മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണം അദ്ദേഹത്തിന്റെ പാർട്ടി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സിപിഎം നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയും തലസ്ഥാനത്തു നടന്ന സിപിഐഎം പൊതുയോഗത്തിൽ നേതാക്കൾ ഇതാവർത്തിച്ചു. 'സിപിഎം, മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുത്താൽ ഒറ്റ ഒരുത്തനെയും മുഖ്യമന്ത്രിയെ അടുക്കാൻ സമ്മതിക്കില്ലെന്ന്' ആണ് പ്രധാന നേതാവ് പ്രഖ്യാപിച്ചത്. എന്ത് വങ്കത്തരമാണിത്. ഏതെങ്കിലും സംസ്ഥാനത്തു ഏതെങ്കിലും കാലത്തു ഏതെങ്കിലും പാർട്ടി ഇങ്ങിനെ പ്രഖ്യാപിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ടോ? മൂന്നു സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്ന പാർട്ടിയല്ലേ സിപിഎം. .എന്തിനാണ് ഇത്തരം ഭോഷ്‌ക്കുകൾ പറഞ്ഞു പാർട്ടി ഇത്ര കൊച്ചാവുന്നത്.

എട്ട് മാവോയിസ്റ്റുകളെ ചുരുങ്ങിയകാലം കൊണ്ട് പൊലീസിനെ ഉപയോഗിച്ച് കൊന്നിട്ട പാർട്ടിയാണ് ഇത്. സിപിഎം, എന്തേ ഈ റെഡ് വളണ്ടിയർമാരെ മാവോയിസ്റ്റ് കളെ തുരത്താൻ കാട്ടിലേക്ക് അയക്കുന്നില്ല. പിന്നെ സംഭവിക്കുക ഓരോ റെഡ് വളണ്ടിയർമാരുടെയും ശരീരത്തിൽ റീത്തുകൾ വെക്കാനേ പാർട്ടി നേതാക്കൾക്ക് സമയം ഉണ്ടാകൂആയിരിക്കും. കേരളത്തിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയെ പരസ്യമായി തള്ളിപ്പറയുകയും പൊലീസ് സേനയിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുകയും പൊലീസിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രസംഗങ്ങൾ ജനങ്ങളെ പാർട്ടിക്ക് എതിരാക്കു കയാണ്. ഭരിക്കുന്ന പാർട്ടിതന്നെ പൊലീസിനെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വകാര്യസേനകളെ ആശ്രയിച്ചു മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാൻ പുറപ്പെട്ടാൽ ബിഹാറിലെ ജമീന്ദാർമാരുടെ സായുധസേനയുടെ 'ജംഗിൾ രാജി'ലേക്ക് കേരളം എത്തും. ഇന്ത്യയാകെ പടർന്നുകിടക്കുന്ന എന്തോ മഹാപ്രസ്ഥാനമെന്ന അഹങ്കാരത്തിലാണ് ഈ നേതാക്കൾ എന്ന് തോന്നുന്നു.

