ദോഹ. സാർവ്വലൗകികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് മുഴുവൻ മനുഷ്യരുടേയും വിമോചനത്തിനായുള്ള പോരാട്ടത്തിലെ ഇബ്‌റാഹീം പാത സർഗ്ഗാത്മകമായ സംവാദമായിരുന്നുവെന്നും സംവാദം സംവേദന മാദ്ധ്യമമാക്കണമെന്നാണ് ഹജ്ജ് നൽകുന്ന സുപ്രധാനമായ സന്ദേശമെന്നും ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. മീഡിയ പഌ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇബ്‌റാഹീം പ്രവാചകൻ ആരംഭിച്ച ഹജ്ജ് സാർവ്വ ലൗകികതയുടെ സന്ദേശമാണ്. ഹജ്ജിന് ഉദ്ധേശിക്കുന്നവർ ഹാജിയാണ്. ഹാജ്ജ എന്ന് വാക്കിന്റെ അർത്ഥം പോലും സംവാദം എന്നാണ്. ഹാജി എന്നാൽ സംവദിക്കാൻ സാധിക്കുന്നവൻ എന്ന് കൂടിയാണ്. കാലത്തോട്, ലോകത്തോട്, സമൂഹത്തോട്, കുടുംബത്തോട്, തന്നോട് നിരന്തരം ദൈവത്തിന് വേണ്ടി സർഗ്ഗാത്മക സംവാദം നടത്താൻ കഴിവുള്ളവനാവുക കൂടിയാണ് ഹജ്ജിലൂടെ. ആശയ വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടേയും സമകാലിക പരിസരത്തിൽ പ്രവാചകൻ ഇബ്‌റാഹീമിന്റെ സർഗാത്മകമായ സംവാദ സംസ്‌കാരത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേദങ്ങൾ മനുഷ്യർക്കുള്ളത്, പ്രവാചകന്മാർ മനുഷ്യർക്കുള്ളത്, ആരാധാനലയങ്ങൾ മനുഷ്യർക്കുള്ളത്. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കൊടും വിഷം വിമിക്കുന്നവർ തിമിർത്താടുന്ന ഫാസിസത്തിന്റെ അസുരകാലത്ത് പുഞ്ചിരിയോടെ സുഖവും ദുഃഖവും കരുതിവെപ്പില്ലാതെ പങ്ക് വെക്കാൻ കഴിയുന്ന സാമൂഹിക സാഹചര്യം ബോധപൂർവ്വം വളർത്തേണ്ടതുണ്ട്. ബലി പെരുന്നാളിലൂടെ സർഗാത്മക സംവാദത്തിനുള്ള സകലവാതിലുകളും നമുക്ക് തുറന്ന് വെക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.