ദുബായ്: അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചുകൊണ്ട് ഊർജമന്ത്രാലയം പ്രസ്താവനയിറക്കി. പെട്രോളിന് നേരിയ വില വർധനയും ഡീസലിന് വിലക്കുറവുമാണ് ഉണ്ടാകുക. പെട്രോൾ സൂപ്പർ 98ന് 1.75 ദിർഹമാണ് പുതിയ നിരക്ക്. ഈ മാസം 1.73 ദിർഹമായിരുന്നതിൽ നിന്നാണ് 1.75 ദിർഹമായി ഉയർന്നിട്ടുള്ളത്. 

സ്‌പെഷ്യൽ 95 ലിറ്ററിന് 1.64 ദിർഹവും ഇ പ്ലസിന് (91 ഒക്ടേൻ) 1.57 ദിർഹവുമാണ് പുതുക്കിയ നിരക്കുകൾ. ഈ മാസം 1.55 ദിർഹമായിരുന്നതാണ് 1.29 ശതമാനം വർധിച്ച് 1.57 ദിർഹമായിരിക്കുന്നത്.

ഡീസലിന് നാല് ഫിൽസ് ആണ് വില കുറയുന്നത്. ഈ മാസം 1.76 ദിർഹമായിരുന്നത് സെപ്റ്റംബറിൽ 1.72 ദിർഹമായി കുറയും. ഗ്ലോബൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ 30 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ബാരലിന് 50 ഡോളർ എന്ന നിരക്കിലാണ് എണ്ണവില. ഈ വർഷം ജനുവരിയിലാണ് എണ്ണ വില 13 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞത്. ബാരലിന് 26 ഡോളർ എന്ന നിലയിലേക്ക് വില താഴ്ന്നിരുന്നു.

2015 ജൂലൈയിലാണ് യുഎഇ ഊർജ മന്ത്രാലയം സബ്‌സിഡി നിരക്കിൽ പെട്രോളും ഡീസലും നൽകാനുള്ള തീരുമാനം പിൻവലിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിച്ച ശേഷമാണ് വിൽപന നടത്തുന്നത്.