- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധം; 12 സിനിമാക്കാർ ദേശീയ അവാർഡ് തിരിച്ചുനൽകി; പൂണെയിലെ വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്ക് സമരത്തിന് താൽക്കാലിക അന്ത്യം; പ്രതിഷേധം തുടരും
മുംബൈ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ 140 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ, 12 സിനിമാപ്രവർത്തകർ ദേശീയ അവാർഡ് തിരിച്ചുനൽകി അവർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചു നടന്ന സമരമാണ് താൽക്കാലികമായി പിൻവലിക്കപ്പെട്ടത്. സ
മുംബൈ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ 140 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ, 12 സിനിമാപ്രവർത്തകർ ദേശീയ അവാർഡ് തിരിച്ചുനൽകി അവർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചു നടന്ന സമരമാണ് താൽക്കാലികമായി പിൻവലിക്കപ്പെട്ടത്. സമരത്തോടുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കും രാജ്യമെമ്പാടും തുടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കുമാണ് ദേശീയ അവാർഡ് തിരികെ നൽകിയത്.
ഗജേന്ദ്ര ചൗഹാന്റെ നിയമനം തടയാനായില്ലെങ്കിലും, തൽക്കാലം പഠിപ്പുമുടക്ക് സമരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, ഇത് കീഴടങ്ങലല്ല. ആവുംവിധം പ്രതിഷേധം അറിയിച്ചുകൊണ്ടേയിരിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അനർഹരെ രാഷ്ട്രീയത്തിന്റെ മറവിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിലിൽ നിയമിക്കുന്നതിനെതിരെയും ബിജെപി നേതാവ് ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതിനും എതിരെ ജൂൺ 12-നാണ് സമരം ആരംഭിച്ചത്. പഠിപ്പ് മുടക്ക് അവസാനിപ്പിച്ചെങ്കിലും പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായാണ് സിനിമാക്കാരുടെ അവാർഡ് തിരിച്ചു നൽകൽ.
സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ദിബാകർ ബാനർജി, ആനന്ദ് പട്‌വർധൻ, പരേഷ് കംദാർ, നിഷ്ത ജയിൻ, കീർത്തി നഖ്വ, ഹർഷവർധൻ കുൽക്കർണി, ഹരി നായർ, രാകേഷ് ശർമ, ഇന്ദ്രനീൽ ലാഹിരി, ലിപിക സിങ് ദരായ് എന്നിവരാണ് അവാർഡ് തിരിച്ചുനൽകാൻ തീരുമാനിച്ചത്. നേരത്തെ, ഇൻസ്റ്റിറ്റ്യൂട്ട് പൂർവ വിദ്യാർത്ഥികളായ വിക്രാന്ത് പവാർ, പ്രാത്വിക് വത്സ എന്നിവരും പുരസ്‌കാരം തിരിച്ചേൽപ്പിച്ചിരുന്നു.
മുംബൈയിൽ വിളിച്ചുചേർന്ന പത്രസമ്മേളനത്തിലാണ് സിനിമാ പ്രവർത്തകർ പുരസ്‌കാരം തിരിച്ചുനൽകുന്നുവെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാർ പുരസ്‌കാരം തിരിച്ചേൽപ്പിച്ചിരുന്നു. അതേ മാതൃകയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പുരസ്‌കാരം തിരികെ നൽകുന്നവരിൽ മലയാളി ഛായാഗ്രാഹകൻ ഹരിനായരും ഉൾപ്പെടുന്നു. സ്വം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നീ സിനിമകളുടെ ഛായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്രഅവാർഡ് ജേതാവ് കൂടിയാണ് ഹരി. മറ്റു ചിലരും വൈകാതെ സമാനമായി രംഗത്തെത്തുമെന്നും ഇവർ സൂചന നൽകി.
എഴുത്തുകാരായ ഡോ. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി എന്നിവരെ വർഗീയ ശക്തികൾ കൊലപ്പെടുത്തി. പുനെയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയും കേന്ദ്രം അതേ നിലപാട് തുടരുകയും ചെയ്തു. വിശ്വാസത്തിന്റെയും അഭിപ്രായത്തിന്റെയും പേരിൽ ജനങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശക്തികളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് പുരസ്‌കാരങ്ങൾ തിരിച്ചുനൽകുന്നതെന്ന് അവർ പറഞ്ഞു. ദിനേന വർദ്ധിക്കുന്ന അസഹിഷ്ണുതയിലും പ്രതിഷേധിച്ചാണ് ഇത്.
കുറച്ച് നാളായി ഇതിനെകുറിച്ച് ചിന്തിക്കുന്നുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. അതോടൊപ്പം, അക്രമവും കാവിവത്ക്കരണവും വളരുകയാണ്. ഇതിന്റെ ഫലമായ തല്ലിക്കൊലകളിൽ പോലും ഭരണകൂടം നിശബ്ദത പാലിക്കുന്നു ആനന്ദ് പട്‌വർദ്ധൻ പറഞ്ഞു. ബോംബെ ഔർ സിറ്റി, രാം കേ നാം തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച സ്വർണ്ണമെഡലുകളും സർട്ടിഫിക്കറ്റുകളും തിരികെ നൽകുമെന്ന് അദ്ദേഹം പറയുന്നു.
ചലച്ചിത്രകാരന്മാർ പ്രധാനമന്ത്രിക്കയച്ച പ്രതിഷേധ കത്തിൽ കൊല്ലപ്പെട്ട എഴുത്തുകാരെയും യുക്തിവാദികളെയും പരാമർശിക്കുന്നുണ്ട്. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്വന്തം വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കുമായാണ് ഇവരൊക്കെ മരിച്ചുവീണതെന്നും കത്തിൽ പറയുന്നു. ഇതിനൊന്നും എതിരെ ഔദ്യോഗിക അപലപിക്കൽ പോലുമുണ്ടാകാത്ത നിശബ്ദതയെ ഞങ്ങൾ ചോദ്യം ചെയ്യുന്നെന്നാണ് ഇവർ പ്രതിഷേധ കത്തിൽ പറയുന്നു.