ശ്രീലേഖയുടേത് സമാന്തര ഭരണം!

നടിയെ മൃഗീയ ലൈംഗിക പീഡനത്തിന് ഇരയാക്കി കോളിളക്കം സൃഷ്ടിച്ച കേസിൽ കുറ്റാരോപിതർക്ക് എതിരെ തെളിവേ ഇല്ലെന്ന് സർവീസിൽ നിന്ന് അടുത്തൂൺ പറ്റിയ ഡിജിപി ആർ ശ്രീലേഖ! ഇവരും ഒരു സ്ത്രീയാണോ? പുറത്ത് കാണുമ്പോലെ തന്നെയാണോ? ആരാണ് ഈ കടും കൈക്ക് ഇവരെ ചുമതലപ്പെടുത്തിയത്?

ഇവർ ജയിൽ ഡിജിപി ആയിരുന്നാണ് സർവീസിൽ നിന്ന് വിരമിച്ചത്. പൾസർ സുനി ക്വട്ടേഷൻ ഗുണ്ടയായിരുന്നെങ്കിൽ അത് തുറന്ന് പറയേണ്ട സമയം കഴിഞ്ഞുവത്രേ. ഭയങ്കരീ! സ്‌കാട്ട്‌ലാൻഡ് യാർഡിലെ പരിശീലനം കഴിഞ്ഞാണോ ഈ അവതാരം ഒരു കേടും സംഭവിക്കാതെ ഭൂമി കീറി തലസ്ഥാനത്തു ഇറങ്ങിയത്. സാധാരണ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ സത്യം വിളിച്ചു പറയാൻ എടുക്കുമായിരുന്ന സമയ പരിധി ഈ കാക്കിക്കാരിക്ക് മനപ്പാഠമാണത്രെ. അതുവെച്ചു നോക്കുമ്പോൾ കേസ് ആവിയായിപ്പോയി!

സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിന്റെ വിലപ്പെട്ട വിവരങ്ങൾ ഈ പഴയ കാക്കിക്കാരി സ്വന്തം യു ട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർക്കും ഈ റിപ്പോർട് പരുത്ത് സന്തോഷം നൽകിയിട്ടുണ്ടാവും. ഈ ഒറ്റ കേസുകൊണ്ട് പച്ചപിടിച്ച ഒട്ടേറെ ഫ്രാഡുകൾ മാധ്യമരംഗത്തും പൊലീസ് സേനയിലും അഭിഭാഷകരിലും ഉണ്ട്. ഇവനൊ/ഇവളോ ഒക്കെ ഒരു തുള്ളി വെള്ളം കുടിച്ചിറക്കാൻ കിട്ടാതെ ചത്തുമലച്ചാൽ വളർത്തുനായ് മാത്രമേ ഓരിയിടാൻ ഉണ്ടാകുള്ളൂ. മനുഷ്യകുലത്തിൽ പിറന്ന ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കൊടും ക്രൂരതയ്ക്കു നമ്മൾ കയ്യും കെട്ടിയിരുന്നു സാക്ഷ്യം വഹിക്കുകയാണ്.

സ്വകാര്യ അന്വേഷണം നടത്താൻ ഇവർ ആരാണ്? ഭുലൻദേവിയുടെ പുതിയ അവതാരമോ? പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭുലൻദേവിയുമായി ഒപ്പമിരുന്ന് ഡസൻ കണക്കിന് ദിവസങ്ങൾ ഞാൻ നർമ്മസല്ലാപം നടത്തിയിട്ടുണ്ട്. ആ തടിച്ച കൈ ഒന്ന് തലോടുമ്പോൾ കുട്ടിക്കാലത്തു ഞാൻ അമ്മയെ സഹായിക്കാൻ ദോശമാവ് ആട്ടികൊടുക്കുമ്പോൾ കുഴവി കൈകൊണ്ട് പിടിച്ചു തിരിക്കുന്ന അനുഭവമായിരുന്നു. നിഭാഗ്യകരമെന്ന് പറയട്ടെ അതേ ഭുലൻദേവിയുടെ അന്ത്യനിമിഷങ്ങൾ ഡൽഹിയിൽ എന്റെ കൺമുമ്പിലായിരുന്നു. ഞാൻ ഡൽഹിയിൽ ഗോൾഡ് ടാക്കാനാ പോസ്റ്റ് ഓഫീസ് വൃത്തം പൂർത്തിയാക്കുമ്പോൾ കൊള്ളക്കാരുടെ വെടിയുണ്ടകൾ തുരുതുരാ പാഞ്ഞുവന്ന് അവരുടെ ജീവൻ അപഹരിച്ചു. എന്തുചെയ്യണമെന്നറിയാതെ കുറെ സമയം അന്ധാളിച്ചു നിന്നു. വീട്ടുമുറ്റത്ത് ചോരയുടെ ടബിൽ കുളിച്ചു കിടക്കുകയായിരുന്നു ഭുലൻദേവി.

