തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും നവകേരള മിഷൻ കോ ഓർഡിനേറ്ററുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ സീ ഡിറ്റിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാൻ സർക്കാർ തീരുമാനം. ബന്ധുനിയമനനെന്ന പേരിൽ വിവാദമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമിക്കുകയും പിന്നാലെ പുറത്താക്കുകയും ചെയ്തെങ്കിലും ജയരാജിനെ കൈവിടാൻ പിണറായി വിജയന് സാധിക്കില്ലെന്നതിന് തെളിവാണിത്. ഹൈക്കോടതിയിൽ നിയമനം സംബന്ധിച്ച കേസുള്ളതിനാൽ ഉപാധികളോടെ എന്ന വ്യവസ്ഥയിലാകും നിയമനം.

ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാകും ഡയറക്ടർ സ്ഥാനത്തു തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്ന ഉപാധിയോടെയാണു നിയമനം നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജയരാജിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചെങ്കിലും കോടതിയിൽ കേസ് വന്നതിനെ തുടർന്ന് ഒഴിവാകുകയായിരുന്നു. സി ഡിറ്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കേ ജയരാജിനെ രജിസ്ട്രായി സ്ഥാനക്കയറ്റം നൽകുകയും വിരമിച്ച ശേഷം ഇദ്ദേഹത്തെ ഡയറക്ടറായി നിയമിക്കുകയുമായിരുന്നു.

ഡയറക്ടറായി നിയമിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേസ് ഹൈക്കോടതിയിൽ എത്തിയതോടെ മൂന്നു മാസത്തിനു ശേഷം ഇദ്ദേഹത്തെ പുറത്താക്കി. തുടർന്ന് ഡയറക്ടറെ കണ്ടെത്താൻ വേണ്ടി സെർച്ച് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും വീണ്ടും അപേക്ഷകനായ ജയരാജ് സ്ഥാനത്തിന് യോഗ്യനെന്ന് സെർച്ച് കമ്മിറ്റി കണ്ടെത്തി. തുടർന്നാണ് ഉപാധികളോടെ നിയമിക്കാൻ മന്ത്രിസഭതീരുമാനിച്ചത്. എന്നാൽ ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ തയ്യാറാക്കിയത് ജയരാജ് രജിസ്ട്രായിരിക്കെയാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. മാസം ഒന്നര ലക്ഷം രൂപയും സർക്കാർ വാഹനവും ലഭിക്കും.

ഭാര്യ സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നവകേരള മിഷൻ കോ ഓർഡിനേറ്റർ സ്ഥാനവും 1.66 ലക്ഷവും നൽകിയതിന് പിന്നാലെയാണ് ജയരാജിനെയും തിരികി കയറ്റിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജയരാജിന്റെ നിയമനത്തിനെതിരെ സിഡിറ്റിലെ ഇടതുപക്ഷ യൂണിയനുകൾ രംഗത്തെത്തിയെങ്കിലും ജയരാജിനെ തൊടാൻ ആദ്യം സർക്കാർ തയ്യാറായില്ല. 'ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അന്ന താൻ ഈ സ്ഥാനത്തു തന്നെ ഉണ്ടാവുമെന്നുമെന്ന വെല്ലുവിളിയും ജയരാജ് സിഡിറ്റ് ജീവനക്കാരുടെ യോഗത്തിൽ പ്രസംഗിച്ചു. ഇതിന്റെ ശബ്ദ രേഖ പുറത്തായതും സർക്കാരിന് തിരിച്ചടിയായി.

പ്രസംഗത്തിലുടനീളം തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ജയരാജ് എടുത്തുപറഞ്ഞു. ടി.എൻ. സീമയുടെ ഭർത്താവ് ആയതുകൊണ്ടല്ല മറിച്ച് യോഗ്യതയുള്ളതുകൊണ്ടാണ് തന്നെ ഡയറക്ടറായി നിയമിച്ചത്. ഈ തീരുമാനത്തിൽ നിന്ന് മുഖ്യന്ത്രി പിൻവലിയില്ല. ഡയറക്ടറെ നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിക്ക് മറുപടി നൽകുമെന്നും ജയരാജൻ പ്രസംഗത്തിൽ ഉറപ്പിച്ചുപറഞ്ഞിരുന്നു. കോടതിയിൽ കേസ് എത്തിയതോടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ഹൈക്കോടതി ഒട്ടേറെ തവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറായില്ല.

ഒടുവിൽ 2020 മാർച്ച് 26നുള്ളിൽ ഫയൽ പൂർണമായും എത്തിക്കണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകി. ഈ ഫയൽ ഹൈക്കോടതി പഠിച്ചാൽ സർക്കാരിന് തിരിച്ചടിയാവുന്ന ഉത്തരവുണ്ടായേക്കും എന്ന് രഹസ്യ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ജയരാജിനെ കൈവിട്ടത്. 23ന് രാത്രി രാജി എഴുതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. 24ന് സ്ഥാനത്തു നിന്ന് മാറ്റുന്നതായ ഉത്തരവിറക്കുകയും ചെയ്തു. ഇതിനു പിന്നാലെ സിഡിറ്റ് ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിൽ താൻ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുന്നതായ കുറിപ്പും ജയരാജ് പോസ്റ്റ് ചെയ്തു.