ഡി ഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയുടെ അവതാരകനായ ജി പി എന്ന ഗോവിന്ദ് പത്മസൂര്യയാകും ഇത്തവണത്തെ വിഷുദിവസത്തിലെ ചാനൽ കൃഷ്ണന്മാരിൽ ശ്രദ്ധേയനാകുക. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ പല വേഷത്തിലും കോലത്തിലും ഇതിന് മുമ്പും ജി പി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇത്തവണ വിഷുദിനത്തിൽ അല്പം വ്യത്യസ്ത ലുക്കിരിക്കട്ടെ എന്നു കരുതിയാണ് കൃഷ്ണവേഷത്തിൽ ജി പി എത്തുന്നത്. വിഷുവിന് ഡി ഫോർ ഡാൻസ് സീസൺ ടു കണിയൊരുക്കുമ്പോൾ കൃഷ്ണനായിത്തന്നെ അവതരിക്കാമെന്ന ചിന്ത അങ്ങനെയാണ് രൂപം കൊള്ളുന്നത്.

അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ജി പി മാത്രമല്ല, നടൻ കൂടെയായ ജി പിക്കു കൂട്ടിന് വിധികർത്താക്കളിൽ ഒരാളായ നീരവ് ബവ്‌ലേച്ചയും ഇതേ രൂപത്തിൽ എത്തുമെന്നാണ് വിവരം. ശരീരം മുഴുവൻ നീല നിറം പൂശി എത്തുന്ന കൃഷ്ണന്റെ താടി മീശമാധവനിലെ ഹരിശ്രീ അശോകനെയും പ്രേക്ഷകരെ ഓർമിപ്പിച്ചേക്കാം. ഡി ഫോർ ഡാൻസ് സീസൺ രണ്ടിന്റെ വിഷു സ്‌പെഷ്യൽ എപ്പിസോഡ് ഈ കൗതുകക്കാഴ്ചയുമായാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.