തിരുവനന്തപുരം: സ്ത്രീകൾ എന്തുചെയ്താലും സൈബർ ലോകത്ത് അതിനെ മോശമായി മാത്രം ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് പണികൊടുക്കാൻ ഒരു ഫേസ്‌ബുക്ക് പേജ്. സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു (എസ്എഫ്എം) എന്ന പേരിൽ ആരംഭിച്ച ഈ പേജിന് ഇതിനകംതന്നെ 12,000ലേറെ ലൈക്ക് ലഭിച്ചിട്ടുണ്ട്.

സൈബർ ഇടത്തിൽ ഒളിഞ്ഞും തെളിഞ്ഞും പെൺപിള്ളാരെ അധിക്ഷേപിക്കാൻ ഇറങ്ങുന്നവർക്കു തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം എസ്എഫ്എം പേജ് ആരംഭിച്ചത്. ഇത്തരക്കാരെ പരസ്യ വിചാരണ ചെയ്യാൻ അവസരമൊരുക്കുകയാണ് എസ്എഫ്എം പേജ്.

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കു നേരെ അശ്‌ളീല പ്രയോഗങ്ങളും ദ്വയാർഥത്തിലുള്ള ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്എഫ്എം രൂപംകൊണ്ടത്. അഞ്ചു കൂട്ടുകാരുടെ ചിന്തയിൽ ഉദിച്ച ഈ ആശയത്തിന് തെരഞ്ഞെടുത്തതും സോഷ്യൽ മീഡിയയെത്തന്നെ.

വനിതകൾക്കെതിരെ അസഭ്യ കമന്റുകൾ നടത്തുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്നവരുടെ പ്രൊഫൈൽ ലിങ്ക് അടക്കം പേജിൽ പരസ്യപ്പെടുത്തിയാണ് എസ്എഫ്എം പണികൊടുക്കുന്നത്. അപമാനിക്കുന്നവരുടെ കമന്റുകൾ സ്‌ക്രീൻ ഷോട്ട് എടുത്ത് എസ്എഫ്എമ്മിനെ അറിയിച്ചാൽ ബാക്കി അവർ നോക്കിക്കൊള്ളും.

ധാർമികതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന ഏതൊരാളും ഒന്നു സൂക്ഷിച്ചാൽ നന്നെന്നാണ് പേജ് അഡ്‌മിൻ മുന്നറിയിപ്പു നൽകുന്നത്. മണിക്കൂറിൽ ഒന്ന് എന്ന തോതിൽ എങ്കിലും ഒരു പെണ്ണിന് ലൈംഗിക ചുവയുള്ള കമന്റുകൾ നേരിടേണ്ടി വരുന്നു എന്ന അവസ്ഥ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്നാണ് പേജ് മേൽനോട്ടക്കാർ പറയുന്നത്.

പേരുകൾ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് ചിലർ ഇതിനകം മാപ്പ് ചോദിച്ചതായും തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന് അപേക്ഷിച്ചതായും അവർ അറിയിച്ചു. ഓൺലൈൻ മേഖലകളിൽ സദാചാര ഗുണ്ടായിസവും സ്ത്രീ വിരുദ്ധ അശ്ലീല ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നവർക്കെതിരെയുള്ള കൂട്ടായ്മയാണ് ഈ പേജ്. സ്ത്രീൾക്ക് നേരെ മാത്രമല്ല, സദാചാരത്തിന്റെ പേരിൽ നടത്തുന്ന എല്ലാ ഓൺലൈൻ ഗുണ്ടായിസത്തെയും ഇവർ ചോദ്യം ചെയ്യുന്നുണ്ട്. നവംബറിലാണ് പേജ് ആരംഭിച്ചത്. സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ഓൺലൈനിൽ നടക്കുന്ന എല്ലാ വൃത്തികേടുകളും തുറന്ന് കാട്ടുകയാണ് എസ്എഫ്എം. സ്ത്രീകൾക്കെതിരായ അക്രമണങ്ങളും അസഭ്യവർഷങ്ങളും ചെറുക്കുക എന്ന ലക്ഷ്യത്തോടെ 2014 നവംബറിൽ ആരംഭിച്ച ഈ കമ്മ്യൂണിറ്റി ഇതിനോടകം തന്നെ ദേശീയ മാദ്ധ്യമങ്ങളിൽ പോലും വാർത്തയായിക്കഴിഞ്ഞു.