തിരുവനന്തപുരം: തൃക്കാക്കര തെരെ ഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം കത്തിപ്പടരുന്നതിനിടയിൽ സിപിഎം നിർമ്മിച്ച വ്യാജ രേഖയെക്കുറിച്ചുള്ള വസ്തുതകൾ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ തുറന്നുപറയുന്നു. മലയാള മനോരമയ്‌ക്കെതിരായി ദേശാഭിമാനി നിർമ്മിച്ച വ്യാജരേഖ നിമിത്തം അക്കാലത്ത് താൻ അനുഭവിച്ച വേദനയെക്കുറിച്ചും പാർട്ടിയുടെ നെറികേടിനെ ക്കുറിച്ചുമാണ് ഫേസ്‌ബുക്കി ലെഴുതിയിരിക്കുന്നത്.

തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരായി പ്രചരിക്കുന്ന വീഡിയോയുടെ സത്യം കണ്ടെത്താനുള്ള നിശ്ചയദാർഡ്യം സർക്കാരിന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു വെന്നും അദ്ദേഹം ഫേസ് ബുക്കിൽ വ്യക്തമാക്കുന്നുണ്ട്. .

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെയും കുടുംബ ത്തെയും സി പി എം സൈബർ ആക്രമണത്തിന് വിധേയമാക്കിയതിനെപ്പറ്റിയും അദ്ദേഹം വേദനയോടെ പറയുന്നുണ്ട്. തന്റെ വീട്ടിലെ സ്ത്രീകളെ ഫോണിൽ വിളിച്ചു അശ്ലീലം പറയുന്നത് സഹികെട്ടപ്പോൾ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാർട്ടിയിൽ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോൾ അവരുടെ നിസ്സഹായത കണ്ട് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഇതിന് പാർട്ടിയിൽ തന്നെ രണ്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലായതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

വ്യാജ സിഡി നിർമ്മാണവും വ്യാജ രേഖാ നിർമ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാർഗമല്ലെന്നു പറയുന്നവർ ചെന്നൈയിൽ തടാകത്തിൽ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്പുള്ള ദീനരോദ നത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലിൽ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നി ല്ലല്ലോ എന്നും അദ്ദേഹം കുറിക്കുന്നു.

ഏറ്റവും അവസാനമാണ് മാധ്യമലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയ മനോരമ ദേശാഭിമാനി വ്യാജരേഖ കേസിന്റെ പിന്നാമ്പുറത്തെ പറ്റി പരാമർശിക്കുന്നത്. ആരൊക്കെയോ ചേർന്ന് നിർമ്മിച്ച വ്യാജ രേഖയ്ക്ക് മലയാള മനോരമ കൊടുത്ത കേസിൽ ഒന്നാം പ്രതിയാണ് ഞാൻ. മനോരമ പത്രാധിപർ ശ്രീ കെ എം മാത്യു ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന ഞാൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയുടെ ഒന്നാം പേജിൽ എട്ട് കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി. തൊട്ടുപിന്നാലെ മനോരമയിലെ രാമചന്ദ്രന്റെ ഫോൺ ' :മാത്തുക്കുട്ടിച്ചായൻ വിളിച്ചില്ലേ, അച്ചായന് സങ്കടമുണ്ട്. ശക്തി അല്ല ചെയ്‌തെന്ന് അറിയാം.

അക്കാലത്ത് താൻ എളമക്കരയിൽ ഒരു ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്‌ളാറ്റിൽ ഏറെയും മനോരമ വായനക്കാർ. അവരെല്ലാം ഈ വാർത്ത വായിച്ചാൽ തന്നെ പുച്ഛത്തോടെ നോക്കും. കാറുമെടുത്തു നേരെ കലൂരിലെ നെഹ്‌റു സ്റ്റേഡിയത്തിൽ പോയി മണിക്കൂറുകൾ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയിൽ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ എത്തിയാണ് പിന്നീട് അവിടെനിന്നു കൊണ്ടുപോയത്. കേസിലെ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കേസിൽ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയിൽ കൊണ്ട് ഒഴിച്ചുതന്നു.എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു.ഇനി വയ്യ എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

