- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുവരെ ഇവിടെ വോട്ടുവാങ്ങി ജയിച്ചത് രണ്ട് കൂട്ടരാണ്; ഞാൻ മൂന്നാമത്തെ കൂട്ടരാണ്; ഇത്തവണ ഒന്നു വോട്ട് ചെയ്ത് നോക്കൂ; ജയിച്ചാലും ഇല്ലങ്കിലും പാളയം മാർക്കറ്റിന് ശുചിമുറിയും ഉറപ്പ്; മനോരമയുടെ അട്ടിമറി പ്രവചനത്തിന്റെ ആവേശം പ്രകടം; നടന വേഷം അഴിച്ചു മാറ്റി കൃഷ്ണകുമാർ പ്രചരണ ചൂടിൽ; എല്ലാം ഹൈടെക്
തിരുവനന്തപുരം: '22 വർഷമായി ഇവിടെ വന്നിട്ട്. വീടിനു വേണ്ടി ഇത്രനാൾ അലഞ്ഞു. ആരും സഹായിച്ചില്ല. 4000 രൂപ വാടക കൊടുത്താണ് ഇപ്പോൾ കഴിയുന്നത്...'-ഇതാണ് വോട്ടറുടെ ആവശ്യം. 'ഇതുവരെ ഇവിടെ വോട്ടുവാങ്ങി ജയിച്ചത് രണ്ട് കൂട്ടരാണ്. ഞാൻ മൂന്നാമത്തെ കൂട്ടരാണ്. ഇത്തവണ ഒന്നു വോട്ട് ചെയ്ത് നോക്കൂ. കേന്ദ്രത്തിൽനിന്നും ഒരുപാട് ഫണ്ടുണ്ട്. ഇത്തവണ എനിക്ക് വോട്ട് ചെയ്യൂ. എംഎൽഎ ആയാൽ ശരിയാക്കാം' ഇതായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി. തിരുവനന്തപുരം മണ്ഡലത്തിലെ താര സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റേതാണ് ഈ ഉറപ്പ്. ഈ വീഡിയോ വൈറലാകുകയാണ്.
പാളയം മാർക്കറ്റിൽ എത്തിയപ്പോഴും മത്സ്യ വിൽപ്പന സ്ത്രീകൾ പരാതി പറഞ്ഞു. ബാത്ത് റൂം സഹായം ഇല്ലെന്നതായിരുന്നു പ്രധാന പ്രശ്നം. ജയിച്ചാലും തോറ്റാലും അത് ഞാൻ ചെയ്തിരിക്കും-ഇതായിരുന്നു ഉറപ്പ്. കോർപ്പറേറ്റ് സംവിധാനങ്ങളുമായാണ് കൃഷ്ണകുമാറിന്റെ പ്രചരണം. മനോരമ പ്രചവനത്തിൽ തിരുവനന്തപുരത്ത് ബിജെപി അട്ടിമറി പ്രവചിച്ചതോടെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറി. മൂന്ന് മുന്നണികളും തീവ്ര പ്രചാരണത്തിൽ. ഇത് തിരിച്ചറിഞ്ഞാണ് കൃഷ്ണകുമാറിന്റേയും വോട്ടഭ്യർത്ഥന.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ എംജി റോഡിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെ കോൾ സെന്ററിൽ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് പോലും സംവിധാനമുണ്ട്. എംജി റോഡിലുള്ള എൻഡിഎ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി ഓഫിസ് സർവ്വ സജ്ജമാണ്. വിവിധ ടീമുകൾക്ക് ഇരുന്ന് പ്രവർത്തിക്കാനായി പത്തോളം മുറികൾ, മീറ്റിങ് ഹാളിനു പുറമേ പ്രത്യേക കോൺഫറൻസ് ഹാൾ, സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വിശ്രമ മുറി. കംപ്യൂട്ടർ ടീമിനും സ്ഥിരം ഡിജിറ്റൽ മീഡിയ സെല്ലിനും പുറമേ പ്രത്യേക സോഷ്യൽ മീഡിയ ടീം, കോൾ സെന്റർ, പബ്ലിസിറ്റി ടീം എന്നിവയ്ക്ക് പ്രത്യേകം മുറികൾ.