ഇന്ത്യയിൽ സഖ്യങ്ങളുടെ പിൻബലമില്ലാതെ സിപിഎം ജയിച്ചത് രാജസ്ഥാനിൽ രണ്ടും മഹാരാഷ്ട്രയിലും ഹിമാചൽ പ്രദേശിലും ഓരോ സീറ്റുകളിലുമാണ്. ഹിമാചലിലെ സിംല കോർപറേഷനിൽ ഉണ്ടായിരുന്ന ഏക സീറ്റിലെ അംഗം ഷെല്ലി ശർമ്മ ഒരാഴ്ച മുമ്പാണ് കൂറുമാറി ബിജെപിയിൽ; ചേർന്നത്, ഉത്തരേന്ത്യയിൽ പല സംസ്ഥാന ഘടകങ്ങളും ഒലിച്ചുപോയി. സിക്കിം ഏറ്റവും ഒടുവിലത്തെ ഉദാഹരണം, ഇങ്ങിനെയൊരു പാർട്ടിയാണ് കേരളത്തിൽ സൈനികമുറ സ്വീകരിച്ചു മുഖ്യമന്ത്രിയെ സംരക്ഷിച്ചുകളയുമെന്ന് പറയുന്നത്. മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്തു പ്രസിഡന്റിനെ സംരക്ഷിക്കാനുള്ള കോപ്പ് പോലും ഇന്ന് സിപിഎമ്മിനില്ല. അത്തരം സംരക്ഷണങ്ങൾ നൽകാൻ വേണ്ടത് ജനങ്ങളാണ്.കുറുവടിയോ തോക്കോ ആയുധങ്ങളോ അല്ല. ഒരാശയമാണ്. ഇത്രയേറെ കൊള്ള സിപിഎം നേതാക്കൾ നടത്തിയിട്ടും ഇപ്പോഴും അതിനിവിടെ തുടരാൻ കഴിയുന്നത് വേഷപ്രച്ഛന്നമായിട്ടാണെങ്കിലും ജനങ്ങളിൽ സ്വാധീനമുള്ള ഒരു ആശയത്തിന്റെ കൊടിയും ചിഹ്നവും മുദ്രാവാക്യവും ഏന്തുന്നതുകൊണ്ടാണ്. അത് ഒരു മഴയത്ത് ഒലിച്ചുപോകുമ്പോൾ യഥാർത്ഥ നിറം പുറത്തുകാണും.

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇപ്പോൾ നേരിടുന്ന വെല്ലുവിളികളേക്കാൾ എത്രയോ മടങ്ങ് ഭീഷണിയാണ് മുഖ്യമന്ത്രിയായിരിക്കെ ജ്യോതിബസു ഭീകരസംഘടനകളിൽ നിന്ന് നേരിട്ടത്. ആനന്ദമാർഗികൾ ഏതൊക്കെ വിധത്തിൽ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു .1970 ഏപ്രിൽ ഒന്നിന് പട്നാ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ജ്യോതിബാസുവിനെ വധിക്കാൻ ഒരക്രമി നിറ ഒഴിച്ചു. നെല്ലിടയ്ക്കാണ് ബസു അന്ന് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അലിൽ ഇമാം ആ വെടിയേറ്റ് മരിച്ചു. ജ്യോതിബാസുവിനെ വകവരുത്തിയാൽ ഇന്ത്യയിലെ കമ്മ്യുണി സ്റ്റ് പ്രസ്ഥാനത്തിന്റെ കഥകഴിക്കാം എന്ന കണക്കുകൂട്ടലിൽ സിഐഎ അടക്കമുള്ള ഏതെല്ലാം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ കരുക്കൾ നീക്കി. കൊൽക്കത്ത എന്ന ലോക നഗരത്തിന് മുകളിൽ ചെങ്കൊടി പാറാതെയാക്കണം എന്ന വാശിയിലായിരുന്നു മുതലാളിത്ത ലോകം. പശ്ചിമ ബംഗാളിലെ സിപിഎം, അതേ ഇനത്തിൽപെട്ട,രാസായുധങ്ങളേക്കാൾ മെച്ചപ്പെട്ട ജൈവായുധങ്ങളെ വികസനത്തിന്റെ പേരിൽ കടത്തിവിട്ട് ആ കൊടി അവർ തന്നെ നിലംപരിശാക്കി.

ഇന്ത്യയിൽ എവിടെയെങ്കിലും പാർട്ടിയുടെ വളണ്ടിയർ സേനയെ നിയോഗിച്ചു ഭരണം നിലനിർത്തിയിട്ടുണ്ടോ. ഖാലിസ്ഥാൻ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തു പോലും ഹർ കിഷൻ സിങ് സുർജിത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു പാർട്ടി വളണ്ടിയറെയും കണ്ടിട്ടില്ലല്ലോ .രാതി ഉറങ്ങാൻ കിടന്നാൽ പ്രഭാതത്തിൽ സുർജിത്തിനെ ജീവനോടെ കാണാൻ ഉണ്ടാകുമോ എന്ന് കമ്യുണിസ്റ്റുകാർ ആശങ്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഏറ്റവും വലിയ തമാശയാണ് മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുത്തുകളയുമെന്ന വീരവാദം. അത്തരത്തിൽ ഒരു ഭീഷണിയുണ്ടായാൽ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള കോപ്പ് ഈ പാർട്ടിക്കുണ്ടോ . എന്താ ഇപ്പോൾ ലഫ്റ്റനന്റ് ജനറൽമാരും മേജർ ജനറൽ മാരുമാണോ പാർട്ടിയിയെ നയിക്കുന്നത്,
അതിലേറെ കൗതുകമുള്ള ഒരനുഭവം വായനക്കാരുമായി പങ്കുവെക്കാം.

