കോട്ടയം: കോൺഗ്രസ് വിട്ടുവന്ന നേതാക്കൾക്ക് പ്രമുഖ സ്ഥാനങ്ങൾ നൽകി ബിജെപിയുടെ അംഗീകാരം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന അഡ്വ.ജി.രാമൻ നായർക്ക് പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനം. വനിതാ കമ്മീഷൻ മുൻ അംഗവും കോളേജ് അദ്ധ്യാപികയും, കവയിത്രിയുമായ പ്രമീള ദേവി സംസ്ഥാന സമിതിയംഗമായി. കോട്ടയത്ത് ശബരിമല സംരക്ഷണവും പ്രതിജഞയെടുക്കലും ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  രാമൻനായരെക്കൂടാതെ നിരവധി കെപിസിസി ഭാരവാഹികൾ പാർട്ടിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. അവരിൽ ചിലരുമായി ചർച്ച നടത്തുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പരിപാടിയിൽ വ്യക്തമാക്കി.

ഒന്നുമാഗ്രഹിക്കാതെ പാർട്ടിയിലേക്ക് വന്നവരാണ് രാമൻനായരും പ്രമീളാ ദേവിയുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അവർക്ക് അർഹമായ സ്ഥാനം നൽകേണ്ടതുണ്ട്. അതിനാൽ താൻ ജി.രാമൻനായരെ സംസ്ഥാന ഉപാദ്ധ്യക്ഷനായും പ്രമീളാ ദേവിയെ സംസ്ഥാന കമ്മിറ്റിയിലേക്കും താൻ നാമനിർദ്ദേശം ചെയ്യുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി. രാമൻ നായർ ഉൾപ്പെടെ അഞ്ചു പ്രമുഖരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് പാർട്ടി അംഗത്വമെടുത്തത്. ബിജെപി അധ്യക്ഷൻ അമിത്ഷാ ഇവരെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നൽകുമെന്ന് അമിത് ഷാ രാമൻ നായർക്ക് ഉറപ്പുനൽകിയിരുന്നു . ശബരിമല വിഷയം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് കോൺഗ്രസിൽ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തിൽ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകി.

ബിജെപിയിൽ താൻ ചേരുമെന്ന് ജി.രാമൻ നായർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി പത്തനംതിട്ടയിൽ നടത്തിയ യോഗം രാമൻ നായർ ഉദ്ഘാടനം ചെയ്തിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതോടെയാണ് രാമൻ നായർ പാർട്ടി വിടുമെന്ന് അറിയിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജി.രാമൻ നായർ. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും അവർ തന്നെ സ്വാഗതം ചെയ്തതായും രാമൻ നായർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് ഈ കാര്യത്തിൽ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കിൽ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമൻ നായർ പറഞ്ഞിരുന്നു.

ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ബിജെപിയുമായി മുമ്പ് തന്നെ സഹകരിച്ച് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. പ്രമീള ദേവി കോൺഗ്രസ് ഭരണകാലത്താണ് വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ചത്. എൻഎസ്എസ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക, കവി എന്നീ നിലകളിൽ ശ്രദ്ധേയയാണ്

 കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്താൻ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോംങ് മാർച്ച് വലിയ വിജയമായെന്നു നേതാക്കൾ അറിയിച്ചു. എൻഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ ദേശീയ അധ്യക്ഷൻ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിർദ്ദേശം. എസ്എൻഡിപിയെക്കൂടി ശബരിമല സമരത്തിൽ സജീവമായി പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും അമിത് ഷാ നൽകി.

മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സെൻകുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാർ വർമ്മ, നാരായണ വർമ്മ എന്നിവരും അമിത് ഷായെ കണ്ട് ചർച്ച നടത്തിയിരുന്നു.