ന്യൂയോർക്ക്: നാസ്സോ കൗണ്ടി  കംട്രോളർ ജോർജ്ജ് മറഗോസ് 2017 നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കൗൺഡി എക്‌സിക്ക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് പിൻതുണയുമായി കൗൺഡിയിലെ ഏതാനും മലയാളി സുഹൃത്തുക്കൾ ഫണ്ട്‌  റെയ്‌സിങ് ഡിന്നർ നടത്തി. കഴിഞ്ഞ ദിവസം ജെറീക്കോയിലുള്ള കോൺഡിലോൺ ഹോട്ടലിൽ നടത്തിയ ഡിന്നർ പരിപാടിക്ക് നാസ്സോ കൗൺഡി മൈനോറിറ്റി അഫയേഴ്‌സ് അഡൈ്വസറി കമ്മറ്റി അംഗവും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ ജോസ് ജേക്കബ് തെക്കേടം നേതൃത്വം നൽകി. വിവിധ മലയാളീ സംഘടനകളിലും ബിസിനസ് രംഗങ്ങളിലും പ്രവർത്തിക്കുന്ന ഏകദേശം അൻപതിൽപരം സുഹൃത്തുക്കൾ ജോർജ്ജ് മറഗോസിനുള്ള പിൻതുണ പ്രഖ്യാപിച്ച് നല്ല തുക ഇലക്ഷൻ ഫൺഡിലേക്ക് സംഭാവന ചെയ്തു.


നാസ്സോ കൗൺഡിയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ച് ശ്രദ്ധേയനായ കംട്രോളർ മറഗോസ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായിരുന്നെങ്കിലും പാർട്ടിയുടെ അഴിമതി ഭരണത്തിൽ മനം മടുത്ത് ഏതാനും മാസം മുമ്പ് ഡമോക്രാറ്റ് പാർട്ടിയിൽ ചേർന്ന് അംഗത്വമെടുത്തിരുന്നു. മലയാളി സമൂഹം ക്രമീകരിച്ച ഫൺഡ് റെയ്‌സിങ് ഡിന്നറിൽ സന്തുഷ്ടനായ മറഗോസ് മൈനോറിറ്റി കമ്മ്യൂണിറ്റിയിൽപെട്ട ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളി സമൂഹവും എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. കൗൺഡിയിലെ ജനസംഖ്യയിൽ മൈനോറിറ്റി സമൂഹം ഇപ്പോൾ 35 ശതമാനത്തിൽ അധികമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ വളർച്ച ഒരു ശതമാനത്തിൽ നിന്നും എട്ട് ശതമാനമായി. കൗൺഡിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാർക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകർക്കും സബ്- കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗൺഡി നിയമ സംഹിതയിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആൻഡ് വിമൻ-ഓൺഡ് ബിസിനസ്സ് എംപവർമെന്റ് (''MWBE")  പ്രോഗ്രാം. കൗൺഡി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗൺഡിയിലുള്ള എല്ലാ കരാർ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത് പണം നൽകുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.

പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗൺഡിയിലെ എല്ലാ കരാർ അടിസ്ഥാന ജോലികളെപ്പറ്റിയുള്ള വിവരങ്ങൾ ഇത്തരക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും കരാറുകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പക്കുന്നതിനും കംട്രോളർ ജോർജ് മറഗോസ് പ്രത്യേക താല്പര്യമെടുത്ത് രൂപീകരിച്ച ഉപദേശക സമിതിയിൽ മലയാളികളുടെ പ്രാധിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് ജോസ് ജേക്കബിനെ കമ്മറ്റി അംഗമായി നിയമിച്ചത്.



നാസ്സോ കൗൺഡിയിലുള്ള എല്ലാ സമൂഹത്തിന്റെയും ഉന്നമനത്തിനും നന്മക്കുമായി പ്രവർത്തിക്കണമെന്ന നല്ല ഉദ്ദേശത്തോടും ആഗ്രഹത്തോടും കൂടിയാണ് എക്‌സിക്ക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മറഗോസ് തീരുമാനിച്ചത്. കൗൺഡിയിൽ ഇപ്പോൾ നടക്കുന്ന അഴിമതിയും ധന ദുർവിനിയോഗവും നിർത്തലാക്കുന്നതിനും ജോലി സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും വിവിധ ബിസ്സിനസ്സ് സംരംഭങ്ങൾ വർദ്ധിപ്പിക്കുന്നതിനും പ്രോപ്പർട്ടി ടാക്‌സുകൾ ക്രമാനുഗതമായി കുറക്കുന്നതിനും ധാരാളം പദ്ധതികളാണ് തന്റെ മനസ്സിലുള്ളത്. തന്റെ എം.ബി.എ വിദ്യാഭ്യാസവും വിവിധ സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ കൺട്രോളറായ പ്രവത്തി പരിചയവും സ്വന്തമായി നടത്തിയിട്ടുള്ള ബിസിനസ്സിലെ വിജയവും അതിലുപരി കൗൺഡി കംട്രോളർ പദവിയിലുള്ള ഏഴു വർഷത്തെ പ്രവത്തി പരിചയവും പിൻതുണ ഉള്ളതിനാൽ കൗൺഡി എക്‌സിക്ക്യൂട്ടീവ് ആയാൽ ഈ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളതായി അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യ മേഖല മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ-ഗതാഗത-തൊഴിൽ മേഖലകളിൽ പുരോഗമനം വരുത്തിയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയും കൂടുതൽ അന്തേവാസികളെ നാസ്സോ കൗൺഡിയിലേക്ക് ആകർഷിക്കണമെന്നാണ് ആഗ്രഹം. കൗൺഡി എക്‌സിക്ക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ സമയ ബന്ധിതമായി ഇവയെല്ലാം നടപ്പിലാക്കുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മറഗോസ് പ്രസ്താവിച്ചു. അതിന് എല്ലാ മലയാളികളുടെയും പിൻതുണയും സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു. പാസ്റ്റർ ബെന്നി ജോസഫ്, ഡോ. തോമസ് മാത്യു, കോശിഉമ്മൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ജോസ് ജേക്കബ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.