അബുദാബി:യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകൾ വർധിപ്പിച്ചു. ഇടപാടുകൾക്ക് രണ്ട് ദിർഹം വരെ ചാർജ് വർധിപ്പിച്ചുകൊണ്ടാണ് ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്ഇആർജി) അംഗങ്ങളായ സ്ഥാപനങ്ങൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വന്നു. 1000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഒരു ദിർഹവും അതിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ദിർഹവുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

യുഎഇയിൽ മൊത്തം 140ഓളം എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളാണുള്ളത്. 2014 ജനുവരിയിലാണ് പണവിനിമയ സ്ഥാപനങ്ങൾ നേരത്തെ ഫീസ് വർധിപ്പിച്ചിരുന്നത്.

അബുദാബിയിലും ദുബായിലും ഷാർജയിലും പുതിയ നിരക്കുകൾ നിലവിൽ വന്നു കഴിഞ്ഞു. റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ മറ്റ് യുഎഇ എമിറേറ്റുകളിലും കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലുമുള്ള മണിഎക്‌സ്‌ചേഞ്ചുകളും താമസിയാതെ പുതിയ നിരക്ക് നടപ്പിലാക്കിയേക്കുമെന്നാണ് സൂചനകൾ.