തിരുവനന്തപുരം: വയലിനിൽ വിസ്മയം തീർത്ത സംഗീതത്തിന്റെ രാജകുമാരൻ ബാലഭാസ്‌ക്കറിന് നാട് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ബാലഭാസ്‌ക്കറിന്റെ ഫ്യൂഷൻ വീഡിയോ ആളുകൾ വീണ്ടും വീണ്ടും കാണുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാകുന്ന ഒന്നാണ് അന്തരിച്ച കലാകാരന്മാരായ കലാമണ്ഡലം ഹൈദരാലിയും ഗിറ്റാറിസ്റ്റ് പ്രകാശ് കൃഷ്ണനും ബാലഭാസ്‌ക്കറും ഒന്നിച്ച ഫ്യൂഷൻ വീഡിയോ.

ഇതിൽ സംഗീതത്തിൽ വിസ്മയം തീർത്ത മൂവരും മരിച്ചത് സമാന രീതിയിലാണ് എന്നതാണ് ഞെട്ടിക്കുന്ന സംഗതി. 2006 ജനുവരി അഞ്ചിന് തൃശ്ശൂർ-ഷൊർണൂർ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് പ്രസിദ്ധനായ കഥകളിഗായകനായിരുന്ന കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി തന്റെ പൂർവ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാർ തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ വച്ച് മണൽലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

കിളിമാനൂരിനടുത്ത് മുട്ടടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണൻ മരിച്ചത്. ഇദ്ദേഹം ഉൾപ്പടെയുള്ള ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം പലവട്ടം മലക്കം മറിഞ്ഞ അടുത്തുള്ള കുളത്തിൽ പതിക്കുകയായിരുന്നു. അടുത്തിടെ വാഹനാപകടത്തിൽ മരിച്ച ഗായിക ആതിരാ മുരളിയും അന്ന് വാഹനത്തിലുണ്ടായിരുന്നു. 2010 മാർച്ചിലായിരുന്നു അപകടമുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു.