വാക്‌സിനേഷനെക്കുറിച്ച് ആശങ്കാകുലരായ നിരവധി ആളുകൾക്ക് എത്രയും വേഗം ഡോസ് സ്വീകരിക്കുന്നതിനുള്ള പ്രചോദനം നൽകിക്കൊണ്ട് വാക്‌സിനേഷൻ നടത്തിയ ആളുകൾക്ക് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് അധിക സ്വാതന്ത്ര്യം നൽകുമെന്ന് അധികൃതർ അറിയിച്ചു.

പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുള്ള പൊതുജനങ്ങൾക്ക് ''ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് വാക്‌സിൻ പാസ്'' വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ട് ഡോസ് കോവിഡ് വാക്സിനും ലഭിച്ചവർ കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകിയതായി കണ്ടെത്തിയാലും കരുതൽ ക്വാറന്റൈനിൽ പോകേണ്ടെന്ന തരത്തിൽ നിയന്ത്രണം ഇളവ് ചെയ്യാുന്ന കാര്യവും പരിഗണിച്ചുവരുകയാണ്. രണ്ടാമത്തെ ഡോസും ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ ഇളവ് നൽകാനാണ് ആലോചന. ഇവർക്ക് മാസ്‌ക് വയ്ക്കുന്നത് ഒഴിവാക്കാനും സമിതി ആലോചിക്കുന്നുണ്ട്.

രണ്ട് ഡോസ് വാക്സിനും ലഭിച്ച രണ്ട് വ്യക്തികൾക്ക്, വീട്ടിനകത്തോ, പുറത്തോ വച്ച് ഒത്തുചേരുന്നതിന് തടസമില്ലെന്ന് സർക്കാർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. രാജ്യത്ത് മുഴുവനായി വാക്സിനേറ്റ് ചെയ്യപ്പെട്ട 270,000 പേരാണ് ഉള്ളതെന്നാണ് ഏറ്റവും പുതിയ കണക്ക്. നിലവിൽ കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായെന്ന് വ്യക്തമായാൽ ഇവരും 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണം. അല്ലെങ്കിൽ 10 ദിവസത്തിന് ശേഷം ചെയ്യുന്ന ടെസ്റ്റ് നെഗറ്റീവാകണം. പുതിയ നിർദ്ദേശം നടപ്പിലായാൽ, കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ മാത്രമേ ഇവർ ക്വാറന്റൈനിൽ പോകേണ്ടതുള്ളൂ.

അതേസമയം തിങ്ങളാഴ്ച മുതൽ സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസത്തിനിടെ, ദിവസേന 543 കേസ് എന്നത് 463 ആയി കുറഞ്ഞിട്ടുണ്ട്. 3.1% ആണ് പോസിറ്റിവിറ്റി നിരക്ക്.