ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ അഭിമുഖ്യത്തിൽ നടന്ന ഈ വർഷത്തെ ഓണസംഗമം വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 16ന് ശനിയാഴ്ച 'പാം ഇന്ത്യാ റെസ്റ്റോറന്റിൽ' വച്ച് നടന്ന ഓണകൂട്ടായ്മ ഹാർവി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി ആഘോഷിച്ചുകൊണ്ട് വ്യത്യസ്തത പുലർത്തി. ഗൃഹാതുരത്യ സ്മരണകൾ ഉണർത്തി കേരളത്തനിമയാർന്ന ഓണവിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ഹൃദ്യവും ഏതൊരു മലയാളിയുടെയും രുചിയോർമ്മകളെ ഉണർത്തുന്നതുമായിരുന്നു.

കേരളീയ ശൈലിയിൽ ഓണക്കോടികൾ ധരിച്ചുകൊണ്ട് തിരുവല്ലക്കാർ ഈ ഓണസത്കർമ്മത്തിൽ അണിനിരന്നപ്പോൾ സംഗമത്തിന് ഒരു പ്രത്യേകത യുണ്ടായിരുന്നു. തങ്ങളുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും കൊണ്ട് ഹൂസ്റ്റണിലെ 3 വൈദികർ ഈ ഓണക്കൂട്ടായ്മയെ ധന്യമാക്കി. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അസോസിയേറ്റ് വികാരി റവ.ഏബ്രഹാം വർഗീസ് മുഖ്യ ഓണസന്ദേശം നൽകി മലയാളികളെ ജാതി മത ഭേദമെന്യേ ഒരുമിച്ച് അണിനിരത്തുന്ന ദേശീയ ഉത്സവമായ ഓണം പഴയകാല സ്മരണകളുടെ, ഹൃഹാതുരത്യ ചിന്തകളുടെ ഓർമ്മപ്പെടുത്തലാണ്. ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ, മുസ്ലീമോ എന്ന വ്യത്യാസം ഉണ്ടാകാതെ മനുഷ്യർക്ക് നന്മ മാത്രം വിഭാവന ചെയ്തിരുന്ന ഓണ സ്മൃതികൾ, നമ്മുടെ നാട്ടിൽ ഇന്നും നാളെയും ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ ആദരിക്കുന്നതിനും നന്മചെയ്യുന്നതിനും നമുക്ക് കഴിയണമെന്നു അച്ചൻ ഓണസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

റവ.ഏബ്രഹാം തോട്ടത്തിൽ തന്റെ ഹൃദ്യമായ സന്ദേശത്തോടൊപ്പം തിരുവല്ലയെ വർണ്ണിച്ചുകൊണ്ട് എഴുതിയവതരിപ്പിച്ച കവിത വേറിട്ട ഓർമ്മകൾ ഉണർത്തി. കേരളീയരായ രണ്ടും മൂന്നും തലമുറക്കാരോടൊപ്പം ഓണമാഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് റവ.മാമ്മൻ വർക്കി സൂചിപ്പിച്ചു.തിരുവല്ലാക്കാരനും പ്രശസ്ത മലയാള സിനിമാ സംവിധായകനുമായ 'ബ്ലെസി' സ്‌ക്കൈപ്പിൽ കൂടി ഓണാശംസ നേർന്നത് പുത്തൻ അനുഭവമായിരുന്നു. ബിജു ജോർജ്ജ്, ഡോ. അന്നാ ഫിലിപ്പ് എന്നിവർ ശ്രുതിമധുരമായ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് റോബിൻ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ഉമ്മൻ തോമസ് നന്ദിയും അറിയിച്ചു