ഇന്ത്യയിൽ അധോലോകം സമാന്തര സർക്കാർ ആയി പ്രവർത്തിക്കുകയാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി എൻ എൻ വോറ പറഞ്ഞത് എത്ര ശരിയാണ്. മാഫിയ ബന്ധം ദൃഢമാണ് ഇന്ത്യയിൽ. അതിൽ ഡിജിപി മാരും ഉണ്ട്. കുറ്റവാളികളും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള നെക്‌സസ് കാരണം ഇന്ത്യയിൽ പല കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന് എൻ എൻ വോറ കണ്ടെത്തിരുന്നു. വോറ കമ്മിറ്റി റിപ്പോർട്ട് രാജ്യം ഏറെ ചർച്ചചെയ്തതാണ്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ റിപ്പോർട്ട് വാങ്ങാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി തോന്നുന്നു.

ശ്രീലേഖമാർ ഉണ്ടാകുന്നതിന്റെ അപകടം തന്നെയാണ് വോറ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്ത. ഇതുപോലുള്ള ഉന്നതർ തങ്ങൾക്ക് താല്പര്യമുള്ള കൊടും കുറ്റവാളികളെ രക്ഷിക്കാൻ എന്ത് വേഷവും കെട്ടും. പൾസർ സുനി എന്ന വാടക ഗൂണ്ടയെയും മുഖ്യ കുറ്റവാളി പട്ടികയിൽ നിൽക്കുന്ന നടനെയും ഒരേസമയം രക്ഷിക്കാനുള്ള ഗൂഢാലോചനയാണിത്. ഒരുവെടിക്ക് രണ്ടു പക്ഷി.

കുറ്റവാളികൾക്ക് നിയമത്തെ പേടിയില്ലാതാക്കുന്നതാണോ ഒരു ഡിജിപിയുടെ സാമൂഹ്യ ഉത്തരവാദിത്വം. പൾസർ സുനി സമാന കേസുകളിൽ ആരോപണവിധേയനായിരുന്നു എന്ന് കേട്ടിട്ടുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ശ്രീലേഖയോ? കളംകിതരായവരുടെ എത്രയോ കേസുകളിൽ ആരോപണത്തിന് ഇരയായതല്ലേ ശ്രീലേഖ. ഈ കേസിൽ തന്നെ ജയിലിൽ സന്ദർശിച്ചു. കുറ്റവാളിക്ക് നിയമത്തിനപ്പുറമുള്ള ആനുകൂല്യങ്ങൾ നൽകാനു ,പരവതാനി വിരിക്കാനും ഈ സ്ത്രീക്ക് എങ്ങിനെ മനസ് വന്നു? ആപത്തിൽ കുടുങ്ങിയ ഒരു നിഷ്‌ക്കളങ്കതയോടുള്ള കൂറെങ്കിലും കാണിച്ചു കൂടെ?

1993 ൽ എൻ എൻ വോറ സമർപ്പിച്ച റിപ്പോർട്, രാജ്യത്ത് സമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്ന ക്രിമിനൽ ഏജൻസികളെ സംബന്ധിച്ചാണ് . റിപ്പോർട്ടിലെ കണ്ടെത്തലുകൾ രാജ്യത്തെ നടുക്കുന്നതാണ് .എല്ലാ രാഷ്ട്രീയ നേതാക്കളിൽ നിന്നും അനേഷണ ഏജൻസികളിൽ നിന്നും ഈ അധോലോകത്തിനു ലഭിക്കുന്ന തെളിവുകളും അതിൽ വിവരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിലെ ഇനിയും പുറത്തു വിട്ടിട്ടില്ലാതെ അനുബന്ധം സ്ഫോടക വിവരങ്ങൾ അടങ്ങിയതാണ്. 1997 ൽ സുപ്രീം കോടതിയാണ് ഈ റിപ്പോർട്ട് മുൻ നിർത്തി ഉന്നതതല അന്വേഷണം നടത്തണമെന്ന് ഉത്തരവാദികളെ പ്രോസിക്യുട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചത്. അതെല്ലാം അപഹസിക്കുകയാണ് ശ്രീലേഖ.

