ന്തുകൊണ്ടാണു നടി ഭാവനയെ ഏറെക്കാലമായി മലയാള സിനിമയിൽ സജീവമായി കാണാത്തത്. അന്യഭാഷയിലെ തിരക്കാണോ കാരണം. ഈ ചോദ്യത്തിനിതാ ഭാവന തന്നെ നേരിട്ടു മറുപടി പറയുന്നു.

മലയാള സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്കു വിലക്കുണ്ടെന്നാണ് ഭാവന പറയുന്നത്. മലയാളത്തിലെ ഒരു മുൻ നിര നടനാണ് ഇതിനു പിന്നിലെന്നു ഡെക്കാൺ ക്രോണിക്കിളിനു നൽകിയ അഭിമുഖത്തിൽ ഭാവന പറയുന്നു.

മലയാളത്തിൽ മൂന്ന് വർഷത്തോളമായി അത്രത്തോളം സജീവമല്ല ഭാവന. ഭാവനയ്ക്ക് അവസരം കുറഞ്ഞതിനു പിന്നിൽ ചിലരുണ്ടെന്ന വാർത്ത ഗോസിപ്പു കോളങ്ങൾ ആഘോഷിച്ചിരുന്നു. അന്യഭാഷാ സിനിമകളുടെ തിരക്ക് മൂലം ഭാവന മലയാളത്തിൽ ചിത്രങ്ങളുടെ എണ്ണം കുറച്ചതാണെന്നായിരുന്നു മറ്റൊരു അഭിപ്രായം.

എന്നാൽ കേട്ടത് വെറും ഗോസിപ്പല്ല. സത്യമാണെന്നാണു ഭാവന പറയുന്നത്. ഒരിക്കൽ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യർത്ഥിച്ചു. കുടുംബപ്രശ്‌നങ്ങളാൽ അവർ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു സ്ത്രീ എന്ന നിലയിൽ ഇത്തരം അവസ്ഥകളിലൂടെ ഭാവിയിൽ എനിക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതിനാൽ ഞാൻ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളിൽ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട് എന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. പക്ഷേ എന്റെ മന:സാക്ഷി പറഞ്ഞതനുസരിച്ചാണ് അന്ന് തീരുമാനമെടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അഭിമുഖത്തിൽ ഭാവന പറഞ്ഞു.

പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി എന്നും ഭാവന വ്യക്തമാക്കി. പല ചിത്രങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ നിന്ന് അകന്നുനിൽക്കുന്നതായി തോന്നുന്നില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി വർഷം രണ്ട് ചിത്രങ്ങൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. എണ്ണം വർധിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമില്ല. ഈ വർഷവും ഞാൻ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. എന്റെ ഡിമാന്റുകൾ അംഗീകരിക്കുന്ന സംവിധായകരുടെ സിനിമകൾ മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളുവെന്നും ഭാവന പറയുന്നു.

ഏറ്റവുമൊടുവിൽ ഭാവനയുടേതായി പുറത്തിറങ്ങിയത് വിനയ് ഗോവിന്ദിന്റ കോഹിനൂറായിരുന്നു. എന്നാൽ ചിത്രത്തിൽ അതിഥിതാരമായാണ് ഭാവന എത്തിയത്. മിയയ്‌ക്കൊപ്പം നായികാവേഷത്തിലെത്തുന്ന ഹലോ നമസ്‌തേ, ആസിഫിനൊപ്പം തന്നെയെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രങ്ങൾ.