വ്യാജരേഖകളുടെ
കാണാപ്പുറങ്ങൾ

ഡോ ജോയെ അപകീർത്തിപ്പെടുത്തുന്നതായി പറയപ്പെടുന്ന ഒരു അശ്ലീല കാസറ്റിലേക്ക് തൃക്കാക്കരയിലെ പൊരിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തെ കുറ്റിയടിച്ചു കെട്ടുമ്പോൾ ആർക്കാവും നഷ്ടം എന്ന് എൽ ഡി എഫ് ചിന്തിക്കുന്നേ യില്ലല്ലോ. എൽ ഡി എഫ് മറുപടിപറയേണ്ട ഒട്ടേറെ വിഷയങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അതൊന്നും തൊടുന്നേയില്ല. ഈ പറയപ്പെടുന്ന അശ്‌ളീല കാസറ്റ്,അങ്ങിനെ ഒന്നുണ്ടെങ്കിൽ, തൃക്കാക്കരയിലെ വോട്ടർമാരിൽ എത്രപേർ കണ്ടിട്ടുണ്ടാകും? ആരോപണത്തിന് ഇരയായ ഡോ. ജോ ഇതുസംബന്ധിച്ച വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുമ്പോൾ ഭരണകക്ഷിയിലെ ഉന്നത നേതാക്കൾ ആണ് ഇതിനെ ആഘോഷപൂർവം വാതോരാതെ കൊണ്ടാടുന്നത്?

അന്വേഷണ സംവിധാനം മുഴുവൻ കയ്യിലുള്ള സർക്കാരിന് വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം കൂടി തേടിപോലും, സത്യം പുറത്തുകൊണ്ടുവരാൻ എത്രസമയം വേണം, അതിനുള്ള നിശ്ചയദാർഢ്യം ഉണ്ടാകണമെന്ന് മാത്രം. അതല്ല പൊതുസമൂഹ ത്തിന്റെ മുന്നിലിട്ട് അലക്കിയാൽ മാത്രം മതിയെങ്കിൽ ഇത് തന്നെ മാർഗ്ഗം. ഇത്തരത്തിലൊരു കാസറ്റ് പ്രചരിപ്പിച്ചിട്ടു ണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. ജനങ്ങൾ പോളിങ് ബൂത്തിൽ എത്തുംവരെ ഈ വിവാദം കത്തിച്ചു നിർത്തണമെന്നാണ് തീരുമാനമെങ്കിൽ സർക്കാരിന്റെ ചട്ടുകമായി നിൽക്കുന്ന പൊലീസ്, മന്ത്രിമാരുടെ താളത്തിനൊപ്പമേ തുള്ളു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലം പലരീതിയിലുള്ള വ്യാജ നിർമ്മിതിയുടെ കാലമായിരുന്നു എന്നത് മറക്കാറായിട്ടില്ല.

