ഖത്തറിൽ പെട്രോൾ, ഡീസൽ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് നിശ്ചയിക്കുന്ന രീതി മെയ് ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധന സബ്‌സിഡി സമ്പ്രദായം ഇല്ലാതെയാകും.

ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ ചെയർമാൻ ശൈഖ് മിഷാൽ ബിൻ ജാബർ ആൽഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഊർജ, വ്യവസായ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലനിലവാരം താരതമ്യം ചെയ്ത് വില നിർണയിക്കുന്ന നടപടിയാണ് മെയ് ഒന്ന് മുതൽ രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതനുസരിച്ച് മെയ് ഒന്ന് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ച് മാറ്റമുണ്ടാവും. രാജ്യത്തെ ഊർജോപഭോഗം
കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാസാമാസം ഇന്ധനവിലയിൽ മാറ്റമുണ്ടാകത്തക്ക വിധത്തിൽ പുനക്രമീകരിക്കുന്നത്. ഫലത്തിൽ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധനസബ്‌സിഡി സമ്പ്രദായം ഇല്ലാതെയാകും.

നേരത്തെ യുഎഇയിൽ പരീക്ഷിച്ച് നടപ്പാക്കിയ സമ്പ്രദായമാണ് ഖത്തറും സ്വീകരിക്കുന്നത്. യുഎഇയിൽ ഇത് നടപ്പാക്കിയപ്പോൾ ആദ്യം ഇന്ധനവില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഖത്തറിലും പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധനവിലയിൽ വലിയ വർധനവ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഭാവിയിൽ വില വർധിച്ചേക്കാം. പുതിയ തീരുമാനം
നടപ്പാകുന്ന മേയിൽ പെട്രോൾ വിലയിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഊർജ, വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മേയിലെ ഇന്ധനവിലയനുസരിച്ച്
ഡീസൽ വിലയിൽ ലിറ്ററിന് 10 ദിർഹത്തിന്റെ കുറവുണ്ടാകും.