ഈ ഉദ്യോഗസ്ഥയുടെ സർവീസ് സ്റ്റോറിയിൽ, ദിലീപിനെപ്പോലെ കോടീശ്വരന്മാരുടെ തിക്താനുഭവം മാത്രമേ ഉള്ളോ? ദിലീപിനെ ന്യായീകരിക്കാൻ കരുതിക്കൂട്ടി രംഗത്തിറങ്ങിയ ശ്രീലേഖ സ്ത്രീ സമൂഹത്തിനു തന്നെ നാണക്കേട് അല്ലെ. ഒരു സാധാരണ മനുഷ്യനുള്ള പൗരബോധം പോലും ഇവരിൽ കാണുന്നില്ല. ഇത്തരത്തിലൊരു സ്ത്രീയെ നേരിടാൻ, ചെരുപ്പ് ഊരി രണ്ട് പെടവച്ചുകൊടുക്കാൻ മലയാളി യുവതിക്ക് കഴിയുന്നില്ലെങ്കിൽ നാണം കെട്ടായാലും ശ്രീലങ്കയിലെ പോരാട്ടവീറുള്ള മങ്കകളുടെ മുന്നിൽപോയി കുമ്പിടുക. കോഴിമുട്ട പൊട്ടുമ്പോലെ അവർ പൊട്ടിച്ചു കാണിച്ചു തരും.

കുറ്റവാളിയെന്നു കരുതുന്നയാളെ ഏകപക്ഷീയമായി കുറ്റവിമുക്തനാക്കുന്ന ഈ മുൻ ഡിജിപി കോടതിക്കും മുകളിലാണോ? അഭയ കേസിലും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും സമാന അനുഭവം ഉണ്ടായി. ഡിജിപി ആയിരുന്ന സ്ത്രീക്ക് ഏത് സന്ദർഭത്തിൽ ഇടപെട്ടാലാണ് അന്വേഷണം വഴിതിരിച്ചു വിടാൻ കഴിയുമെന്നത് നന്നായി അറിയാം. അവർ കൈകാര്യം ചെയ്ത എത്ര എത്ര കേസുകളിൽ അതി സമ്പന്നർക്ക് വേണ്ടി എന്തൊക്കെ കളി കളിച്ചിട്ടുണ്ടാകും.

കുറ്റവാളികളുമായി ഇടപഴകി ഇടപഴകി ആ മാനസികാവസ്ഥയിൽ പരകായപ്രവേശം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ഉദ്യോഗസ്ഥ. പൊലീസിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുകയാണ്. കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കൈമറിഞ്ഞിട്ടുള്ള കേസുകളിൽ ഒന്നാണിത്.

പ്രോസിക്യുഷൻ നിരത്തുന്ന തെളിവുകൾ അല്ലാതെ എന്ത് തെളിവ് നൽകാനുണ്ടെന്ന് ഒരാൾ ചോദിച്ചാൽ എനിക്കും കൈമലർത്തി കാണിക്കാനേ കഴിയൂ. എനിക്കും തെറ്റ് പറ്റാം. ഡസൻ കണക്കിന് ഡിജിമാർ തലങ്ങും വിലങ്ങും ഓടുന്ന ഇക്കാലത്തല്ല, കേരളത്തിൽ ഒറ്റ ഡിജിപി ഉള്ള കാലം. (അന്ന് പറയുന്നത് ഐ ജി എന്നുമാത്രം). ബന്ദ് ദിവസം അന്നത്തെ ഐ ജി യുമായി ഉരസി. ഷെവർലെ കാറിൽ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആജാനുബാഹുവായ ഐജി ശിങ്കാര വേലു കാറിൽ നിന്ന് ചാടി ഇറങ്ങി പ്രകോപനം സൃഷ്ടിച്ചു.

