മസ്‌ക്കറ്റ്: റംസാൻ മാസത്തിൽ പച്ചക്കറി, പഴവർഗങ്ങളുടെ വില നിയന്ത്രണത്തിലാണെന്ന് പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) വ്യക്തമാക്കി. റംസാൻ മാസത്തിലെ തിരക്ക് കണക്കിലെടുത്ത് പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും കച്ചവടക്കാർ അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പിഎസിപി ഡെപ്യൂട്ടി ഡയറക്ടർ ഉമർ ഫൈസൽ അൽ ജഹ്ദാമി വ്യക്തമാക്കി.

രാവിലെ ആറു മുതൽ 11 വരെ ഒരു ടീമും 11 മുതൽ വൈകുന്നേരം നാലു വരെ മറ്റൊരു ടീമും ഇതിനായി മാർക്കറ്റുകളിലുണ്ട്. റംസാൻ മാസം എത്തുന്നതിന് മുമ്പു തന്നെ ഇവയുടെ വില കച്ചവടക്കാർ വർധിപ്പിച്ചിരുന്നു. നിലവിൽ വില നിയന്ത്രണവിധേയമാണെന്നും പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി വിപണിയിൽ എത്തിയതിനാൽ വില അനിയന്ത്രിതമായി കുതിക്കുകയില്ലെന്നും പിഎസിപി വെളിപ്പെടുത്തുന്നു.

പ്രാദേശിക വിപണിയിൽ ഇറക്കുമതി ചെയ്തും ധാരാളം പച്ചക്കറികളും പഴവർഗങ്ങളും മാർക്കറ്റിൽ എത്തുന്നുണ്ടെന്നും നിയമം തെറ്റിച്ച് ആരെങ്കിലും വില വർധിപ്പിച്ചാൽ അവർക്കെതിരേ നടപടിയുണ്ടാകുമെന്നും അൽ ജഹ്ദാമി ചൂണ്ടിക്കാട്ടി. കൂടാതെ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ, കേടായവ, നിലവാരം കുറഞ്ഞവ തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കും.