്റെ തീവ്രതയിൽ തീ പിടിച്ച വാഹനങ്ങളിൽ അകപ്പെട്ട പലരും വെന്തുമരിക്കുകയായിരുന്നു. ട്രക്കിന് നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.