തിരുവനന്തപുരം: ജനം ടിവി ചീഫ് എഡിറ്റർ പദവിയിൽ നിന്നും ജികെ സുരേഷ് ബാബുവിനെ മാറ്റി. ജികെ സുരേഷ് ബാബു ജനം ടിവിയിൽ നിന്നും വിരമിക്കുന്നുവെന്നാണ് ജീവനക്കാരോട് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. ആർഎസ്എസ് പിന്തുണയോടെ തുടങ്ങിയ ജനം ടിവിക്ക് തുടക്കത്തിൽ യാതൊരു വിധ സ്വാധീനവും ഉണ്ടാക്കാനായില്ല. ഇതിന് ശേഷമാണ് അമൃതാ ടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജികെ സുരേഷ് ബാബു ജനത്തിലേക്ക് എത്തിയത്. ഇതിന് ശേഷം ടെലിവിഷൻ റേറ്റിംഗിൽ ജനം ടിവി രണ്ടാമത് പോലുമെത്തിയ ആഴ്ചയുണ്ടായിരുന്നു.

ശബരിമല പ്രക്ഷോഭത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ചീഫ് എഡിറ്ററായിരുന്നു ജികെ. മറ്റ് ചാനലുകൾ നവോത്ഥാനത്തിന് വേണ്ടി നിലയുറപ്പിച്ചപ്പോൾ ഭക്തർക്കൊപ്പം നിന്ന നിലപാട് ജനം ടിവി എടുത്തു. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദ കാലത്ത് ഹരിവരാസനം പോലും തൽസമയം ജനം ടിവി നൽകി. ഇതോടെയാണ് പരിവാർ ചാനൽ കൂടുതലായി ജനങ്ങളിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാമത് എത്തിയ ആഴ്ചകളുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് പോലും വെല്ലുവിളി ഉയർത്തുന്ന തലത്തിലേക്ക് ശബരിമലയിലെ ജനം ടിവിയുടെ ഇടപെടൽ മാറി. ശബരിമല പ്രക്ഷോഭത്തിന് ശേഷവും ആദ്യ ആറ് മലയാളം ന്യൂസ് ചാനലുകളിൽ ഒന്നായി ജനം ടിവിയെ നിലകൊണ്ടുവെന്നതാണ് വസ്തുത. അതുകൊണ്ട് ജനം ടിവിക്ക് ജികെ സുരേഷ് ബാബുവിന്റെ മേൽനോട്ടം നല്ല കാലമായിരുന്നു.

ആർ എസ് എസിലൂടെ പൊതുരംഗത്ത് എത്തിയ സുരേഷ് ബാബു 80കളിൽ എബിവിപി ദേശീയ നേതൃത്വത്തിലും എത്തി. പി പരമേശ്വരന്റെ ശിഷ്യന്മാരിൽ ഒരാളായി അറിയപ്പെട്ട ജികെ സുരേഷ് ബാബു എബിവിപിയുടെ ദേശീയ എക്സിക്യൂട്ടീവിലും എത്തി. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിലുള്ള പല നേതാക്കളും ഈ സമിതിയിൽ അംഗമായിരുന്നു. പിന്നീട് രാഷ്ട്രീയം വിട്ട് പത്ര പ്രവർത്തകനായി. മാതൃഭൂമിയിൽ ആയിരുന്നു തുടക്കം. മാതൃഭൂമിയിൽ നിന്നാണ് അമൃതാ ടിവിയിൽ എത്തിയത്. ന്യൂസ് എഡിറ്ററായും എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവർത്തിച്ചു. അതിന് ശേഷം സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായി. ഈ പദവിയിൽ നിന്നാണ് ജനം ടിവിയിലേക്ക് എത്തിയത്. ശബരിമലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ജനത്തെ വളർത്തിയെങ്കിലും പരിവാറിലെ പ്രശ്നങ്ങൾ ജികെയ്ക്ക് പലപ്പോഴും തലവേദനയായിരുന്നു.

