പെയർലാന്റ്(ഹൂസ്റ്റൺ): ഹൂസ്റ്റണിലെ പ്രമുഖ മലയാളി കമ്മ്യൂണിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പെയർലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വൈവിദ്ധ്യമാർന്ന പരിപാടികളോടെ അവിസ്മരണീയമാക്കി മാറ്റുവാൻ അണിയറയിൽ പ്രവർത്തനമാരംഭിച്ചു.

സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9.30 മുതൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിന്റെ ഹാളിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.

ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾക്കതീതമായി മലയാളികൾ നെഞ്ചിലേറ്റിയ സ്വന്തം ഉത്സവമായ ഓണം പ്രവാസി മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. മലയാളി മനസിൽ സ്‌നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകൾ കാത്തിരിപ്പിന്റെ സാഫല്യത്തിന്റെ ദിനങ്ങളാണ്. മലയാളതനിമ ഒട്ടും കൈവിടാതെ, വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിക്കൊണ്ട് ഈ വർഷത്തെ ആഘോഷ പരിപാടികൾ കെങ്കേമമാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.

പെയർലാന്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും, സുഹൃത്തുക്കളെയും ഈ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.

സന്തോഷ് ഐപ്പ്(പ്രസിഡന്റ്)-832 964 8016
ഏബ്രഹാം തോമസ്(ബിജു- സെക്രട്ടറി)- 832 631 0045
ജോഷി മാത്യു(ട്രഷറർ)-832 859 9542