ഐജിയാണെന്ന തിരിച്ചറിവ് അന്നത്തെ ചോരത്തിളപ്പിൽ ഞങ്ങൾക്ക് ഇല്ലാതെപോയി. കൂട്ടത്തിൽ നിന്ന് ഭീകരമായ അടി അദ്ദേഹത്തിന്റെ ചെന്നിയിൽ വീണു. നിമിഷങ്ങൾക്കകം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സിനിമയിലെന്നവണ്ണം നൂറുകണക്കിന് പൊലീസ്‌കാർ ഞങ്ങളുടെ ശരീരത്തിലൂടെ ഇരച്ചു പാഞ്ഞു. വലിയ പൊലീസ് വണ്ടിയിൽ തല്ലുകൊണ്ട് ഞെരിഞ്ഞവരുടെ ഞരക്കങ്ങളും രോദനകളും മാത്രമേ നഗരത്തിലുണ്ടായുള്ളൂ. ഒന്ന് ശാന്തമായി പശ്ചാത്തപിക്കാൻ പോലും അവസരം തരാതെ ഇടിവണ്ടികളിൽ നന്താവനം പൊലീസ് ക്യാമ്പിൽ നിരനിരയായി കൊണ്ടിട്ട് നടയടിയും കൂട്ട നിലവിളിയും. അതൊക്കെ അറിയാതെ സംഭവിച്ചുപോയ കൈക്കുറ്റപ്പാടാണ്.

ഇ എം എസ് ഒരു സമരരംഗത്തു വീറോടെ രാത്രിയെത്തുന്ന ആദ്യസംഭവം. പക്ഷെ ഡൽഹിയിൽ നിന്ന് ഇന്ദിരാഗാന്ധി നേരിട്ട് ഇ എം എസ്സിനെ ഫോണിൽ സംസാരിപ്പിച്ചു രാത്രി തന്നെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ശിങ്കാരവേലു തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോയി. ചാലയിലെ പൂട്ടിക്കിടന്ന കടകളിൽ നിന്ന് രാത്രി എടുത്തുകൊണ്ടുവന്ന വലിയ വാർഫുകളിൽ ഞങ്ങൾക്ക് ശിങ്കാരവേലു കഞ്ഞിയും അച്ചാറും നേരിട്ട് നിന്ന് ഉണ്ടാക്കി തന്നെങ്കിലും ഒരു തുള്ളിപോലും കുടിച്ചില്ല. പുറം അടിച്ചു പൊളിച്ച തിന്റെ രോഷം അത്രയ്ക്കായിരുന്നു, അതിനുശേഷമാണ് സമരക്കാർക്ക് ഇരിക്കാൻ പന്തലും കുടിക്കാൻ കൂജയിൽ വെള്ളവും സംസ്ഥാനത്തു ശിങ്കാരവേലു ഏർപ്പെടുത്തിയത്. നേരിട്ട് കണ്ടു ക്ഷമ പറയണമെന്ന് പലവട്ടം ആഗ്രഹിച്ചെങ്കിലും അത് സഫലമായില്ല. ഇപ്പോഴും വെളുത്ത ടീഷർട്ടും ഇട്ട് നിന്ന ആ ആജാനുബാഹുവിന്റെ മുഖം മറക്കാനാകുന്നില്ല. അങ്ങിനെ നോക്കുമ്പോൾ ശ്രീലേഖ വെറും അശുമാത്രം.

പക്ഷെ മനുഷ്യകുലത്തിൽ പിറന്ന ഒരാൾക്ക് ചില ബോധ്യങ്ങൾ ഉണ്ട്. എന്റെ ബോധ്യം അന്വേഷണ ഉദ്യോഗസ്ഥരും നീതി ന്യായവ്യവസ്ഥയുമാണ്. ഇത്തരം വ്യവഹാരങ്ങളിൽ നിക്ഷിപ്ത താൽപര്യക്കാർ അവരുടെ താൽപ്പര്യങ്ങളിലേ അന്വേഷണം വഴിതിരിച്ചു വിടാം. അക്കാര്യത്തിൽ കുറ്റവാളിപ്പട്ടികയിൽ നിൽക്കുന്ന മുഖ്യപ്രതിയെ രക്ഷിച്ചെടുക്കാൻ കുതന്ത്രങ്ങൾ തയ്യാറാക്കുന്ന ഒരു കാക്കിക്കാരി മാത്രമാണ് ശ്രീലേഖ. സത്യത്തിന്റെയോ നീതിബോധത്തിന്റെയോ പ്രതീകമോ മാലാഖയോ അല്ല. ഡിജിപി പദവിയിൽ ഇരുന്ന ഒരാൾക്ക് ജീവിതം പറുദീസയാക്കാൻ ഇതിനേക്കാൾ പാതാളത്തിലിറങ്ങാൻ പറ്റില്ലല്ലോ. ഐ പി എസ് കാരിയുടെ മാനസികാവസ്ഥ ഇതാണെങ്കിൽ ഗോവിന്ദച്ചാമി എത്രയോ ഭേദം. പക്ഷെ അയാൾക്ക് യൂട്യൂബ് വിദ്യ അറിയില്ലല്ലോ!