- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടം അഴിമതിക്കെതിരെ പോരാട്ടം നടത്തിയിട്ടും സ്വന്തം പാർട്ടിയിൽ നിന്ന് കുത്ത്; അരൂർ മുതൽ ചേർത്തല വരെ റോഡ് പുനർനിർമ്മിച്ചതിൽ ക്രമക്കേട് എന്ന് എംപിയുടെ പരാതി; വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; സുധാകരനെ ലക്ഷ്യമിട്ട് ഒളിയമ്പ്; എല്ലാം വളച്ചൊടിച്ചെന്ന് ആരീഫ്
ആലപ്പുഴ: സുധാകരനെ തീർക്കാനുറച്ച് എഎം ആരീഫ്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചത് ഇതിന്റെ ഭാഗമാണ്. ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുന്നതാണ് ആരിഫിന്റെ പുതിയ നീക്കം. അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ സുധാകരനെതിരെ അതിശക്തമായ നിലപാട് എടുത്തതും ആരിഫായിരുന്നു.
കേരളം കണ്ട ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രിയായാണ് സുധാകരനെ വിലയിരുത്തുന്നത്. പാലം കെട്ടലിലും റോഡ് നിർമ്മാണത്തിലും റിക്കോർഡ് ഇട്ട മന്ത്രി. പ്രതിപക്ഷം പോലും സുധാകരനെതിരെ അഴിമതി ആരോപിച്ചിട്ടില്ല. പാലാരിവട്ടം പാലത്തിലെ അഴിമതി ചർച്ചയാക്കിയും സുധാകരനാണ്. എന്നും പണത്തോട് ആർത്തികാട്ടത്ത രാഷ്ട്രീയ പ്രവർത്തനമാണ് സുധാകരൻ നടത്തിയത്. ഈ മന്ത്രിക്കെതിരെയാണ് പ്രതിപക്ഷം പോലും ചിന്തിക്കാത്ത തരത്തിലെ ആരോപണങ്ങൾ സിപിഎമ്മിനുള്ളിൽ നിന്നുയരുന്നത്. ആലപ്പുഴ സിപിഎമ്മിൽ സുധാകരന് ഇനി ഒരു സ്ഥാനും ഉണ്ടാകില്ലെന്ന് വ്യക്തമാകുകയാണ് ഈ നടപടിയോടെ.
ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ പുനർനിർമ്മിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെടുന്നു. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നിൽ സുധാകരനെ അപമാനിക്കുകയെന്ന ലക്ഷ്യമാണുള്ളത്. കേന്ദ്ര സർക്കാരിന് റോഡ് നിർമ്മാണത്തിൽ ഒരു പങ്കുമില്ലെന്ന് വിശദീകരിച്ചാണ് പരാതിപ്പെടൽ. ഈ കത്ത് ചോർന്നതാണ് ഏറ്റവും വലിയ വിഷയം. താനുദ്ദേശിക്കാത്ത രീതിയിൽ കത്തിനെ വളച്ചൊടിച്ചുവെന്ന് എംഎ ആരിഫ് വിശദീകരിച്ചിട്ടുണ്ട്.
2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമ്മാണം. കേന്ദ്ര ഫണ്ട് എങ്കിലും നിർമ്മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നും എംപി കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. മന്ത്രി ജി സുധാകരൻ നേരിട്ടാണ് പണികൾക്ക് മേൽനോട്ടം വഹിച്ചത്. ഈ സാഹചര്യത്തിലാണ് കത്തിന് പിന്നിൽ സുധാകരനെതിരായ രാഷ്ട്രീയമാണെന്ന് വിലയിരുത്തൽ എത്തിയത്.
എന്നാൽ തനിക്ക് അത്തരമൊരു ഉദ്ദേശം ഇല്ലെന്നും കത്ത് വളച്ചൊടിച്ചെന്നും ആരിഫ് പരസ്യമായി പറഞ്ഞു കഴിഞ്ഞു. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വർഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ എന്നായിരുന്നു പോസ്റ്ററിലെ വാചകം. തെരഞ്ഞെടുപ്പു കാലത്ത് പാർട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമർശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്നെ അപമാനിച്ചു എന്ന് കാണിച്ച് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതികരിക്കവെയാണ് സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ ഈ പരാമർശം തള്ളി എ എം ആരിഫ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇന്ന് പുതിയ തലത്തിലെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