തിരുവനന്തപുരം: ശബരിമലയിൽ അക്രമം നടത്തിയവരെയും തന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും പരിഹസിച്ച് മന്ത്രി ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പ്രാകൃതമായ സംസ്‌കാരമാണെന്നും അടിവസ്ത്രം പോലും ധരിക്കാത്ത പൂജാരിമാരാണ് സദാചാരത്തെകുറിച്ച് വാചാലരാകുന്നതെന്നു മന്ത്രി സുധാകരൻ പരിഹസിച്ചു. സ്ത്രീകളുടെ കണ്ണുനീർ ആര് വീഴ്‌ത്തിയാലും അവരെ രക്ഷപ്പെടാൻ വിടില്ലെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനയ്‌ക്കെതിരെ വാൾ ഉയർത്തുന്നതാരായാലും, എത്ര വലിയ രാഷ്ട്രീയ നേതാവായാലും അവരെ കൈയാമം വെക്കുക തന്നെ ചെയ്യും. സ്ത്രീകളെ ശബരിമലയിൽ പോകുന്നതിൽ നിന്നും തടയുന്നവർ പഴയ രാജവാഴ്‌ച്ചാ കാലത്തെ ഓർമകളിൽ അഭിരമിക്കുകയാണ്. ഭരണഘടനാ നിലവിൽ വന്ന ശേഷം ജനിച്ചയാളും താൻ രാജാവാണ് എന്ന് പറയുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

മുൻപും പന്തളം രാജകുടുംബത്തെ വിമർശിച്ചുകൊണ്ട് മന്ത്രി മുന്നോട്ട് വന്നിരുന്നു. ഹർത്താലിന് കടയടയ്ക്കും എന്ന് പറയുന്ന ലാഘവത്തോടെയാണ് തന്ത്രി നടയടയ്ക്കും എന്ന് പറയുന്നതെന്ന് ശബരിമല തന്ത്രിയുടെ നടയടയ്ക്കൽ ഭീഷണിയോട് മന്ത്രി പ്രതികരിച്ചിരുന്നു.
മാടമ്പിത്ത സ്വഭാവം പുലർത്തുന്ന പൗരോഹിത്യം തകരുന്നതിൽ കാഹളമാണ് ശബരിമലയിൽ മുഴങ്ങുന്നത്. ശബരിമലയിൽ പോകുന്നവരുടെ ചരിത്രം ആരും പരിശോധിക്കേണ്ടതില്ല. ധൈര്യമുള്ളവർ മാത്രം മല കയറിയാൽ മതി. ദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചുപോകുന്നത് നിരാശാജനകമാണ്. അദ്ദേഹം പറഞ്ഞു.