ഇത് പുതിയ സംസ്‌ക്കാരത്തിന്റെ പ്രശ്‌നമാണ്. ജീർണ്ണത ബാധിച്ച നേതൃത്വത്തിന്റെ വൈതാളികരായി സോഷ്യൽ മീഡിയയിൽ കടന്നു കയറിയ ഒരു വിഭാഗം വായിൽത്തോന്നുന്നത് എഴുതി പാർട്ടിക്ക് ശത്രുക്കളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഞാൻ പോലും അങ്ങിനെയൊരു ഉൽപ്പന്നമാണ്. മര്യാദയ്ക്ക് എന്റെ അഭിപ്രായ ങ്ങളുമായി ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെയും എന്റെവീട്ടിലെ സ്ത്രീകളെയും ഫോണിൽ വിളിച്ചു അശ്ലീലം പറയുന്നത് സഹികെട്ടപ്പോൾ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാർട്ടിയിൽ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോൾ അവരുടെ നിസ്സഹായത കണ്ട് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഇതിന് പാർട്ടിയിൽ തന്നെ ഒരു കേന്ദ്രം പ്രവർത്തിക്കു ന്നുണ്ട് എന്ന് മനസിലായ ത്.ഒന്നല്ല, രണ്ടു കേന്ദ്രങ്ങൾ . യാദൃശ്ചികമായി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ ഇതിന്റെ അപകടം അദ്ദേഹത്തിന് ബോധ്യപ്പെട്ടെങ്കിലും അതുക്കും മേലെയായിരുന്നു ഈ കേന്ദ്രം എന്ന് പിന്നീട് മനസിലായി. മുഖ്യമന്ത്രിയോട് സംസാരിച്ചത് എന്റെ പരാതി പറയാനുമല്ല. ഞാൻ അത് പറഞ്ഞുമില്ല. ചില പ്രധാന ചാനലുകളിലെ വനിതകളെ അധിക്ഷേ പിക്കുന്ന സംഭവം മാത്രമാണ് പറഞ്ഞത്. ഇത് പരിശോധിക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിരുന്നു. ഞാൻ ഫോണിൽ സംസാരിക്കാൻ തയ്യാറായതിന്റെ പശ്ചാത്തലത്തിൽ സ്നേഹവായ്പോടെയായിരുന്നു സംഭാഷണം.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ എനിക്കെതിരായി സൈബർ ആക്രമണം കടുപ്പിച്ചു. ഞാൻ പ്രൊഫൈലിൽ ചേർത്തിരുന്ന ഒരു വയസുള്ള പേരക്കുട്ടിയുടെ ഫോട്ടോയെടുത്തു കാട്ടിപോലും അതിനീചമായി പോസ്റ്റിട്ടു. അതിലെ വാക്കുകൾ എനിക്ക് ഇവിടെ പകർത്താനാകില്ല. എന്നെ അതെത്രമാത്രം നൊമ്പരപ്പെടുത്തി എന്ന് പറഞ്ഞറിയിക്കാനാവില്ല. കോടിയേരി അടക്കമുള്ള ഉന്നത നേതാക്കൾക്ക് എല്ലാം അത് ഞാൻ അയച്ചെങ്കിലും ഒരു മറുപടി പോലും തന്നില്ല. കോടിയേരിയുടെ പേരക്കുട്ടി ഇ ഡി റെയ്ഡ് നടന്ന ദിവസം വീട്ടുമുറ്റത്തു നിന്ന് വാവിട്ടു കരഞ്ഞപ്പോൾ എന്റെ മനസും വേദനിച്ചു. എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു . അതുപോലും കോടിയേരി ഓർത്തില്ല. അതെന്തായാലും എന്റെയും കണ്ണ് തുറപ്പിച്ചു. ഈ ഫാസിസ്റ്റ് മാരണത്തെ തോൽപ്പിച്ചേ പറ്റൂ എന്ന് തന്നെ തീരുമാനിച്ചുറച്ചു.

വ്യാജ സിഡി നിർമ്മാണവും വ്യാജ രേഖാ നിർമ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാർഗമല്ലെന്നു പറയുന്നവർ ചെന്നൈയിൽ തടാകത്തിൽ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്പുള്ള ദീനരോദനത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലിൽ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നില്ലല്ലോ .

ആരൊക്കെയോ ചേർന്ന് നിർമ്മിച്ച വ്യാജ രേഖയ്ക്ക് മലയാളമനോരമ കൊടുത്ത നാല് കേസിൽ ഒന്നാം പ്രതിയാണ് ഞാൻ. ശ്രീ കെ എം മാത്യു ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന ഞാൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി. തൊട്ടുപിന്നാലെ മനോരമയിലെ രാമചന്ദ്രന്റെ ഫോൺ ' :മാത്തുക്കുട്ടിച്ചായൻ വിളിച്ചില്ലേ. അച്ചായന് സങ്കടമുണ്ട്.ശക്തി അല്ല ചെയ്‌തെന്ന് അറിയാം. '

ഞാൻ എളമക്കരയിൽ ഒരു ഫ്ലാറ്റിലായിരുന്നു താമസം. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്‌ളാറ്റിൽ ഏറെയും മനോരമ വായനക്കാർ. അവരെല്ലാം ഈ വാർത്ത വായിച്ചാൽ എന്നെ പുച്ഛത്തോടെ നോക്കും. ഞാൻ കാറുമെടുത്തു നേരെ കലൂരിലെ നെഹ്‌റു സ്റ്റേഡിയത്തിൽ പോയി മണിക്കൂറുകൾ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയിൽ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ എത്തിയാണ് പിന്നീട് അവിടെനിന്നു മാറിയത്. കേസിൽ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കേസിൽ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയിൽ കൊണ്ട് ഒഴിച്ചുതന്നു.എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു.ഇനി വയ്യ.