പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം ചൂടി റാഫേൽ നദാൽ. നോർവേ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പതിനാലാം തവണയും റാഫേൽ നദാൽ കളിമൺ കോർട്ടിലെ രാജാകുമാരൻ എന്ന വിളിപ്പേര് സ്പാനിഷ് ഇതിഹാസം അന്വർത്ഥമാക്കിയത്. സ്‌കോർ 6-3, 6-3. 6 - 0.

സീസണിൽ ഉജ്വല ഫോമിൽ കുതിക്കുന്ന നദാലിനെതിരെ ആദ്യ രണ്ടു സെറ്റുകളിൽ മികച്ച രീതിയിൽ പോരാടിയെങ്കിലും റൂഡിനെ മൂന്നാം സെറ്റിൽ നിഷ്പ്രഭമാക്കിയാണ് നദാൽ കിരീടം ചൂടിയത്. കരിയറിലെ 22 ാം ഗ്രാൻഡ്‌സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ പതിനാലാം ട്രോഫിയുമാണ് നദാൽ പേരിൽ കുറിച്ചത്.

ഇതോടെ 20 ഗ്രാൻഡ്‌സ്ലാം വിജയങ്ങൾ വീതമുള്ള റോജർ ഫെഡററിനും നൊവാക് ജോക്കോവിച്ചിനും 2 പടി മുന്നിലെത്തി നദാൽ. വെള്ളിയാഴ്ച 36ാം പിറന്നാൾ ആഘോഷിച്ച നദാൽ ഇതോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമായി. 

ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമാണ് റോളണ്ട് ഗാരോസിൽ കണ്ടത്. നാല് വർഷമായി റാഫേൽ നദാലിന്റെ അക്കാഡമിയിൽ പരിശീലനം നടത്തിവരികയായിരുന്നു കാസ്പർ റൂഡ്. ആദ്യ രണ്ട് റൗണ്ടുകളിൽ ഭേദപ്പെട്ട ചെറുത്തുനിൽപ് നടത്തിയെങ്കിലും നദാലിന്റെ കരുത്തിന് മുന്നിൽ ശിഷ്യന് കാലുറപ്പിക്കാനായില്ല. ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോർവീജിയൻ താരമെന്ന നേട്ടം 23കാരനായ റൂഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

ഫ്രഞ്ച് ഓപ്പണിൽ 14 കിരീടങ്ങൾക്കുടമയായി ഇതോടെ നദാൽ. 2005-ൽ ഇതേ ടൂർണമെന്റിൽ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറിൽ ആകെ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേരത്തെ സ്വന്തമാക്കിയിരുന്നു. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കോഡും നേടി. ഫെഡറർക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.

മൂന്നാം സീഡുകാരനായ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ മറികടന്നാണ് നദാൽ ഫൈനലിൽ എത്തിയത്. സെമിയിൽ നദാൽ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാൽക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ തോൽപ്പിച്ചാണ്  റൂഡ് ഫൈനലിൽ എത്തിയത്.