പാരീസ്: സാങ്കേതിക വിദ്യയിൽ ഫ്രാൻസ് അതിവേഗം കുതിക്കുന്നു. ട്രെയിനുകളിലും വൈ ഫൈ സൗകര്യം ഏർപ്പെടുത്തിക്കൊണ്ടാണ് സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഫ്രാൻസ് മുന്തിയിലേക്ക് കുതിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ ഗ്രൂപ്പായ എസ്എൻസിഎഫ് ആണ് അതിന്റെ ഹൈ സ്പീഡ് ട്രെയിനുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം ഐടി മിനിസ്റ്റർ നടത്തിക്കഴിഞ്ഞു.

ഹൈസ്പീഡ് ടിജിവി ട്രെയിനുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ഐടി കമ്പനികളിൽ നിന്ന് ടെൻഡറുകൾ സ്വീകരിച്ചുവരുന്നതായി മന്ത്രി ആക്‌സലീ ലീമെയർ പ്രഖ്യാപിച്ചു. ട്രെയിനുകളിൽ വൈ ഫൈ ഏർപ്പെടുത്തുന്നത് ചെലവു വർധിപ്പിക്കുമെന്നും അടുത്തിടെ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിലൂടെ ഈ നേരിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഡിസംബർ 31 മുതൽ ട്രെയിൻ നിരക്കുകളിൽ 2.6 ശതമാനം വർധനയാണ് നടപ്പിലാക്കിയത്.

ഹൈ സ്പീഡ് ട്രെയിനുകളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത് ഏറെ ചെലവേറിയതും സങ്കീർണവുമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു ട്രെയിനിൽ വൈ ഫൈ സംവിധാനം നടപ്പിലാക്കുമ്പോൾ 350,000 യൂറോയാണ് ചെലവ് വരുന്നതെന്ന് എസ്എൻസിഎഫ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ കമ്പനിക്ക് 450 ടിജിവി ട്രെയിനുകളാണുള്ളത്. ട്രെയിനിൽ വൈ ഫൈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് അടുത്ത മാസം വ്യക്തമായ ധാരണ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

അടുത്ത കാലത്തായി ഫ്രാൻസ് ടെക്‌നോളജിയിൽ ബഹുദൂരം മുന്നോട്ടു കുതിക്കുകയാണ്. കഴിഞ്ഞ വർഷം 128 റെയിൽ വേ സ്‌റ്റേഷനുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്തിയിരുന്നു.