- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞ് അസ്ഥി പോലും പൊടിഞ്ഞുപോയ ഒരാളെ കുറിച്ചാണല്ലോ പറയുന്നത്; ഇങ്ങനെ പറയുമ്പോൾ വേദനയുണ്ട്; അക്രമത്തിന് ഒന്നും നിൽക്കുന്ന ആളല്ലായിരുന്നു; കെഎസ് യു നേതാവായിരിക്കെ ഫ്രാൻസിസ് പിണറായിയെ തല്ലിയെന്ന കെ.സുധാകരന്റെ ആരോപണം തള്ളി കുടുംബം; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്ത് മുൻ കെഎസ് യു നേതാവ് ഫ്രാൻസിസ് പിണറായി വിജയനെ തല്ലിയെന്ന കെ.സുധാകരന്റെ ആരോപണത്തെ തള്ളി കുടുംബം രംഗത്തെത്തി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടിയും മകൻ ജോബിയും പ്രതികരിച്ചത്. കെ സുധാകരൻ മാപ്പ് പറയണമെന്നും പറയാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മേരിക്കുട്ടി അറിയിച്ചു.
മരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞ ഒരാളെപ്പറ്റി ഇങ്ങനെയെല്ലാം പറയുമ്പോൾ വേദനയുണ്ടെന്നും മേരിക്കുട്ടി പറഞ്ഞു. 'അസ്ഥി പോലും പൊടിഞ്ഞുപോയ ഓരാളെപ്പറ്റിയാണല്ലോ ഇങ്ങനെ പറയുന്നത്. അതിനൊന്നും നിൽക്കുന്നയാളല്ലായിരുന്നു. അത്രയും നല്ല മനുഷ്യനായിരുന്നു' മേരിക്കുട്ടി പറഞ്ഞു.
പിതാവ് ഫ്രാൻസിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ മകൻ ജോബിയും തള്ളിക്കളഞ്ഞു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരൻ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മകൻ ജോബി പറഞ്ഞു.
ജോബി പറഞ്ഞത്: 'എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്, 24 മണിക്കൂറും കൈയിൽ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു തുടങ്ങിയ പരാമർശങ്ങൾ കെ സുധാകരൻ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000ൽ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരൻ പരമാർശങ്ങൾ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്സിറ്റി വോളിബോൾ പ്ലയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയിൽ നിന്ന് പിന്മാറി സുധാകരൻ പിൻവലിച്ച് മാപ്പ് പറണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കൂടുതൽ കാര്യങ്ങൾ ആവശ്യമെങ്കിൽ പിന്നീട് പറയും.''
അതേസമയം, പിണറായി വിജയനെ ബ്രണ്ണൻ കോളേജിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പിൽ മാധ്യമപ്രവർത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അഭിമുഖത്തിൽ വന്നതെല്ലാം താൻ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. മനോരമ ലേഖകനായ കെഎസ്.യുക്കാരനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നു ലേഖകൻ ചെയ്ത ചതിയാണ് സംഭവിച്ചതന്നും സുധാകരൻ പറഞ്ഞു.
