പാരീസ്: പുരുഷ വന്ധ്യതാ ചികിത്സാരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഫ്രഞ്ച് ശാസ്ത്രജ്ഞർ. ലബോറട്ടറിയിൽ പുരുഷബീജം വികസിപ്പിച്ചെടുത്താണ് പുരുഷവന്ധ്യതയ്ക്ക് ശാശ്വത പരിഹാരം ഇവർ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കൃത്രിമമായി പുരുഷബീജം ലബോറട്ടറിയിൽ വികസിപ്പിച്ചെടുക്കുന്നതെന്ന് ലിയോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്ലിസ്റ്റെം ലബോറട്ടറിയിലെ ഫ്രഞ്ച് ഗവേഷകർ വെളിപ്പെടുത്തി.

ഏറെ നാളായി പുരുഷവന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കല്ലിസ്റ്റം ലബോറട്ടറി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഫലമായാണ് പുരുഷബീജത്തെ ലാബിൽ തന്നെ വികസിപ്പിച്ചെടുക്കാൻ സാധിച്ചതെന്നും കല്ലിസ്റ്റെം ലാബ് സിഇഒ ഇസബെല്ല ക്യൂവോക്ക് വ്യക്തമാക്കി. പൂർണമായി വളർച്ചയെത്തിയ ഇത്തരം ബീജം ഐവിഎഫ് (ടെസ്റ്റ് ട്യൂബ്) ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
പുരുഷന്റെ ഫെർട്ടിലിറ്റി ടിഷ്യൂ ശേഖരിച്ച് അതിൽ നിന്നാണ് പൂർണവളർച്ചയെത്തിയ ബീജത്തെ ടെസ്റ്റ് ട്യൂബിൽ വികസിപ്പിച്ചെടുക്കുന്നത്. വളരെ സങ്കീർണമായ ഈ പ്രക്രിയ 72 ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത്. സ്വന്തമായി ബീജങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് ഏറെ അനുഗ്രഹമാകുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.

കണ്ടുപിടുത്തത്തിന് പേറ്റന്റ് ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരം വെളിപ്പെടുത്താൻ കല്ലിസ്റ്റം ലാബ് അധികൃതർ തയാറായിട്ടില്ല. അതേസമയം കൃത്രിമമായി പുരുഷബീജം വികസിപ്പിച്ചെടുത്തു എന്ന വാർത്തയ്ക്ക് ലോകമെമ്പാടും നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലാബിൽ പുരുഷബീജം വികസിപ്പിച്ചെടുക്കാൻ സാധിച്ചാൽ ഇത് ഏറെപ്പേർക്ക് പ്രത്യാശ നൽകുന്ന കണ്ടുപിടുത്തം തന്നെയാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീൽഡിലെ ഇൻഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റായ പ്രഫ. അലൻ പാസി വ്യക്തമാക്കുന്നത്.

ലാബിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ബീജം ഉപയോഗിച്ചുള്ള ചികിത്സ രണ്ടുവർഷത്തിനകം വ്യാപിപ്പിക്കാനാണ് കല്ലിസ്‌റ്റെം ലാബ് അധികൃതരുടെ തീരുമാനം. ഇത്തരത്തിൽ വിജയകരമായി ചികിത്സ നടത്താൻ സാധിക്കുമെങ്കിൽ ഒരുവർഷം 50,000 ത്തോളം പുരുഷന്മാർക്ക്  അച്ഛനാകാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.