കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുന്നണികൾ 50 ശതമാനം സീറ്റുകളെങ്കിലും സ്ത്രീകൾക്ക് നൽകണമായിരുന്നു എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വിജയസാദ്ധ്യതാ വാദമുയർത്തി മുന്നണികൾ സ്ത്രീകളെ തഴയുകയാണെന്നും ഇടത് മുന്നണിയും കൂടുതൽ സ്ത്രീകളെ പരിഗണിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധമറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.രാഷ്ട്രീയമായി ലതിക എതിർചേരിയിലാണെങ്കിലും സ്ത്രീകളുടെ പൊതുവായ അവകാശ പ്രശ്‌നങ്ങളിലെല്ലാം തങ്ങൾ ഒരുമിച്ച് നിൽക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ സീറ്റ് കോൺഗ്രസ് സ്ത്രീകൾക്ക് കൊടുത്തിട്ടില്ല. കഴിഞ്ഞ തവണ നിയമസഭയിൽ അവർക്ക് സ്ത്രീകളാരുമുണ്ടായിരുന്നില്ല.

അസംബ്ലി ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണയം വരുമ്പോൾ പല രീതിയിലുള്ള പരിഗണനകളും വരാറുണ്ട്. മഹിളാ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ എന്ന നിലയിൽ തുല്യ പ്രാതിനിധ്യം വേണം എന്ന ആവശ്യമാണ് തങ്ങൾക്ക് ഉന്നയിക്കാനുള്ളത്. മന്ത്രി കെകെ ശൈലജ പറഞ്ഞു.