കെ സുധാകരൻ പറഞ്ഞത്: 'വാർത്ത കൊടുക്കാൻ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ വാർത്ത നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഉയർന്ന് വന്നതാണ്. കെഎസ്.യു പ്രവർത്തകനായിരുന്ന മാധ്യമപ്രവർത്തകൻ, ബ്രണ്ണൻ കോളേജിൽ ഇങ്ങനെയൊരു സംഭവം നടന്നോ, എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ആ വാർത്ത വേണ്ട. ശരിയല്ലെന്ന്. എന്നാൽ തനിക്ക് അറിയാനാണ്. താൻ പഴയ കെഎസ്യുവാണ് എന്നെല്ലാം പറഞ്ഞപ്പോൾ, ഞാൻ അവൻ ഇങ്ങോട്ട് പറഞ്ഞത് തിരുത്തി അങ്ങോട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. പക്ഷെ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. സ്വകാര്യം സംഭാഷണമായിരുന്നു. അത് പത്രത്തിൽ വന്നത് എന്റെ കുറ്റമല്ല. മാധ്യമരംഗത്തെ പ്രവർത്തനത്തിന്റെ ദോഷമാണ്. കുറ്റമാണ്. അതിന് ഉത്തരം നൽകേണ്ടത് മാധ്യമപ്രവർത്തകരാണ്. ശരിക്കും സംഭവിച്ചത് പറയാൻ എനിക്ക് താൽപര്യമില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ പിടിക്കാൻ മാത്രമുള്ള ആരോഗ്യമൊന്നും അന്നേ പിണറായിക്കില്ല. നിങ്ങൾ നാട്ടുകാരോട് ഒന്ന് അന്വേഷിക്ക്. അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾക്ക് ഫയൽമാനായി തോന്നിയെങ്കിൽ അങ്ങനെ ആയിക്കോട്ടെ. വിഷയത്തിൽ മനോരമയെ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്.''
തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ബ്രണ്ണൻ കോളേജിലെ സഹപാഠികളിൽ ഒരാളെങ്കിലും, ഈ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരൻ ചോദിച്ചു. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
''നിങ്ങളുടെ സർക്കാർ, നിങ്ങളുടെ പൊലീസ്. എന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജൻസിക്കും അന്വേഷിക്കാം. മണൽമാഫിയ ബന്ധം അന്വേഷിക്കാൻ സർക്കാർ തയ്യാറാണോ'' എന്നും സുധാകരൻ ചോദിക്കുന്നു.
പിണറായി വിജയനെ കേരളത്തിലെ കൊച്ച് കുട്ടികൾ പോലും വിശ്വസിക്കില്ലെന്നും സുധാകരൻ പറഞ്ഞു. അപാരമായ തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളത്. നാല് വർഷം താൻ ഭരിച്ച വകുപ്പിൽ പല സുപ്രധാനന ചുമതലകൾ ഉൾപ്പെടെ വഹിച്ച് കൂടെ ഉണ്ടായിരുന്ന സ്വപ്ന സരേഷിനെ അറിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയനെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് പിണറായി വിജയൻ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം. അതാവശ്യപ്പെടുകയാണ്. മാഫിയ ബന്ധം തനിക്കല്ല, ബാഗിൽ വെടിയുണ്ട കൊണ്ട് നടന്ന പിണറായി വിജയനാണെന്നും സുധാകരൻ ആരോപിച്ചു. എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്. തോക്കുമായി നടക്കുന്ന, വെടിയുണ്ടയായി നടക്കുന്ന പിണറായിയാണോ തോക്ക് ഉപയോഗിക്കാത്ത ഞാനാണോ മാഫിയ എന്നും അദ്ദേഹം ചോദിക്കുന്നു. വെടിയുണ്ട കണ്ടെടുത്തപ്പോൾ മാനനഷ്ടക്കേസ് കൊടുത്തു, അതിന് നേരിട്ട തിരിച്ചടി പിണറായിക്ക് ഓർമ്മയില്ലേ എന്നും സുധാകരൻ പറഞ്ഞു.
തന്നെ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരൻ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലൻ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താൻ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാൻസിസും പിണറായിയും തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഫ്രാൻസിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിർത്തിയത്. മമ്പറം ദിവാകരൻ പാർട്ടിക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങളും സുധാകരൻ നിഷേധിച്ചു. 'ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയൻ വിവരം പൊലീസിൽ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാൻസറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാർത്ഥിക്കെന്ത് ഫിനാൻസർ. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാൾക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസിൽ പരാതി കൊടുത്തില്ല.. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കൾക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാൽ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കുന്ന പ്രതികരണമല്ല പിണറായി വിജയൻ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വ്യക്തിപരമായ ബഹുമാനിക്കും. പിണറായി വിജയൻ അന്തസിന് അനുസരിച്ച് പ്രതികരിക്കണം.'
മറുനാടന് മലയാളി ബ്യൂറോ