തിരുവനന്തപുരം; ഫ്രഞ്ച് വിപ്ലവം സിനിമയുടെ ആദ്യ ഫാൻസ് ഷോ ടിക്കറ്റ് തിരുവനന്തപുരം കളക്ടർ ഡോ കെ.വാസുകിക്ക് നൽകി നടൻ സണ്ണി വെയ്ൻ ഉദ്ഘാടനം ചെയ്തു. ഈ മാസം 26ന് റിലീസ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ ഒരുക്കിയിരിക്കുന്നത് എറണാകുളം പത്മ തിയേറ്ററിലാണ്. സണ്ണി വെയിനെ കൂടാതെ ലാൽ, ചെമ്പൻ വിനോദ്, നവാസ് വള്ളിക്കുന്ന്, ശശി കലിംഗ, നോബി, അരിസ്റ്റോ സുരേഷ്, പോളി വിൽസൺ, ആര്യ സലീം, ഉണ്ണിമായ തുടങ്ങി 60 ഓളം താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

1996 ഏപ്രിൽ ഒന്നിന് കേരള സർക്കാർ നടപ്പിൽ വരുത്തിയ ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തിനെ എങ്ങനെ ബാധിച്ചു എന്നും, ഈ വെല്ലുവിളി എങ്ങനെ മറികടന്നു എന്നുമാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ സിനിമ പറഞ്ഞു വെക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഷെജീർ ഷാ, അൻ വർ അലി, ഷജീർ ജലീൽ എന്നിവരുടെ തിരക്കഥയിൽ നവാഗത സംവിധായകൻ മജു സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ഫ്രഞ്ച് വിപ്ലവം.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പാപ്പിനുവാണ്. എഡിറ്റിങ് ദീപു ജോസഫ്. അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ജാഫർ ഖാൻ ഷജീർ ജലീൽ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ വരുന്ന ഒക്റ്റോബർ 26 ന് നൂറോളം തിയേറ്ററുകളിൽ റിലീസ് ആകുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ ഉടസ്ഥതയിലുള്ള ആർ ഡി ലൂമിനേഷൻ ആണ്.