അടിയന്തിരാവസ്ഥ കഴിഞ്ഞയുടനെ ജ്യോതിബസു തലസ്ഥാനത്തു സന്ദർശനം നടത്തിയ സമയം. പ്ലാന്റേഷൻ ജീവനക്കാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് നാഗർകോവിലിൽ പോകാൻ എത്തിയതായിരുന്നു ജ്യോതിബസു , തലസ്ഥാനത്തു നിന്ന് തുറന്ന ജീപ്പിൽ നാഗർകോവിൽ വരെ നീങ്ങുകയായിരുന്നു. ജീപ്പിന് പൈലറ്റായി സഞ്ചരിച്ച ദേശാഭിമാനിയിലെ കെ മോഹനൻ ഉച്ചഭാഷിണിയിലൂടെ അനർഗ്ഗളം നടത്തിയ അനൗൺസ്മെന്റ് . ആവേശത്തിന്റെ തിരകൾ ഇളക്കി. റോഡിന്റെ ഇരുവശവും തിങ്ങിക്കൂടി നിൽക്കുന്ന ജനതതിയെ കീറിമുറിച്ചു മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് മുഴങ്ങിയ വാക്കുകൾക്കു ജനങ്ങളെ ഇളക്കിമറിക്കാനുള്ള ഊർജ്ജം ഉണ്ടായിരുന്നു. . ജീപ്പിൽ അൽപ്പസമയം പോലും ഇരുന്നു ജനങ്ങളെ അഭിവാദ്യം ചെയ്യാൻ അവസരമില്ലാതെ രണ്ടുമണിക്കൂറിലേറെ സമയം അക്ഷരാർത്ഥത്തിൽ 'ജനങ്ങളുടെ രാജകുമാരൻ' ആയി ജ്യോതിബസു നാഗർകോവിലിൽ എത്തിയപ്പോൾ തീർത്തും അവശനായിരുന്നു. അപ്പോൾ സമയം സന്ധ്യകഴിഞ്ഞു.

ഞാൻ ചുരുക്കട്ടെ. റെഡ് വളണ്ടിയർമാരുടെ ഉശിരും ഊർജ്ജ സ്വലതയും കണ്ടാൽ രാത്രിതന്നെ വിപ്ലവം നടന്നേക്കുമെന്ന പ്രതീതിയായിരുന്നു. അത്രയ്ക്ക് ആവേശം ജ്വലിച്ചു നിന്നു . രാത്രി പൊതുസമ്മേളനം കഴിഞ്ഞു ജ്യോതിബസു, സർക്കാർ റസ്റ്റ് ഹൗസ്സിൽ എത്തിയപ്പോൾ സമയം രാത്രി ഒമ്പതുമണി. മുറിയിൽ പോയി കുളികഴിഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ ജ്യോതിബസു മടങ്ങിവന്നു. തൊട്ടടുത്ത മുറിയിൽ ബി ടി രണദിവെയും ഭാര്യ വിമല രണദിവെയും. റസ്റ്റ് ഹൗസ്സ് അങ്കണം നിറയെ നേതാക്കൾക്ക് രാത്രി കാവലിനായി തടിമാടൻ വടികളുമായി ചെങ്കുപ്പായമണിഞ്ഞ വളണ്ടിയർമാർ. അതിനിടെ രണദിവെ മുറി തുറന്ന് പുറത്തേക്ക് തലനീട്ടി മുമ്പിലുണ്ടായിരുന്ന ഹേമചന്ദ്രൻ എം എൽ എ യോട് സ്‌നേഹപൂർവ്വം ഒരു ചോദ്യം എറിഞ്ഞു: വിശപ്പുണ്ട്, എന്തെങ്കിലും കിട്ടുമോ കഴിക്കാൻ?'അപ്പോഴാണ് ജ്യോതിബസുവിന്റെ മുറിയിലെ വിളക്ക് കെട്ടത്.

