- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു തരത്തിലും നന്ദികിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയി...'; പാർട്ടി അന്വേഷണത്തിന് കവിതയിലൂടെ 'പ്രതികരിച്ച്' ജി.സുധാകരൻ; നവാഗതർക്കായി വഴിമാറുന്നെന്നും 'നേട്ടവും കോട്ടവും' എന്ന കവിതയിൽ; ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് വിശദീകരണം
ആലപ്പുഴ: തനിക്കെതിരായ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ പരോക്ഷമായി മറുപടി നൽകി മുൻ മന്ത്രിയും സിപിഎം നേതാവുമായി ജി.സുധാകരൻ. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ മറുപടി. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ 'പ്രതികരിക്കുന്നു'
തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണം 'പുരോഗമിക്കുന്നതിനിടെയാണ്' അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിത. നേട്ടവും കോട്ടവും എന്ന് പേരിട്ടിരിക്കുന്ന കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും എഴുതി, നവാഗതർക്ക് സമർപ്പിച്ചുകൊണ്ട് കലാകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പുതിയ കവിത വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽ പാർട്ടിക്കകത്തും പുറത്തും തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പരാമർശിക്കുന്നതും തന്റെ പ്രവർത്തനങ്ങൾക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നുമാണ് കവിതയിലൂടെ സുധാകരൻ ഉന്നയിക്കുന്നത്.
'കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ലവഗണനയിൽ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയിൽ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.
'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!' സുധാകരൻ കുറിച്ചു.
തന്റെ ഇത്രയും കാല രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്ന് സുധാകൻ കവിതയിലൂടെ വ്യക്തമാക്കുന്നത്. ആകാംക്ഷ ഭരിതരായ നവാഗതർക്ക് വഴി മാറുന്നെന്ന സൂചനയും നൽകി കൊണ്ടാണ് സുധാകരൻ കവിത അവസാനിപ്പിക്കുന്നത്.
കലാകൗമുദിയിൽ ഓഗസ്റ്റ് 8-15 ലക്കത്തിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാർട്ടി അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടുള്ളതാണ് സുധാകരന്റെ കവിതയെന്നാണ് വിമർശനം ഉയർന്നത്. ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും കഴിയുന്നതെല്ലാം താൻ ചെയ്തുവെന്നും സുധാകരൻ പറഞ്ഞിരുന്നു. ആകാംക്ഷഭരിതരായ യുവാക്കൾ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.
കവിത പൂർണരൂപം:
കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്.
വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ലവഗണനയിൽ മുകളം കൊഴിഞ്ഞുപോയ്.
മനുജർ താണ്ടിയ നൂറ്റാണ്ടുമപ്പുറം ഒഴുകിയെത്തിയെൻ പ്രജ്ഞ ചരിത്രത്തിൽ ഒരിടമെങ്കിലും കാണാത്തതൊക്കെയും കണികൾ കണ്ടു മനം കുളിർക്കെ കണ്ടു. തിരികെ എത്തവേ എല്ലാ മറന്നു പോയ്.
അനുനിമിഷം പകർത്തുവാനെന്റയി ചരിതപർവ്വം തടസ്സങ്ങളാകവേ മുഴുകി ഞാനെന്റെ നിത്യദുഃഖങ്ങളിൽ കരളുകീറും ചുമതലാ ഭൂവിലായ്.
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയി മഹിത ജീവിതം സാമൂഹ്യമായെന്നു പറയും സ്നേഹിതർ സത്യമതെങ്കിലും വഴുതി മാറും മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല. പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം.
ഇനി ഒരു ജന്മമുണ്ടോ, ജന്മാന്തരങ്ങളിൽ പ്രണയപൂർവ്വം പ്രതീക്ഷയിൽ അല്ല ഞാൻ മനുജപർവ്വം കഴിഞ്ഞിനി ശേഷിപ്പു ചരിത വീഥിതൻ നേട്ടവും കോട്ടവും.
അതിലൊരാശങ്ക വേണ്ടെന്നു സ്നേഹിതർ,
കഴിവതൊക്കെയും ചെയ്തെന്നു സ്നേഹിതർ.
ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ അക്ഷീണമനസുമായി നവപഥവീഥിയിൽ.
മറുനാടന് മലയാളി ബ്യൂറോ