പാമ്പ് തവളയെ വിഴുങ്ങുന്നതിൽ അസ്വാഭാവികയൊന്നുമില്ല. എന്നാൽ, തവളകൾ പാമ്പിനെ വിഴുങ്ങുമ്പോഴോ? ഒരു വലിയ പച്ചത്തവള പാമ്പിനെ വിഴുങ്ങുന്നതും മരണവെപ്രാളത്തിൽ പാമ്പുപിടയുന്നതുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവമെന്നും പാമ്പിനെ വിഴുങ്ങുന്നത് ഓസ്‌ട്രേലിയൻ പച്ചമരത്തവളയാണെന്നും വിദഗ്ദ്ധർ പറയുന്നു.

തവളയുടെ വായിലകപ്പെട്ട പാമ്പ് പ്രാണനുവേണ്ടി പിടയുന്നതും അത് വാ പിളർന്ന് കരയുന്നതുമാണ് ഈ ദൃശ്യത്തിലുള്ളത്. വർഷങ്ങൾ പഴക്കമുള്ള ദൃശ്യമാണിത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പലരും പിന്നീട് ഉപയോഗിച്ചിട്ടുമുണ്ട്. നടൻ കീനു റീവ്‌സ് തവളയുടെ പിളർന്ന വായിലിരിക്കുന്നതുപോലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കാർട്ടൂണുകളും ഡൊണാൾഡ് ട്രംപിനെ പരിഹസിക്കുന്ന ചിത്രങ്ങളും വരെയുണ്ടായി.

അടുത്തിടെ ഒരു റെഡിറ്റ് യൂസർ വീണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ദൃശ്യം വീണ്ടും വൈറലായത്. ഇതിനുശേഷം വൻതോതിലാണ് ദൃശ്യം ഷെയർ ചെയ്യപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപ്പെട്ട പാമ്പാണിതെന്നും 2016 നവംബറിലാണ് ദൃശ്യം ചിത്രീകരിച്ചതെന്നും അവകാശപ്പെട്ട് ഗൂഗിൾ പ്ലസ്സിൽ ഒരാളെത്തിയിരുന്നു.

കടുത്ത വിഷമുള്ള പാമ്പാണ് ബ്രൗൺ സ്‌നേക്ക്. പാമ്പിന്റെ കടിയേറ്റിട്ടുണ്ടെങ്കിലും തവള അതിനെ അതിജീവിച്ചുവെന്ന് ഈ ദൃശ്യത്തിൽ വ്യക്തമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 12 സെന്റീമീറ്റർവരെ വലിപ്പംവയ്ക്കുന്ന വിഭാഗമാണ് ഓസ്‌ട്രേലിയൻ പച്ചമരത്തവള. ഈസ്‌റ്റേൺ ബ്രൗൺ പാമ്പുകളുടെ ശരാശരി നീളം ഒന്നര മീറ്ററും. ചെറിയ പാമ്പിനെയാണ് തവള അകത്താക്കിയതെന്നാണ് കരുതുന്നത്.