- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി നളിനിക്ക് മാപ്പുകൊടുത്താലും തൃക്കാക്കരയിലെ വീട്ടമ്മമാർ കെ വി തോമസിനോട് പൊറുക്കില്ല; അവർക്കിന്നു അവരുടെ മാലാഖയാണ് ഉമാ തോമസ്; ബ്രൂട്ടസേ നീ തൃക്കാക്കരയിലുമോ ? മാധ്യമപ്രവർത്തകനായ ജി.ശക്തിധരൻ എഴുതുന്നു
ബ്രൂട്ടസേ നീ തൃക്കാക്കരയിലുമോ ?
ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം മാഞ്ഞുപോകാത്തതാണ്, റോമൻ സാമ്രാജ്യത്തിന്റെ എക്കാലത്തെയും ശക്തനായ സർവ്വസൈന്യാധിപനും സ്വേച്ഛാധിപതിയുമായിരുന്ന ജൂലിയസ് സീസറിന്റെ ജീവിതവസാനത്തെ രണ്ടു വാക്കുകൾ :' ബ്രൂട്ടസേ നീയും'. സീസറെ ചതിച്ചുകൊല്ലാൻ ബ്രൂട്ടസ് കൂറുമാറി കൊലയാളി സംഘത്തിൽ ചേർന്ന് തുടയിൽ കഠാര കയറ്റുന്നത് സീസർ കണ്ടപ്പോൾ അദ്ദേഹം നടുങ്ങിപ്പോയി. ആ രംഗം കണ്ടു നിൽക്കുന്നത് പോലെയാണ് മുഖ്യമന്ത്രി ഇന്നലെ തൃക്കാക്കരയിലെ വേദിയിൽ നിന്ന് ആമോദിച്ചു ചിരിച്ചത്.
തോമസ് ഒരു സഭയിൽ നിന്ന് പിടിച്ചു കൊടുത്ത ഡോ ജോ ജോസഫ് ജൂൺ രണ്ടാം തീയതി മറ്റൊരു സഭയിൽ നിന്ന് ഇറങ്ങിവരുമ്പോൾ പരവതാനി വിരിക്കുന്നത് സ്വപ്നം കണ്ടാണ് മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങി എത്തിയിരിക്കുന്നത്, അതും കൂടി മുഖ്യമന്ത്രി ആവേശത്തിമിർപ്പിൽ അവിടെ വെളിപ്പെടുത്തിയപ്പോൾ തോമസ് എന്ന വഞ്ചകന്റെ പരകായപ്രവേശം സമ്പൂർണ്ണമായി.
പൊതുഖജനാവിൽ നിന്നും ചില്ലിക്കാശെങ്കിലും പ്രതിഫലം നൽകുന്ന എന്തെങ്കിലും പദവി കെ വി തോമസ് എന്ന ബ്രൂട്ടസിനു എൽഡിഎഫ് സമ്മാനിച്ചാൽ പ്രജകൾ സംഘടിതമായി രംഗത്തിറങ്ങി അതിനെ തടയണം, 'വികസനം ' എന്ന പദത്തെ വ്യഭിചരിച്ചു നേടുന്നതാവും ഈ പദവി. സ്വന്തം പാർട്ടിയിൽ നിന്ന് എം പി പദവിയോ എം എൽ എ പദവിയോ ലഭിക്കുന്നില്ലെങ്കിൽ വിമതനായി രംഗപ്രവേശം ചെയ്ത് ഒറ്റുകാരന്റെ പണി ചെയ്ത് പ്രതിഫലം കീശയിലാക്കുന്ന നികൃഷ്ട രാഷ്ട്രീയത്തെ കേരളം വെറുക്കണം.
ദശാബ്ദങ്ങൾ സഹപ്രവർത്തകൻ ആയിരുന്ന പിടി തോമസിന്റെ അകാല മരണത്തോട് എന്തെങ്കിലും ആദരവ് ഉണ്ടായിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ അഞ്ചാം പത്തിയുടെ റോളിൽ തോമസ് മാഷ് വരില്ലായിരുന്നു. രാഷ്ട്രീയത്തിൽ വഞ്ചകരുണ്ടാകാം, ചതിയന്മാരുണ്ടാകാം. അതുക്കും മേലെയാണ് കെ വി തോമസ്. തനി യൂദാസ്!.തനിക്കുള്ള പദവികൾ, തനിക്ക് കിട്ടേണ്ട പ്രതിഫലം എന്നതിനപ്പുറം മറ്റൊന്നും കാണാനാകാത്ത രാഷ്ട്രീയക്കാരനാണ് തോമസ്.