ഹേമചന്ദ്രൻ വിഷണ്ണനായി പരക്കം പാഞ്ഞു. നേതാക്കൾക്ക് സ്വീകരണവും റെഡ് വളണ്ടിയർ മാർച്ചും നൂറോളം കാവൽപ്പടയെയും ഒരുക്കി വീര് തെളിയിച്ച സഖാക്കൾ ഈ നേതാക്കൾക്ക് ഭക്ഷണം കൊടുക്കണം എന്ന കാര്യം മറന്നു. ഹേമചന്ദ്രൻ പ്രാദേശിക എം എൽ എ ആയതുകൊണ്ട് നഗരത്തിലേ കുതിച്ചെങ്കിലും മിക്ക ഹോട്ടലും അടച്ചുകഴിഞ്ഞിരുന്നു. സ്വാധീനമുള്ള ചില കടകൾ തുറപ്പിച്ചു ബറോട്ടയുടെ പൊട്ടും പൊടിയും പൊരിച്ച ചിക്കൻ അവശിഷ്ടങ്ങളുമായി കിതച്ചുകൊണ്ട് റസ്റ്റ് ഹൗസ്സിൽ മടങ്ങി എത്തി ഹേമചന്ദ്രൻ ജ്യോതിബസുവിന്റെ മുറിയിൽ മുട്ടി. വളരെ അത്ര സന്തോഷത്തോടെയല്ല മുറി തുറന്നെങ്കിലും ഹേമചന്ദ്രൻ കൊണ്ടുവന്ന ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും എടുത്തില്ല.

രാത്രി വൈകി ഭക്ഷണം കഴിക്കാക്കാറില്ല എന്ന് പറഞ്ഞു ജ്യോതിബസു കിടക്കയിലേക്ക് മടങ്ങി. ആ ഭക്ഷണം ബിടി ആറിന്റെ മുറിയിൽ കൊണ്ട് കാണിച്ചപ്പോൾ അദ്ദേഹവും ഭാര്യയും ആർത്തിയോടെ അത് വാങ്ങി കഴിച്ചു. വീണ്ടും ഹേമചന്ദ്രൻ നഗരത്തിലേക്ക് ഓടി എവിടുന്നോ കുറെ പാലുമായി എത്തി. ജ്യോതിബസുവിന്റെ മുറിയിൽ പോയി വീണ്ടും മുട്ടിയെങ്കിലും മനസില്ലാമനസോടെ ഉറക്കത്തിൽ നിന്ന് എണീറ്റ് വന്ന് നേരിയ തോതിൽ വാതിൽ തുറന്ന് പിടിച്ചു നിന്നു. കുറച്ചു പാൽ കുടിച്ചു കിടക്കാം എന്ന് പറഞ്ഞപ്പോൾ മറുപടി കടുപ്പത്തിലായിരുന്നു: 'രാത്രി പാൽ കുടിക്കാറില്ല .പൊയ്‌ക്കോളൂ.

ഇത് എനിക്ക് ഒരു പാഠമായി. ജ്യോതിബസുവിനു ഉച്ചയ്ക്ക് തുറന്ന ജീപ്പിൽ പുറപ്പെട്ടശേഷം ഒരു വസ്തു ഭക്ഷ്ണം നൽകിയിരുന്നില്ല, റസ്റ്റ് ഹൗസിൽ വന്നത് വി ഐ പി ആണെങ്കിലും ഭക്ഷണം തങ്ങൾ ശരിയാക്കി കൊടുത്തോളാം എന്നായിരുന്നത്രെ വളണ്ടിയർമാർ പറഞ്ഞത്. അതുകൊണ്ട് അക്കാര്യങ്ങൾ അവരും നോക്കിയില്ല. മുഖ്യമന്ത്രിയുടെ സംരക്ഷണ ചുമതല വളണ്ടിയർമാരെ ഏൽപ്പിച്ചാൽ എന്തുസംഭവിക്കും എന്നതിന് ഇതൊരു നല്ല പാഠമാണ്.