ഹൂസ്റ്റൺ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെയും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനമാചരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു കേരളത്തിൽ തിരുവല്ല ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലെ പ്രദേശങ്ങളിലെ അംഗങ്ങൾക്കായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ സ്‌പോൺസർ ചെയ്ത 400ൽ പരം വൈറ്റ് കെയ്നുകളും വിതരണം ചെയ്തു.

കാഴ്ച പരിമിതമായവരുടെ സ്വതന്ത്ര സഞ്ചാരത്തിനുള്ള ഒരു ഉപാധിയാണ് വൈറ്റ് കെയിൻ. വൈറ്റ് കെയിൻ ഉപയോഗം അന്താരാഷ്ട തലത്തിൽ അംഗീകരിക്കുകയും നിയമ പരിരക്ഷ ലഭിക്കുകയും ചെയ്ത ഒക്ടോബർ 15 അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനമായി ആചരിച്ചു വരുന്നു,

ഒക്ടോബർ 7നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോട്ടയത്തുള്ള ബാങ്ക് എംപ്ലോയീസ് ഹാളിൽ വച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

കേരളം ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (കെ.എഫ്.ബി) സംസ്ഥാന പ്രസിഡണ്ട് കെ. ജെ. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഈശോ ജേക്കബ് കെയിനുകളുടെ വിതരണം ഉൽഘാടനം ചെയ്തു.

കോട്ടയം പ്രസ് ക്ലബ് പ്രസിഡണ്ട് സാനു ജോർജ് 'പ്രകൃതി ദുരന്തങ്ങളിൽ ഭിന്നശേഷിക്കാർക്കു കൈത്താങ്ങായി മാധ്യമങ്ങൾ' എന്ന വിക്ഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

കേരളത്തിലെ കാഴ്ചപരിമിതി അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി 1967ൽ സ്ഥാപിതമായ കെ.എഫ്.ബി യുടെ ഭാരവാഹികൾ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെ സംഭാവനയേയും പ്രവർത്തനങ്ങളേയും മുക്തകണ്ഠം പ്രശംസിച്ചു.