കോൺഗ്രസിലെ എടുക്കാച്ചരക്കായി മാറിയതിന് ജനങ്ങളുടെ വികസന നായകനായി വേഷം കെട്ടുന്ന തോമസ് മാഷ് യഥാർത്ഥ വികസന വിദ്രോഹിയാണ്. ഇടതുപക്ഷ മന്ത്രിസഭയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയിൽ വികസനം നടപ്പിലാക്കുന്നതെന്ന് ഇപ്പോൾ അവകാശപ്പെടുന്ന തോമസ് മാഷിന് ഇന്ത്യയിൽ സമാന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചു തെരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ചപണം പോലും കിട്ടാത്ത രീതിയിൽ ജനങ്ങൾ ആട്ടിയോടിക്കുന്നത് ഇതേ വികസന നയത്തെയാണെന്ന് കാണാത്തതല്ല.
രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച നാൾ മുതൽ ക്രിസ്തീയ സഭയിലെ സ്വാധീനം ചൂഷണം ചെയ്താണ് തോമസ് മാഷ് കോൺഗ്രസിൽ പദവികൾ നേടിയത്. അന്നൊന്നും വികസനത്തെ കുറിച്ച് മാഷ് ഓർത്തില്ലേ? കഴിഞ്ഞ ആറു വർഷമായി ഇതേ മന്ത്രിസഭയല്ലേ ഇവിടെ ഭരിക്കുന്നത്. അപ്പോഴൊന്നും മാഷ് കേരളത്തിന്റെ വികസനത്തെ കുറിച്ച് ഓർത്തില്ലേ? തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്ടപ്പോഴാണോ തോമസ് മാഷിന് വികസനത്തെ കുറിച്ച് ഉൾവിളി ഉണ്ടായത്?
തെരെഞ്ഞെടുപ്പ് വേദിയിൽ ആദ്യമായി രംഗപ്രവേശം ചെയ്ത ഉമാ തോമസോ , അകാലത്തിൽ പൊലിഞ്ഞുപോയ പി ടി തോമസോ ഏത് വികസനത്തിനാണ് എതിരായിരുന്നത്? തോമസ് മാഷിന് ഇടതു ഭരണത്തിലും ഇനി കുംഭ വികസിപ്പിക്കണം. അത് മാത്രമല്ലേ ലക്ഷ്യം. അത് നടക്കുമെന്ന് തോന്നുന്നില്ല. സിൽവർ ലൈൻ പദ്ധതി ഇപ്പോഴും സന്നിഗ്ധതയിലല്ലേ? ആ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിക്കാതെ വന്നാൽ മാഷ് ഏത് മാളത്തിൽ ആകും പോയി ഒളിക്കുക. സഭാ സഭാ സഭാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ജപം ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു പരസ്യമായി അധിക്ഷേപിച്ചതിന്റെ പ്രായശ്ചിത്തമാണോ? അതോ കാവ്യനീതിയോ?
ഇത്രയും കാലം കോൺഗ്രസ്സിൽ നിന്ന് അതിന്റെ നല്ലഫലങ്ങൾ എല്ലാം ഊറ്റിക്കുടിച്ചു മദിച്ചു പുളച്ചിട്ടു ഇപ്പോൾ എതിർ ചേരിയിൽ ഇടം നേടി ഉന്മാദാവസ്ഥയിൽ എത്തിനിൽക്കുന്ന തോമസ് മാഷിനെ ആർക്കാണ് നമ്പാൻ കഴിയുക. ഗ്ലാസിൽ ഒഴിക്കുമ്പോൾ നുരഞ്ഞുകൊണ്ടിരിക്കുന്ന പാനീയം പങ്കിടാൻ കിട്ടുന്നവരെല്ലാം നല്ല വികസന കമ്മ്യുണിസ്റ്റുകൾ എന്ന് മാഷ് കണക്കെടുക്കുന്നത് ശരിയല്ല, മാഷിന്റെ മതം വികസനമാണ്. തോമസ് മാഷ് ഇന്ന് രാഷ്ട്രീയ വിപണിയിലെ ഒരു ചരക്കാണ്. അതിന് ഇപ്പോൾ നല്ല വില കൊടുത്തിരിക്കുന്നത് സിപിഎം ആണ്. നാളെ ബിജെപി ആകാം. ഇതുവരെ മനസ് തുറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അതേ നയം.
മാഷ് ഇത്രയും കാലം വന്ദിച്ച ഗാന്ധിജിയും നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം മുക്കുപണ്ടങ്ങൾ ആയിരുന്നോ? ഗോഡ്‌സെയും സത്വന്ത്‌സിങ്ങും ബിയാന്ത് സിങ്ങും നളിനിയും മറ്റുമാണോ അങ്ങയുടെ മനസിലെ ആരാധകർ? രാഹുൽ ഗാന്ധി നളിനിക്ക് മാപ്പുകൊടുത്താലും തൃക്കാക്കരയിലെ വീട്ടമ്മമാർ കെ വി തോമസിനോട് പൊറുക്കില്ല. അവർക്കിന്നു അവരുടെ മാലാഖയാണ് ഉമാ തോമസ്.