തിരുവനന്തപുരം: തന്റെ പുതിയ ചിത്രം ഫുക്രി ആദ്യ ദിവസങ്ങളിൽ റെക്കാഡ് കളക്ഷൻ നേടിയിട്ടും ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിത്രത്തെ മോശമെന്ന് വരുത്താൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ സിദ്ദിഖ്. 1.55 കോടി രൂപയാണ് ഫുക്രിയുടെ ആദ്യദിവസ കളക്ഷൻ. ജയസൂര്യ നായകനാകുന്ന ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അതുകൊണ്ടാണ് വ്യാജ പ്രചരണമെന്നാണ് സംവിധായകൻ പറയുന്നത്.

മലബാർ മേഖലയിലൽ ഇന്നലെയും എല്ലായിടത്തും ഹൗസ് ഫുള്ളായിരുന്നു. തിരക്കേറിയതു കാരണം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. ഇങ്ങനയൊക്കെ ആയിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നത്. ഞാൻ സംവിധാനം ചെയ്ത ബോഡിഗാർഡ്, ഭാസ്‌കർ ദ റാസ്‌കൽ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തപ്പോഴും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായി. ഒരു പത്രം കരുതികൂട്ടി നെഗറ്റീവ് റിവ്യൂ എഴുതി. എന്നിട്ടും ആ ചിത്രങ്ങൾ പ്രേക്ഷകർ വിജയിപ്പിച്ചു. അതു പോലെ തന്നെയാവും ഫുക്രിയും. ചിത്രം കണ്ട ഒരാളും മോശം അഭിപ്രായം പറഞ്ഞതായി അറിയില്ല- അദ്ദേഹം പറഞ്ഞു.

നർമ്മത്തിനൊപ്പം കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സത്യസന്ധതയും മതസൗഹാർദ്ദവും കൂട്ടിയിണക്കിയാണ് ഫുക്രി' ഒരുക്കിയിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.