ഡബ്ലിൻ: വാഹന ഉടമകൾക്ക് ഏറെ ആശ്വാസം പകർന്നു കൊണ്ട് ഇന്ധന വിലയിൽ വീണ്ടും ഇടിവു രേഖപ്പെടുത്തി. തുടർച്ചയായി മൂന്നാം മാസവും രാജ്യമെമ്പാടും ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ലിറ്റർ പെട്രോളിന് ശരാശരി വില 127.5 സെന്റ് ആയിട്ടുണ്ട്. ഇത്തവണ 3.8 സെന്റാണ് വില ഇടിഞ്ഞത്. ഡീസൽ വിലയിലും 2.3 സെന്റ് ഇടിഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതാണ് അയർലണ്ടിലും ഇന്ധന വിലയിൽ ഇടിവ് നേരിടാൻ കാരണമായത്. ജൂലൈ മധ്യത്തിൽ 49 യൂറോ ആയിരുന്ന വില ഇപ്പോൾ 45.54 യൂറോ ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലക്ക് പെട്രോൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാമത് ഡബ്ലിൻ നാലിലെ 290 മെറിയോൺ റോഡിലെ ടെക്‌സാകോയിലാണ്. ലിറ്ററിന് ഇവിടെ 119.9 സെന്റാണ് വില.

രണ്ടാമത് ഡബ്ലിൻ 8ലെ അഷേഴ്‌സ് ക്വേയിലെ എസ്സോയാണ്. ലിറ്ററിന് 121.7 സെന്റ് വിലയാണ് ഇവിടെ ഈടാക്കപ്പെടുന്നത്. ഹരോൾഡ് ക്രോസ് റോഡിലെ മാക്‌സോളിലും ഇതേ വിലയ്ക്കാണ് പെട്രോൾ നൽകുന്നത്. ഫോർച്ച്യൂൺടൗൺ റോഡിലെ ആപ്പിൾ ഗ്രീനിൽ ലിറ്ററിന് 121.8 സെന്റ് നിരക്കാണ് ഈടാക്കുന്നത്. അഞ്ചാമതായി കുറഞ്ഞ വില ഈടാക്കുന്നത് കിൽമെയിൻഹാമിലെ മൗണ്ട് ബ്രൗണിലുള്ള ഇമോയും, ബാലിഫോർമോണ്ടിലെ 286 കിലെമോർ റോഡിലെ ഗോയും ആണ്. ലിറ്ററിന് 121.9 സെന്റ് ആണ് ഇവർ ഈടാക്കുന്നത്. ഡീസൽ വില കുറവുള്ളതിൽ ടെക്‌സാകോ അഞ്ചാമതാണ്. ലിറ്ററിന് 109.7 സെന്റ് ആണ് നൽകിയിരിക്കുന്നത്. അഞ്ച് മേഖലയിൽ എങ്കിലും ഡീസൽ വില ലിറ്ററിന് 108.9 സെന്റിലും കുറവാണ്. ആപിൾ ഗ്രീനിൽ ഡീസൽ വില ലിറ്ററിന് 108.8 സെന്റ് ആണ്. മാക്‌സോളിൽ വില 108.7 സെന്റും എസോയിൽ 108.5 യൂറോയുമാണ് വില.