ഇത്തരം പ്രശ്നങ്ങളാണ് ജനം ടിവിയിൽ നിന്ന് ജികെ എന്നറിയപ്പെടുന്ന ജികെ സുരേഷ് ബാബുവിനെ നീക്കാനുള്ള കാരണം. ചാനലിൽ പലവിധ ആരോപണങ്ങൾ ജികെയ്ക്കെതിരെ എതിരാളികൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം പഴയ സംഘടനാ കരുത്തിൽ അതിജീവിച്ചു. അതിനിടെയാണ് നാടകീയമായി ചാനൽ മാനേജ്മെന്റ് ജികെയുടെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 15ന് ജികെ ചുമതലയിൽ നിന്നും വിരമിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ പരിവാറിലെ ചില കേന്ദ്രങ്ങൾ ജികെയെ പുറത്താക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതും ജനം ടിവിയിലെ ഭിന്നതയാണ് മാറ്റത്തിന് കാരണമെന്ന വസ്തുത ചർച്ചയാക്കുന്നു.

ഓഗ്സറ്റ് 15ന് ജികെ വിരമിക്കുമെന്നും ചാനലിന് അതിശക്തമായ അടിത്തറയുണ്ടാക്കിയ വ്യക്തിയാണെന്നും വിശദീകരണ കുറിപ്പിൽ മാനേജ്മെന്റ് വിശദീകരിക്കുന്നു. ജനം ടിവിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു. ദേശീയത മുറകെ പിടിച്ചു എന്നെല്ലാം ജീവനക്കാർക്കുള്ള അറിയിപ്പിൽ മാനേജ്മെന്റ് വിശദീകരിക്കുന്നു. സിഒഒ ഗിരീഷ് സി മേനോനാണ് പകരം ചുമതല നൽകിയിട്ടുള്ളത്. ജികെയ്ക്ക് പകരക്കാരനെ മാനേജ്മെന്റ് ഉടൻ കണ്ടെത്തുമെന്നും എംഡിയായ യുഎസ് കൃഷ്ണകുമാർ ഒപ്പിട്ട് ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറയുന്നു. ആരോഗ്യവും സന്തോഷവും സമാധാനവുമുള്ള വിരമിക്കൽ ജീവിതം ആശ്വസിക്കുന്നുവെന്നും വിശദീകരിക്കുന്നു.

ചില ലേഖനങ്ങളിലൂടെയും ജനം ടിവി ചീഫ് എഡിറ്ററായിരിക്കെ സുരേഷ് ബാബു ചർച്ചകളിൽ എത്തിയിരുന്നു. ഒരു സിനിമാ നടനെ കടന്നാക്രമിച്ചിട്ട പോസ്റ്റ് പരിവാറുകാർക്ക് പോലും ഇഷ്ടപ്പെട്ടില്ലെന്നതാണ് വസ്തുത. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയെ കേൾക്കണമെന്നും അവരുടെ വാക്കുകളെ വിശ്വസത്തിലെടുക്കണമെന്നും ആവശ്യപ്പെടുന്ന പൃഥ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പിന്നാലെയായിരുന്നു താരത്തിന്റെ പിതാവിനെയടക്കം പരാമർശിക്കുന്ന വിവാദ ലേഖനം ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. സുരേഷ് ബാബുവിന്റേതായിരുന്നു ലേഖനം.

പൃഥ്വിരാജിന്റെ കണ്ണീർ വീണ്ടും ജിഹാദികൾക്കു വേണ്ടി എന്ന തലക്കെട്ടിൽ ജികെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നായിരുന്നു അധിക്ഷേപം. രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോൾ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തിൽ പറഞ്ഞു. അതേസമയം, ചാനൽ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത വിവാദലേഖനം ജനം പിൻവലിക്കുകയും ചെയ്തു. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയിലും ജികെ സ്ഥിരമായി കോളം എഴുതാറുണ്ട്.