തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജി. കെ എന്ന രണ്ടക്ഷരം ഇനി ഓർമ്മ മാത്രം. ഇന്നലെ അന്തരിച്ച കേരളാ നിയമസഭയുടെ സ്പീക്കറും കോൺഗ്രസിലെ സമാരാധ്യനായ നേതാവുമായ ജി കാർത്തികേയനെ കേരളം സ്‌നേഹാദരണങ്ങളോടെ വിടനൽകി. അന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ അരുവിക്കരയിലും നിയമസഭയിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച ദൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാധാരണക്കാരിൽ സാധാരണക്കാരായവർ പോലും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം ക്യൂനിന്ന് എത്ത്. കോൺഗ്രസിലെ തലകുനിക്കാത്ത നേതാവിനെ അവസാന നോക്ക് കാണാൻ അണികളും ഒഴുകിയെത്തി. വൈകീട്ട് ഏഴ് മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. മൂത്ത മകൻ കെ എസ് അനന്തപത്മനാഭൻ ചിതയ്ക്ക് തീകൊളുത്തി.

തങ്ങളുടെ പ്രിയങ്കരനായ സ്പീക്കർക്ക് യാത്രമൊഴി നൽകാൻ മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളും അടക്കം നിരവധി പേർ എത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ എത്തിച്ച മൃതദേഹം ഇന്ന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിനും പൊതുദർശനത്തിനു വച്ചു. ഇവിടെ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഇവിടെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങൾ എത്തി. ഔദ്യോഗിക വസതയിൽ നിന്നും നിയമസഭയിലേക്ക് കാർത്തികേയന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മറ്റുസഹപ്രവർത്തകരും അനുഗമിച്ചു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ പികെ അബ്ദുറബ്ബ്, സി.എൻ ബാലകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മുൻ സ്പീക്കർമാർ, മുൻ അംഗങ്ങൾ, ജീവനക്കാർ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. സഭ പ്രക്ഷുബ്ധമാകുമ്പോൾ ചേംബറിനു ചുറ്റും വാച്ച് വാർഡ് അണിനിരക്കേണ്ടെന്ന റൂളിങ് നൽകിയ സ്പീക്കർക്ക് അവസാന സല്യൂട്ട് നൽകി.

ശേഷം 9.55 ന് ദർബാർ ഹാളിലെത്തിച്ച മൃതദേഹത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം ആദരാഞ്ജലി അർപ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരും പൊതുജനങ്ങളും അടങ്ങുന്ന വൻ ജനാവലി അന്ത്യോപചാരമർപ്പിക്കാനെത്തി. പൊലീസ് സേനയുടെ ഫ്യൂണറൽ ഗാർഡിന് ശേഷമാണ് മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കൊണ്ടു പോയത്. 11 മണിയോടെ ഇന്ദിര ഭവനിലെത്തിച്ച ഭൗതികശരീരത്തിൽ എംകെ ആന്റണി, വീരപ്പ മൊയ്‌ലി, മുകുൾ വാസ്‌നിക് മന്ത്രിമാർ എംഎൽമാർ പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ അന്ത്യോചാരം അർപ്പിച്ചു. അതിന് ശേഷം കാർത്തികേയന്റെ തട്ടകമായ ആര്യനാട്ടേക്ക് മൃതദേഹം കൊണ്ടുപോയി.

അവടെ ആര്യനാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വച്ചു. അവിടെയും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ കാർത്തികേയന് അന്തിമോപചാരം അർപ്പിക്കാനെത്തി. സിനിമാപ്രേമികൂടിയായ സ്പീക്കർക്ക് ആദരാജ്ഞലി അർപ്പിക്കാൻ സിനിമാരംഗത്തുള്ളവരും എത്തിയിരുന്നു. നടി മഞ്ജുവാര്യരും വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

 

വൈകിട്ട് 6.30തോടെ തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച ശേഷം പൂർണ്ണ സംസസ്ഥാന ബഹുമതികളോടെ ഔപചാരികമായി തന്നെ യാത്രയയപ്പ് നൽകി. പൊലീസ് ആചാരപരമായി ആകാശത്തേക്ക് വെടിപൊട്ടിച്ച് അദ്ദേഹത്തോടുള്ള ആദരവ് അറിയിച്ചു. തുടർന്നായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ.