പാരീസ്: ആഴ്ചയിൽ 35 മണിക്കൂർ ജോലി സമയം എന്നുള്ളത് 32 മണിക്കൂർ ആക്കി ചുരുക്കാൻ ആഹ്വാനവുമായി ഫ്രാൻസിലെ ട്രേഡ് യൂണിയനുകളിൽ മുമ്പന്തിയിലുള്ള സിജിടി. ജോലി സമയം ആഴ്ചയിൽ 32 മണിക്കൂർ ആക്കി ചുരുക്കി ലേബർ പരിഷ്‌ക്കരണം നടത്താനാണ് സിജിടി സർക്കാരിനോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആഴ്ചയിൽ 35 മണിക്കൂർ എന്നത് ദൈർഘ്യമേറിയതാണെന്നും ഇത് ചുരുക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് യൂണിയന്റെ ആവശ്യം. ജോലി സമയം ചുരുക്കുന്നത് നിർമ്മാണക്ഷമത വർധിപ്പിക്കുമെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും യൂണിയൻ വാദിക്കുന്നുണ്ട്. സാങ്കേതിക മികവ് വർധിപ്പിക്കാനും ഇതു സഹായകമാകുമെന്നും സിജിടി പറയുന്നുണ്ട്.

ഫ്രാൻസിൽ പലയിടങ്ങളിലും നിലനിൽക്കുന്ന ജോലി സമയത്തെ അസമത്വം ഇല്ലാതാക്കാൻ ഇതു സഹായിക്കുമെന്നും ജോലി ക്ഷമത വർധിപ്പിക്കാൻ കാരണമായേക്കുമെന്നും സിജിടി കാമ്പയിൻ പ്രചാരകർ വെളിപ്പെടുത്തുന്നു. ഫ്രാൻസിന്റെ ആഴ്ചയിൽ 35 മണിക്കൂർ ജോലി സമയം എന്നതിനു മേലുള്ള പൊതു ആക്രമണമാണ് ഈ കാമ്പയിനെന്നും സിജിടി ചീഫ് ഫിലിപ്പ് മാർട്ടിനെസ് പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കണക്കിലെടുത്ത് ആഴ്ചയിൽ 35 മണിക്കൂർ എന്നത് വർഷങ്ങളായി നിലനിന്നു പോന്നിരുന്നതാണ്.  20110ൽ ആഴ്ചയിൽ 39.5 മണിക്കൂർ ശരാശരി ജോലി ചെയ്തിരുന്ന ഫ്രഞ്ച് വർക്കർമാർ യൂറോപ്യൻ യൂണിയൻ ശരാശരി ജോലി സമയമായിരുന്ന 40.3 മണിക്കൂർ എന്നതിന് തൊട്ടുപിന്നിലായിരുന്നു. ജർമനിയിൽ 41 മണിക്കൂറും യുകെയിൽ 42.4 മണിക്കൂറുമാണ് ശരാശരി തൊഴിൽ സമയമായിരുന്നത്.