ആലപ്പുഴ: കയർഫെഡ് ഗോഡൗൺ അഴിമതി കേസിൽ വി എസിനെ വെള്ള പൂശിയും അരുൺകുമാറിന് ക്ലീൻചിട്ട് നൽകിയും മുൻ കയർമന്ത്രി ജി സുധാകരൻ രംഗത്തെത്തി. കയർഫെഡ് ഗോഡൗൺ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുനാടനോട് മറുപടി പറയുകയായിരുന്നു സുധാകരൻ. താൻ കയർവകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്താണ് കേസിന് ആസ്പദമായ ആരോപണം ഉണ്ടായത്. പെൻസിൽ വാങ്ങിയതും ഭക്ഷണം കഴിച്ചതും പന്തലിട്ടതും പോലുള്ള കൊച്ചുകൊച്ചുകാര്യങ്ങളുടെ പേരിലാണ് അഴിമതി ആരോപിച്ചിരിക്കുന്നത്.

വി എസിന്റെ മകനെതിരെ ഇത്തരത്തിലുള്ള പതിനേഴോളം ആരോപണങ്ങളടങ്ങിയ പരാതി ഫയലാണ് തന്റെ മുന്നിലെത്തിയത്. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുമതിയോടെയാണ് താൻ ഈ കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിൽ അരുൺകുമാർ കുറ്റക്കാരനല്ലെന്നു കണ്ട് പരാതി തള്ളുകയായിരുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളിക്കൊണ്ടുള്ള ഫയലിൽ വിജിലൻസ് എസ് പിയും ഡയറക്ടറും ഒപ്പിട്ടിരുന്നു. താൻ വീണ്ടും ഫയൽ പഠിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമാണ് കേസ് ഒഴിവാക്കാനുള്ള ഉത്തരവിൽ ഒപ്പിട്ടത്. തന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പിന്നീട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഒപ്പിട്ടു. ഇത്രയും കാര്യഗൗരവമില്ലാതെ സർക്കാരിന്റെ പണവും സമയവും കളയാൻവേണ്ടി മാത്രം ഉണ്ടാക്കിയ കേസെന്ന് ഇതിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

ഏഴു വർഷം മുമ്പ് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ അരുൺകുമാറിനെ ഇപ്പോൾ പ്രതിയാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണ്. വി എസിനെ അപമാനിതനാക്കാൻ ബോധപൂർവം അരുൺകുമാറിനെ കേസിൽ കുടുക്കാനാണ് ശ്രമമെന്ന് സുധാകരൻ പറഞ്ഞു. പുതിയ തെളിവുകൾ നിരത്താൻ സർക്കാരിന് കഴിയില്ല. പുനരന്വേഷണം ആവശ്യമെങ്കിൽ പുതിയ തെളിവുകൾ നിരത്തണം. സി ആർ പി സി 173/8 പ്രകാരമാണോ കേസ് എടുക്കുന്നതെന്ന് പരിശോധിക്കണം.

ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവായിരിക്കെ അരുൺകുമാറിനെതിരെ അഴിമതി ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ പരാതി ഇപ്പോൾ ഉമ്മൻ ചാണ്ടി തന്നെ പൊടിതട്ടിയെടുത്ത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുകയാണ്. ഡി ജി പി ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്ത കാരണത്താലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.