പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ റഷ്യൻ താരവും 31-ാം സീഡുമായ അനസ്താസിയ പവ്‌ലുചെങ്കോവ ഫൈനലിൽ. സ്ലൊവേനിയൻ താരം തമാര സിദാൻസെകിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പവ്‌ലുചെങ്കോവ ഫൈനലിൽ എത്തിയത്. സ്‌കോർ: 7-5,6-3. റഷ്യൻ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്.

ലോകറാങ്കിങ്ങിൽ 85-ാം റാങ്കുകാരിയായ സിദാൻസെക് മികച്ച മത്സരം പുറത്തെടുത്തു. മത്സരം ഒരു മണിക്കൂറും 34 മിനിറ്റും നീണ്ടു നിന്നു. ഗ്രാൻസ്ലാം വനിതാ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ സ്ലൊവിനേയൻ താരം എന്ന റെക്കോഡുമായാണ് താരം റോളണ്ട് ഗാരോസിൽ നിന്ന് മടങ്ങുന്നത്.

ആറു വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ വനിതാ താരം ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് ഒരു റഷ്യൻ താരം ഗ്രാൻസ്ലാം ഫൈനൽ കളിച്ചത് 2015-ലാണ്. അന്ന് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിയ ഷറപ്പോവ സെറീന വില്ല്യംസിനോട് തോറ്റു. 2004 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ഏതെങ്കിലും ഒരു ഗ്രാൻസ്ലാം ഫൈനലിലെങ്കിലും ഒരു റഷ്യൻ വനിതാ താരം ഇടം നേടാറുണ്ടായിരുന്നു. 2005-ൽ മാത്രമാണ് ഇതിന് കോട്ടം സംഭവിച്ചത്.

2007-ൽ തന്റെ 15-ാം വയസ്സിൽ വിംബിൾഡണ്ണിലൂടെയാണ് പവ്‌ലുചെങ്കോവ ഗ്രാൻസ്ലാമിൽ അരങ്ങേറിയത്. അതിനുശേഷം തന്റെ 52-ാം മത്സരത്തിലാണ് താരം ഒരു ഗ്രാൻസ്ലാമിന്റെ ഫൈനലിലെത്തുന്നത്. ഇതോടെ അമ്പതിലധികം ഗ്രാൻസ്ലാം മത്സരങ്ങൾക്കുശേഷം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരം എന്ന റെക്കോഡും പവ്‌ലുചെങ്കോവ സ്വന്തമാക്കി. 2015 യു.എസ് ഓപ്പൺ റണ്ണർ അപ്പായ റോബർട്ട വിൻസിയുടെ പേരിലായിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ്. ഒരു ഗ്രാൻസ്ലാമിന്റെ ഫൈനലിലെത്താൻ വിൻസിക്ക് 44 മത്സരങ്ങൾ കളിക്കേണ്ടിവന്നു.