ഓഫിസിന്റെ മൊത്തം സുരക്ഷയ്ക്ക് സെക്യൂരിറ്റി ജീവനക്കാരൻ, വിസിറ്റേഴ്സ് ബുക്ക്, റിസപ്ഷൻ. അമിത് ഷാ നിർദ്ദേശിക്കുന്ന മാനേജ്മെന്റ് രീതികളാണിതെന്ന് ഓഫിസ് ചുമതലയുള്ള ചെമ്പഴന്തി ഉദയനും ആർ.ഹരികൃഷ്ണനും. 5 ബൂത്തുകൾ ചേർന്നുള്ള 'ശക്തികേന്ദ്ര'ങ്ങളാണ് പ്രവർത്തനത്തിന്റെ അടിസ്ഥാനം. 43 ശക്തികേന്ദ്രളായി തിരിച്ചാണ് ഒരുക്കങ്ങൾ. ഇതിന്റെ ചുമതലയ്ക്ക് ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമായി 2 പേർ വീതമുണ്ട്. ഇതിനൊപ്പമാണ് ജനങ്ങളെ ചേർത്ത് നിർത്തിയുള്ള കൃഷ്ണകുമാറിന്റെ പ്രചരണവും.
നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് തിരുവനന്തപുരം. വൻ വട്ടിമറിയാണ് ഇക്കുറി മണ്ഡലത്തിൽ നടക്കുക എന്നാണ് മനോരമയുടെ പ്രവചനം. തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ൽ പുനഃസംഘടിപ്പിച്ച് തിരുവനന്തപുരം സെൻട്രൽ മണ്ഡലമായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുള്ളത് യുഡിഎഫ് ആണ്. 2011ൽ മത്സരിച്ച വി എസ് ശിവകുമാർ 49, 122 വോട്ടുകൾ നേടി 5352 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാമത് എത്തിയ ഇടത് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയ്ക്ക് 43770 വോട്ടും ബിജെപിയുടെ ബികെ ശേഖരിന് 11519 വോട്ടും ലഭിച്ചു. 2016ലും വി എസ് ശിവകുമാർ തന്നെയാണ് തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങിയത്. ശിവകുമാർ 10905ലേക്ക് ഭൂരിപക്ഷം ഉയർത്തി വിജയം നിലനിർത്തി. ഇടത് പക്ഷത്ത് നിന്ന് ആന്റണി രാജു 35569 വോട്ട് നേടി രണ്ടാമത് എത്തിയെങ്കിലും ഇടത് പക്ഷത്തിന് വോട്ട് കുറഞ്ഞു. എസ് ശ്രീശാന്ത് ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. ബിജെപി വോട്ട് 34764ലേക്ക് ഉയർത്തി.
ഇക്കുറി ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപി ഇവിടേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ നറുക്ക് വീണത് സിനിമാ താരം കൂടിയായ കൃഷ്ണ കുമാറിന് ആയിരുന്നു. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി തിരുവനന്തപുരം സീറ്റിൽ മുന്നേറ്റമുണ്ടാക്കും എന്നാണ് മനോരമ ന്യൂസ് സർവ്വേ പ്രവചിക്കുന്നത്. 32. 5 ശതമാനം വോട്ട് നേടി തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കും എന്നാണ് മനോരമ സർവ്വേ പ്രവചിക്കുന്നത്. അതേസമയം നേരിയ വോട്ട് വ്യത്യാസത്തിൽ ഇടതുപക്ഷം രണ്ടാമത് എത്തുമെന്നും സർവ്വേ പറയുന്നു 30. 4 ശതമാനം വോട്ടാണ് ഇടത് സ്ഥാനാർത്ഥിയായ ആന്റണി രാജു നേടുക. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആയ ശിവകുമാറിന് വൻ തിരിച്ചടി സർവ്വേ പ്രവചിക്കുന്നു.
25. 2 ശതമാനം വോട്ട് മാത്രം നേടി ശിവകുമാർ മണ്ഡലത്തിൽ എൽഡിഎഫിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് വീഴും എന്നാണ് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. മനോരമ സർവ്വേയിൽ ബിജെപി സംസ്ഥാനത്ത് മൂന്ന് സീറ്റ് നേടും എന്നാണ് പ്രവചനം. തിരുവനന്തപുരം സീറ്റ് കൂടാതെ മഞ്ചേശ്വരത്തും നേമത്തും ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കാൻ സാധ്യത ഉണ്ടെന്നാണ് മനോരമ സർവ്വേ പ്രവചിക്കുന്നത്.