- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് എംപിമാരും രണ്ട് മുറികളും; ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും നാം വളർന്നിരിക്കുന്നു; ബീഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ നാം വിജയിച്ചു'; ബീഹാർ വിജയത്തിൽ നന്ദി പറയുമ്പോൾ പാർട്ടിയുടെ വളർച്ചയുടെ ചരിത്രം ഓർമ്മിപ്പിച്ച് മോദിയുടെ വൈകാരിക പ്രസംഗം
ന്യൂഡൽഹി: 84ലെ വെറും രണ്ടുസീറ്റിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം പിടിക്കത്തക്ക രീതിയിലുള്ള ബിജെപിയുടെ വളർച്ച അതിശയകരമായിരുന്നു. ഇന്ന് ബിജെപിക്കാർപോലും മറന്ന ആ സംഭവം ഓർമ്മിപ്പിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിൽ ബീഹാറിലെ ജനങ്ങൾക്ക് നന്ദി പറയുമ്പോഴാണ് മോദി ബിജെപിയുടെ വളർച്ചയുടെ ഘട്ടങ്ങൾ ഓർമ്മിപ്പിച്ചത്. . ബിഹാർ തിരഞ്ഞെടുപ്പിലെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെയും വിജയം ആഘോഷിക്കാൻ ബിജെപി മുഖ്യ ആസ്ഥാനത്തു ചേർന്ന അനുമോദന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടു മാത്രമല്ല, ജനാധിപത്യത്തിന്റെ ആഘോഷത്തിൽ അവരെല്ലാം പങ്കാളികളായതു കൊണ്ടുമാണ്. ഈ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ആത്മാർഥമായി സഹകരിച്ച എല്ലാ എൻഡിഎ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിക്കുന്നു. വിജയത്തിനു ചുക്കാൻ പിടിച്ച ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയേയും അഭിനന്ദിക്കുന്നു. എങ്ങനെ ഇതു സാധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് നമുക്ക് അതിന്റെ ഉത്തരം കണ്ടെത്താം.രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ മാത്രമേ രാജ്യസേവനം ഏൽപ്പിക്കുകയുള്ളൂവെന്ന് ജനങ്ങൾ വീണ്ടും വീണ്ടും വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്.
കുടുംബാധിപത്യമുള്ള പാർട്ടികൾ ജനാധിപത്യത്തിനു ഭീഷണിയാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കും പ്രധാന വിഷയം. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം ഇവ മൂന്നുമാണ് ബിഹാർ തിരഞ്ഞെടുപ്പിന്റെ വിജയരഹസ്യം.ബിഹാറിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയം. ജനതാ കർഫ്യൂ മുതൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കോവിഡിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരോ ജീവനും ഇന്ത്യയുടെ വിജയകഥയുടെ ഭാഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വികസനം മാത്രമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ജനങ്ങൾ കാണിച്ചു തന്നിരിക്കുന്നു.
ലോകത്തിലേക്കുംവച്ച് സമാനതകളില്ലാത്ത തിരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടന്നത്. ഈ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനും ഒരു വൻ വിജയമാക്കാനും സഹായിച്ച ഒര വ്യക്തിയേയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അഭിനന്ദിക്കുന്നു.പോളിങ് ബൂത്തുകൾ പിടിച്ചെടുത്തു, ആക്രമണങ്ങൾ അരങ്ങേറി തുടങ്ങിയ വാർത്തകൾ കേൾക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വോട്ടുകളുടെ റെക്കോർഡ് എണ്ണത്തെ കുറിച്ചും സ്ത്രീ വോട്ടർമാർ പുരുഷ വോട്ടർമാരെ മറികടന്നതിനെ കുറിച്ചും സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചുമാണ് നിങ്ങൾ വാർത്തകളിൽ കേൾക്കുന്നത്. ഇതു തന്നെ ഇന്ത്യ എത്രമാതം വികസിച്ചു എന്നത് വിളിച്ചുപറയുന്നു.
ബിഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ ഞങ്ങൾ വിജയിച്ചു. ബിജെപി എല്ലായിടത്തും വിജയിച്ചു. ഇന്ത്യയിലെ ജനങ്ങളുമായ ദേശീയപരമായി ബന്ധമുള്ള പാർട്ടി ബിജെപി മാത്രമാണ്. രണ്ട് എംപിമാരിൽനിന്നും രണ്ടു മുറികളിൽനിന്നും ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും ബിജെപി വളർന്നിരിക്കുന്നു.' - മോദി ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്