കൊച്ചി: മോഹൻലാലിന്റെ മുന്തിരിവള്ളകൾ തളർക്കുമ്പോൾ, ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ... ഇങ്ങനെ ക്രിസ്മസ് കാലത്ത് തിയേറ്ററിലെത്തേണ്ട സിനിമകളെല്ലാം പെട്ടിയിലായിട്ട് ആഴ്ചകളായി. സിനിമാ സമരം മൂലം ഇവ പുറത്തിറങ്ങിയില്ല. നാടകീയ നീക്കങ്ങൾക്കൊടുവിൽ സിനിമാ സമരം തീരുകയാണ്. എന്നിട്ടും ഈ സിനിമകൾ തിയേറ്ററിലെത്താൻ ഇനിയും കാത്തിരിക്കണം. അടുത്ത വെള്ളിയാഴ്ച മാത്രമേ പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തൂ.

അതായത് ക്രിസ്മസ് കാലത്തെ 35 കോടിയുടെ നഷ്ടം ഉടൻ നികത്താനായി എത്രയും പെട്ടെന്ന് തിയേറ്റിലേക്ക് പുതിയ ചിത്രങ്ങൾ എത്തിക്കുന്നില്ല. ചില വിശ്വാസപരമായ കാരണങ്ങളാണ് ഇതിന് കാരണം. വാരന്ത്യമായതുകൊണ്ട് വെള്ളിയാഴ്ച സിനിമ തിയേറ്ററിലെത്തുന്നു. ശനിയും ഞായറും നല്ല തിരക്കുണ്ടാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ പുതിയ ചിത്രങ്ങൾ എന്നിറങ്ങിയാലും ആദ്യ ദിവസങ്ങളിൽ ആളുകൾ തിയേറ്ററിലെത്തുമെന്ന് ഉറപ്പ്. എന്നിട്ടും എന്തുകൊണ്ട് വെല്‌ളിയാഴ്ച? ഈ ചോദ്യങ്ങൾക്ക് ചോദ്യത്തര വെബ്സൈറ്റായ ക്വോറയിൽ രസകരമായ ഉത്തരങ്ങളുണ്ട്. അതിലെ ഏതാനും വിശദീകരണങ്ങളാണ് ചുവടെ കൊടുക്കുന്നത്.

വെള്ളിയാഴ്ച റിലീസ് എന്ന രീതി ഹോളിവുഡിൽ നിന്ന് ഇന്ത്യൻ സിനിമ കടമെടുത്തതാണെന്ന വാദം സജീവമാണ്. ഗോൺ വിത്ത് ദ വിന്റ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് ഈ സമ്പ്രദായത്തിന് തുടക്കംകുറിക്കുന്നത്. 1939 ഡിസംബർ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ്. അതൊരു വെള്ളിയാഴ്ചയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഈ സമ്പ്രദായം 1950കളുടെ അവസാനത്തോടെയാണ് വരുന്നത്. 1960 ൽ പുറത്തിറങ്ങിയ മുഗൾ ഇ അസമാണ് വെള്ളിയാഴ്ച ഇറങ്ങിയ ആദ്യചിത്രം. ഈ സിനിമ വമ്പൻ വിജയമായി. ഇതോടെ വെള്ളിയാഴ്ച സിനിമയുടെ ഭാഗ്യ ദിനവുമായി.

തുടക്കത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡായിരുന്നു. ഇന്നത്തെ മുംബൈയായ പഴയ ബോംബെയായിരുന്നു തട്ടകം. അക്കാലത്ത് മുംബൈയിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പല സ്ഥാപനങ്ങളും നേരത്തേ പൂട്ടുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയിൽ ടെലിവിഷൻ അത്ര വ്യാപകമായിരുന്നില്ല. ആളുകൾക്ക് മറ്റു വിനോദോപാധികളൊന്നും ഉണ്ടായിരുന്നുമില്ല. അതിനാൽ വെള്ളിയാഴ്ച റിലീസ് കൂടുതൽ ഗുണം ചെയ്യുമെന്ന് സിനിമാക്കാർ വിശ്വസിച്ചു. വെള്ളിക്ക പിന്നാലെ ശനിയും ഞായറും ആളുകൾ തിയേറ്ററിലെത്തി. കുടുംബ സദസ്സുകൾ സിനിമ കാണാൻ സജീവമാകുന്നത് ഈ ദിവസങ്ങളിലാണ്.

ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിക്ക് വിശേഷപ്പെട്ട ദിവസമാണ് വെള്ളി. അതിനാൽ വെള്ളിയാഴ്ച തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്താൽ കൂടുതൽ പണവും അനുഗ്രഹവും ഉണ്ടാകുമെന്ന് വിശ്വസിച്ച നിർമ്മാതാക്കളും കുറവായിരുന്നില്ല. ഫ്രൈഡേ റിലീസിന് വാണിജ്യപരമായി മറ്റൊരു കാരണം കൂടിയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ മൾട്ടിപ്ലക്‌സ് തിയേറ്ററുകൾക്ക് നിർമ്മാതാക്കൾ കൂടുതൽ ചാർജ് നൽകേണ്ടിവരും. അതുകൊണ്ടാണ് ഫ്രൈഡേ റിലീസ് ഇപ്പോഴും തുടരുന്നത്.