ന്യൂഡൽഹി: സാമ്പത്തിക നേട്ടമുള്ള ഇരട്ട സ്ഥാനങ്ങൾ വഹിക്കുന്നതിനെ സാധൂകരിക്കുന്ന ബിൽ രാഷ്ട്രപതി തള്ളിയതോടെ 21 ആം ആദ്മി പാർട്ടി എംഎൽഎമാർ അയോഗ്യരാകുമെന്ന് സൂചന. കേന്ദ്ര സർക്കാരിന്റേയും പ്രധാനമന്ത്രി മോദിയുടേയും ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആപ്പ് ആരോപിക്കുന്നത്. 21 ആം ആദ്മി എംഎൽഎമാർക്കു നിയമസഭാംഗത്വം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി അടിയന്തരയോഗം വിളിച്ചുകൂട്ടിയിരുന്നു.

21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്ട്രപതി നിരസിച്ചതാണ് എംഎൽഎമാർക്ക് അയോഗ്യത സാഹചര്യം ഉണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ മാനിക്കുന്നില്ലെന്നും അദ്ദേഹത്തിന് എഎപിയെ ഭയമാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പാർലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 21 പേരും ആ പദവിയുടെ പേരിൽ ഒരു പൈസ പോലും പ്രതിഫലം പറ്റുന്നില്ല. സൗജന്യമായ സേവനമാണ് എല്ലാവരും നൽകുന്നത്.അപ്പോൾ അവരുടെ എംഎൽഎ സ്ഥാനം റദ്ദാക്കുന്നതിൽ എന്തു ന്യായമാണ്, കേജ്‌രിവാൾ ചോദിച്ചു. കേന്ദ്രസർക്കാരിന്റെ ശുപാർശ പ്രകാരമാണു രാഷ്ട്രപതിയുടെ തീരുമാനമെന്നു യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ കുറ്റപ്പെടുത്തി.

ഇരട്ട പദവി വഹിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതിന് ലഫ്റ്റനന്റ് ഗവർണറും രാഷ്ട്രപതിയും അനുമതി നൽകിയില്ല. ഈ സാഹചര്യത്തിൽ ഇരട്ടപ്പദവി അയോഗ്യതയായി കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ 21 എംഎൽഎമാർക്കും നോട്ടീസ് അയച്ചിരുന്നു. 70 അംഗങ്ങളുള്ള സഭയിൽ 67 പേരുടെ പിന്തുണയുള്ള എഎപി സർക്കാരിന് ഭരണനഷ്ടം ഭയക്കാനില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇരട്ട പദവി വഹിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കാട്ടി രാഷ്ട്രപതിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് ബില്ലിൽ ഒപ്പിടാൻ രാഷ്ട്രപതി വിസമ്മതിച്ചതെന്നാണ് വിവരം. ബിജെപിക്കാരാണ് ഇതിന് പിന്നിലെന്നാണ് ആംആദ്മിയുടെ നിലപാട്. അതിനിടെ ബിൽ മടക്കിയ രാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി നേതാക്കൾ അറിയിച്ചിട്ടുണ്ട്.

പാർലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന എംഎ‍ൽഎമാരെ അയോഗ്യരാക്കുന്നതിരെ ആം ആദ്മി സർക്കാർ ഭേദഗതി കൊണ്ട് വരികയായിരുന്നു. ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന് സമർപ്പിച്ച ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. എന്നാൽ തീരുമാനം വിവാദമാകുമെന്ന് കണ്ടതോടെ രാഷ്ട്രപതി അംഗീകരം നൽകാതെ മടക്കുകയായിരുന്നു. 2015ലാണ് 21 എംഎ‍ൽഎമാരെ പാർലമെന്ററി സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാൾ നിയമിക്കുന്നത്. അധികാര വികേന്ദ്രീകരണം നടപ്പാക്കാനുള്ള കെജ്രിവാളിന്റെ സുപ്രധാന നീക്കമാണ് പാളുന്നത്. കെജ്രിവാളിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾ രാഷ്ട്രപതി ഭവനെ സ്വാധീനിച്ചെന്ന പരോക്ഷ വിമർശനമാണ് ആപ്പ് ഉയർത്തുന്നത്.

2015 മാർച്ചിലാണ് ആം ആദ്മി പാർട്ടി എംഎ‍ൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കെജ്രിവാൾ സർക്കാർ നിയമിക്കുന്നത്. ഈ നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും എംഎ‍ൽഎമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം നൽകാനുള്ള അവസാന തീയതി 2016 മെയ് പത്തിന് അവസാനിച്ചിരുന്നു. 21 എംഎ‍ൽഎമാർ ഇരട്ടപദവി വഹിക്കുന്നതിന്റെ പേരിൽ ഒരു ബിജെപി പ്രവർത്തകനും രാഷ്ട്രപതിക്ക് പരാതി നൽകി. ഇതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണയിൽ എത്തിയിരുന്നു.

എംഎ‍ൽഎമാർ അയാഗ്യരാകുന്നത് തടയുന്നതിന് കെജ്രിവാൾ സർക്കാർ ബിൽ കൊണ്ടുവന്നിരുന്നു. അവസാന തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിയുടെ മുമ്പാകെ ബിൽ എത്തി. ഈ ബില്ലാണ് രാഷ്ട്രപതി മടക്കിയത്.