വിയന്ന: ചങ്ങനാശേരി പ്രദേശത്തുനിന്നു വിയന്നയിൽ താമസിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി യൂണിറ്റിലെ (എഫ്ഒസി വിയന്ന) കുടുംബങ്ങൾ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ചടങ്ങിൽ, അകാലത്തിൽ വേർപിരിഞ്ഞ റോസമ്മ പാറുകണ്ണിലിന് അനുശോചനം രേഖപ്പെടുത്തി സിറിയക് ചെറുകാട് പ്രാർത്ഥനാഗാനം ആലപിച്ചു. ഫാ. തോമസ് മണലിൽ ക്രിസ്മസ് സന്ദേശം നൽകി. എഫ്ഒസി പ്രസിഡന്റും പരിപാടികളുടെ അവതാരകനുമായിരുന്ന തോമസ് പാത്തിക്കൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ക്രിസ്മസ് പാപ്പയുടെ വരവ് സദസിനെ ശരിക്കും ഉണർത്തി. റെജി എറണാകേരിൽ ക്രിസ്മസ് പാപ്പയായി അവതരിച്ച് സദസിനെ ആഘോഷസാഗരത്തിലാക്കി.

ഒരേ സമയം സംഗീത സാന്ദ്രവും ആവേശഭരിതവുമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് പുതുവർഷ സംഗമം. ഷിബി നാല്പതാംകളം, സിറിയക് ചെറുകാട് എന്നിവരുടെ ഗാനങ്ങളും ഗ്ലോറി പാത്തിക്കലും ഇസബെല്ലും ചേർന്ന് ഗിത്താറും വയലിനുമായി അവതരിപ്പിച്ച ക്രിസ്മസ് കരോളും ഏറെ ശ്രദ്ധേയമായി. സെക്രട്ടറി ടോമിച്ചൻ പാറുകണ്ണിൽ സംഘടനയുടെ ധനശേഖരാണാർഥം നടത്തിയ സർക്കസ് ലേലം മികച്ച പ്രതികരണം സൃഷ്ടിച്ചു.

എഫ്ഒസി കൂട്ടായ്മയിലേയ്ക്ക് ചേക്കേറിയ നവമിഥുനങ്ങളെ സ്വാഗതം ചെയ്യുന്ന ചടങ്ങും ആഘോഷത്തിന്റെ ഭാഗമായി. ഒപ്പം സംഘടനയിൽ നിന്നും പരീക്ഷകൾ വിജയിച്ചവരെയും ജന്മദിനം ആഘോഷിച്ചവരെയും ജോലി സ്ഥലങ്ങളിൽ സ്ഥാന കയറ്റം ലഭിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. അംഗങ്ങൾ തന്നെ വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ക്രിസ്മസ് വിരുന്ന് ആഘോഷത്തെ ആസ്വാദ്യമാക്കുകയും കൂട്ടായ്മയുടെ സൗഹൃദത്തിന്റെ അനുഭൂതി പകരുകയും ചെയ്തു. ടോമിച്ചൻ പാറുകണ്ണിലിന്റെ കൃതജ്ഞതയോടെ ആഘോഷപരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോബി ആന്റണി