ആമാടപെട്ടികളുമായി ക്യു നിൽക്കുന്നവർ

ന്റെ ബഹുമാന്യരായ വായനക്കാർക്ക് ബോറടിക്കില്ലെങ്കിൽ ഞാൻ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ ഒരു ചെറിയ കഥ പറയാം. ഇപ്പോൾ എല്ലാം ഗൾഫ് മയമാണല്ലോ. ഫലിതപ്രിയനും സരസ ഭാഷിയുമായ ഇ കെ നായനാരെ ഓർമ്മിക്കാത്ത മലയാളികൾ ഉണ്ടാകില്ലല്ലോ. മലയാളി സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരനായ നേതാവും നായനാർ തന്നെ. അതുപോലെ ഇനി ഒരാൾ ഉണ്ടാകുന്നതുവരെ ആ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കും. എന്തുകൊണ്ടാണ് അങ്ങനെ ഒരാൾകൂടി എങ്കിലും ഉണ്ടാകാത്തത്? വിജയൻ മാഷ് മുമ്പേ പറഞ്ഞ ഉത്തരം തന്നെ ഇവിടെയും ആവർത്തിക്കാം: 'ചോദ്യം ചെയ്യുന്നവരെ തുടർച്ചയായി പുറത്താക്കിക്കൊണ്ടിരുന്നാൽ ഒരു പറ്റം ഭീരുക്കൾ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാർട്ടി മാറും.' അതാണ് സത്യം. ഞാൻ തുടങ്ങിവെച്ചത് നായനാരെക്കുറിച്ചാണല്ലോ. അതേ എന്റെ മുഖ്യ കഥയിലെ നായകൻ നായനാർ തന്നെയാണ്, പ്രതിനായകന്റെ പേര് നിങ്ങൾക്ക് ഊഹിച്ചെടുക്കാം.

നായനാർ 1980ൽ മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ, ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത നേതാവായിരുന്നു എന്നത് എത്രപേർക്ക് അറിയാം. മുഖ്യമന്ത്രി പദത്തിലെത്തി അഞ്ചുവർഷത്തോളം ഒരു പാസ്‌പ്പോർട്ട് പോലും അദ്ദേഹം എടുത്തിരുന്നില്ല. അത്തരം പത്രാസുകൾ ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഗൾഫിലെ മലയാളികളുടെ പ്രശ്‌നങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ നായനാർ ഗൾഫ് സന്ദർശിക്കണമെന്ന ആവശ്യം ശക്തിയായി ഉയർന്നപ്പോഴാണ് നായനാരെയും എം വി രാഘവനെയും അങ്ങോട്ടയയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. 'എന്റെ വിദേശ യാത്രകൾ' എന്ന പേരിൽ ഒരു ഗ്രന്ഥം നായനാർ എഴുതിയത് 1998 അവസാനം നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു പാസ്‌പ്പോർട്ട് പോലും ഇല്ലാത്ത നേതാവായിരുന്നു നായനാർ എന്നത് ആ പുസ്തകം തുറക്കുമ്പോൾ അത്ഭുതത്തോടെയേ നമുക്ക് കാണാൻ ആകൂ.

നായനാർ തന്നെ തുടർന്ന് പറയട്ടെ :'കഴിഞ്ഞ ഒരു വർഷത്തിലധികമായി ഞങ്ങൾ ആലോചിച്ചിരുന്ന ഒരു പദ്ധതി - ഗൾഫ് മേഖലയിലേക്കുള്ള പര്യടനം -1984 ജനുവരി അവസാനത്തിലാണ് നടപ്പിലാക്കാൻ കഴിഞ്ഞത്. അങ്ങനെ ജനുവരി 22 ന് ഞാനും എം വി രാഘവനും തിരുവനന്തപുരത്തു നിന്ന് ന്യുഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയ്ക്കു പുറത്തുപോകാനുള്ള പാസ്പോർട്ട് സപ്തംബർ മാസം തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ പാസ്‌പ്പോർട്ടിനുള്ള അവസാന ഏർപ്പാട് ചെയ്യുന്നതിനും വിദേശനാണയ കൈമാറ്റമനുസരിച്ചു ഉറുപ്പിക ഡോളർ ആക്കി മാറ്റുന്നതിനും ഡൽഹിയിലെ പാർട്ടി കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി ഇ എം എസിനെക്കണ്ട് ഗൾഫ് യാത്രയെക്കുറിച്ചു സംസാരിച്ചു. ഫെബ്രുവരി നാലിന് സമ്മേളിക്കുന്ന പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് കഴിയും വിധത്തിൽ തിരിച്ചെത്താമെന്ന ധാരണ ഇ എം എസിനു നൽകി. പിറ്റേന്ന് വൈകുന്നേരത്തോടെ, പാസ്‌പ്പോർട്ട്, വിദേശനാണയം സമ്പാദിക്കൽ തുടങ്ങിയ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി. ( ഇന്നാണെങ്കിൽ പോളിറ്റ് ബ്യുറോ അംഗം വിദേശത്തു പോയാലും എങ്ങനെ പോയെന്നോ എപ്പോൾ പോയെന്നോ ആർക്കും ഒരുനിശ്ചയവുമില്ല. പാർട്ടി സെന്റർ പോലും തിരിച്ചറിയുന്നത് ടെലിവിഷനിൽ സ്‌ക്രോൾ കാണുമ്പോൾ ആണ്. )

ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവിത പ്രശ്‌നങ്ങളും തൊഴിൽപ്രശ്നങ്ങളും പഠിക്കാനും മനസിലാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ യാത്ര, ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ വിദേശപര്യടനമായിരുന്നു ഇത്. കേന്ദ്രകമ്മിറ്റി ഓഫീസിൽ പോയഘട്ടത്തിൽ ഞാനും എം വി രാഘവനും ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവർത്തിക്കുന്ന ദേശരാജ് ഛദ്ദയെ കണ്ട് സംസാരിച്ചു. ഗൾഫ് നാട്ടിലേക്ക് പോകുമ്പോൾ ആവശ്യമായ ഉറുപ്പിക നാണയം, ഡോളർ ആക്കി മാറ്റുന്നതിനും മറ്റു കാര്യങ്ങൾക്കും ആവശ്യമായ സഹായമെല്ലാം അദ്ദേഹം ഞങ്ങൾക്ക് ചെയ്തുതന്നു. കുറച്ചു പണം കേന്ദ്രകമ്മിറ്റി ഓഫീസിൽ നിന്ന് ഞങ്ങൾ വാങ്ങിയിരുന്നു. അതിനു എന്റെ കയ്യക്ഷരത്തിൽ തന്നെ പേരെഴുതി ഒപ്പിടണമെന്ന് ചദ്ദ നിർദ്ദേശിച്ചു. പാർട്ടി ഓഫീസിലെ പണത്തെപ്പറ്റിയുള്ള കൃത്യതയും കണക്കും സൂക്ഷിക്കുന്നതിൽ ചദ്ദ പാലിച്ചിരുന്ന കണിശമായ തത്വദീക്ഷയും അച്ചടക്കവും മാതൃകാപരമായിരുന്നു. (ഓഫീസിലെ കേന്ദ്രകമ്മിറ്റി ഓഫീസിലെ വാഹനത്തിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ എത്ര ചെറിയ തുകയ്ക്കും രണ്ട് പിബി അംഗങ്ങൾ ഒപ്പിടണമായിരുന്നു അടുത്തനാൾ വരെ )

വീണ്ടും നായനാർ തുടരുന്നു: ' തികഞ്ഞ ആഹ്ലാദത്തോടുകൂടിയാണ് ജനുവരി 24 നു രാവിലെ ഞാനും രാഘവനും ബോംബെയിൽ എത്തിയത്. വൈകിട്ട് നാലുമണിക്ക് രാഷ്ട്രാന്തരീയ വിമാനത്താവളത്തിലെത്തി. വൈകുന്നേരം നാലരമണിക്കുള്ള ഗൾഫ് ഭരണാധികാരികളുടെ വിമാനത്തിൽ അബുദാബിയിലേക്ക് പുറപ്പെട്ടു. അറബിക്കടൽ മുറിച്ചുകൊണ്ടുള്ള ആ യാത്ര സന്തോഷപ്രദമായിരുന്നു. കീഴെ കടൽ. മുകളിൽ ആകാശം. മേഘപാളികൾ മുറിച്ചുകൊണ്ടുള്ള വിമാനയാത്ര. മേഘസന്ദേശത്തിലെ ചില വരികളിലേക്കു എന്റെ മനസ്സിനെ പിടിച്ചുവലിച്ചു. വൈകുന്നേരം ഇന്ത്യൻ സമയം ഏഴുമണിക്ക് ഞങ്ങൾ അബുദാബി വിമാനത്താവളത്തിലെത്തി.

പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എനിക്ക് ഫെബ്രുവരി നാലിന് തന്നെ തിരിച്ചെത്തണമായിരുന്നു. എന്നാൽ ഗൾഫ് മേഖലയിലെ മലയാളികളുടെയിടയിൽ ഇറങ്ങി ചെന്നതോടുകൂടി ഞങ്ങൾ മുൻകൂട്ടി ഇട്ട പരിപാടികളാകെ മാറ്റേണ്ടിവന്നു. വെറും ഒമ്പതു ദിവസത്തെ പരിപാടിയുമായി പുറപ്പെട്ട ഞങ്ങൾക്ക് 19 ദിവസം ഗൾഫ് മേഖലയിൽ ചെലവിടേണ്ടിവന്നു. വിമാനമിറങ്ങിയ ദിവസം ഞങ്ങൾ ആദ്യം താമസിച്ചത് രാജന്റെ വീട്ടിലാണ്. അവിടെ നാലുപേർ താമസിക്കുന്നുണ്ട്. അവരോടൊപ്പം തന്നെ താമസിക്കാൻ ഞങ്ങളും തീരുമാനിച്ചു. അവർ കാലത്തു നാലുമണിക്ക് ജോലിക്കു പോകും. ചിലർ ഉച്ചയ്ക്ക് തിരിച്ചെത്തും. മറ്റു ചിലർ ഉച്ചയ്ക്ക് പോയി രാത്രി തിരിച്ചെത്തും. ഒരു വിഭാഗം മലയാളികൾ അവരുടെ പ്രവർത്തനസങ്കേതമായി കണക്കാക്കിയ വീടാണിത്. മുല്ലരാജൻ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിക്കാറ് . ജനവരി 5 മുതൽ മൂന്നു ദിവസം ഞങ്ങൾ അബുദാബിയിൽ താമസിച്ചു. ഈ മൂന്നു ദിവസത്തിനകം നിരവധി മലയാളികളെ ഞങ്ങൾ കണ്ടു അവരുടെ സംഘടനകളുമായി ബന്ധപ്പെട്ടു. മലയാളികളുടെ ജീവിതാനുഭവങ്ങൾ കൈമാറി.' ഇങ്ങിനെപോകുന്നു പ്രതിപക്ഷനേതാവിന്റെ ഗൾഫ് പര്യടനത്തിന്റെ വിവരണം.(നായനാരെ പോലെ ഒരു നേതാവിനെ സഹസ്രകോടീശ്വരന്മാർ ആരുംകാണാൻ വന്നില്ല. അതാണ് ആ കാലം.)

ഇത്രയും ഇവിടെ ഉദ്ധരിച്ചത് ഇന്നത്ത കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഗൾഫ് പര്യടനവുമായുള്ള അന്തരം മനസ്സിലാക്കാനാണ്. കേരള നേതാവ് എത്തുന്നു എന്നറിഞ്ഞാൽ നൗകയുടെ രൂപസാദൃശ്യമുള്ള കോടികളുടെ ആഡംബര കാർ വിമാനത്താവളത്തിൽ ഉണ്ടാകും. അവിടെനിന്ന് രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം. അവിടെ ഒരു മുല്ല രാജന്റെയും സാന്നിധ്യം കാണാനാവില്ല . ഭൂമുഖത്തെ സഹസ്രകോടീശ്വരന്മാർ എന്ന് പുകൾപെറ്റ ഉന്നതരുടെ വരവും പോക്കുമാവും മുറിയിൽ. കുടുംബാംഗംങ്ങൾ കൂടി ഉണ്ടെങ്കിൽ അവരുടെ കേളികൾ പറയാനുമില്ല. തൊഴിലാളികളുടെ പാർപ്പിടങ്ങളോ ചേരികളോ കാണാൻ അവർക്കു നേരമില്ല. എന്തുമാറ്റമാണ് നമുക്ക് ചുറ്റും.

ഈ മാറ്റങ്ങൾ എല്ലാം കണ്ടിട്ടും ശയ്യാവലംബിയായ മറ്റൊര സെൻ ബുദ്ധസന്യാസിക്ക് ചാഞ്ചല്യമില്ല. പാർട്ടിക്ക് വിലപ്പെട്ട മൂല്യങ്ങൾ എല്ലാം ഈറ്റില്ലത്തിൽ നുഴഞ്ഞു കയറിയ തസ്‌ക്കരന്മാർ ബക്കറ്റുകളിൽ കവർന്നുകൊണ്ടിരിക്കുന്നു എന്നാണ് ഒപ്പമുള്ളവർ മന്ത്രിക്കുന്നത്. വിഗ്രഹങ്ങൾ എല്ലാം കള്ളന്മാർ കൊണ്ടുപോയി, അപ്പോഴും സെൻബുദ്ധന്റെ ചുണ്ടിൽ മന്ദഹാസം മാത്രം. കിളിവാതിൽ ചൂണ്ടി ആത്മവിശ്വാസത്തോടെ സെൻ ബുദ്ധൻ അനുയായിയോട് പറഞ്ഞു : നോക്കൂ എല്ലാം പോയാലും മുകളിലെ ആ കിളിവാതിലിൽ കൂടി നോക്കുമ്പോൾ കാണുന്ന പൂന്തിങ്കൾ അവിടെ തന്നെ കാണും. അതാർക്കും മോഷ്ടിക്കാനാവില്ല. എത്ര ബക്കറ്റ് വെച്ച് അളന്നാലും അതിൽ തൊടാൻ ആവില്ല