പാരീസ്: കൂടുതൽ ഡോക്ടർമാർ പണിമുടക്കിൽ ചേർന്നതോടെ ഫ്രാൻസിലെ ആരോഗ്യമേഖല സ്തംഭനത്തിലേക്ക്. അടുത്ത വർഷം പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ആരോഗ്യപരിഷ്‌ക്കരണ ബില്ലിനെതിരേയാണ് ഡോക്ടർമാർ പണിമുടക്ക് നടത്തുന്നത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ഡോക്ടർമാരുടെ സമരത്തിൽ കൂടുതൽ ഡോക്ടർമാരും ചേർന്നിരിക്കുകയാണിപ്പോൾ.

ഡിസംബർ 23നാണ് ജിപിമാരും സ്‌പെഷ്യലിസ്റ്റുകളും പണിമുടക്ക് ആരംഭിച്ചത്. എസ്ഒഎസ് മെഡിസിൻസ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഡോക്ടർമാർ പണിടുക്ക് നടത്തുന്നത്. ഫ്രാൻസിൽ എമർജൻസി ഹെൽപ് ലൈൻ നടത്തുന്ന സംഘടനയാണ് എസ്ഒഎസ് മെഡിസിൻസ്. 64 വ്യത്യസ്ത സെന്ററുകളിലായി ആയിരത്തോളം ഡോക്ടർമാർ എസ്ഒഎസ് മെഡിസിനു സ്വന്തമായിട്ടുണ്ട്. ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചതോടെ 80 ശതമാനത്തോളം സർജറികൾ മുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഡോക്ടർമാരുടെ പണിമുടക്ക് രാജ്യത്തെ ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ ആൻഡ് ഇ) വാർഡുകൾ നിറഞ്ഞുകവിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി മാരിസോൾ ടൂറീൻ പറയുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യം വ്യത്യസ്തമാണെന്നാണ് എസ്ഒഎസ് മെഡിസിൻസ് വ്യക്തമാക്കുന്നത്. ആശുപത്രികളുടെ ശേഷിയുടെ മൂന്നിരട്ടിയാണ് എ ആൻഡ് ഇയിലുള്ള രോഗികളുടെ എണ്ണമെന്നാണ് ഫ്രാൻസ് 3 ടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിലെ ഒട്ടു മിക്ക പട്ടണങ്ങളിലേയും ആശുപത്രികളിലെ സ്ഥിതി ഇതു തന്നെയാണെന്നാണ് ചാനൽ വ്യക്തമാക്കുന്നത്.

രോഗികൾക്ക് വാക്‌സിനേഷൻ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അനുവാദം നൽകുക, ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം, ജോലി സമയം, ജിപിമാരുടെ പേയ്‌മെന്റ് തുടങ്ങിയ ഹെൽത്ത് ബില്ലിൽ വരുത്താൻ പോകുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരേയാണ് ഡോക്ടർമാർ പണിമുടക്ക് നടത്തി വരുന്നത്.