തിരുവനന്തപുരം: കേരള നിയമസഭ ഇന്നു 'ചർച്ച ചെയ്ത' വിഷയങ്ങളിൽ സൗന്ദര്യവിചാരവും. മന്ത്രി ജി സുധാകരനാണു ഈ ചർച്ചയ്ക്കു തുടക്കമിട്ടത്.

നിയമസഭാ സമാജികരിൽ, പിണറായി മന്ത്രിസഭയിലെ അംഗങ്ങളിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞയാൾ താനാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് മന്ത്രി പറഞ്ഞു. 'സാമാജികന്മാരിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞയാൾ ഞാനാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. മന്ത്രിമാരിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞത്... സൗന്ദര്യബോധത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം' എന്നായിരുന്നു ജി. സുധാകരൻ പറഞ്ഞത്.

സംസ്ഥാനത്തെ റോഡുകൾ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെയായിരുന്നു പരാമർശം. എന്നാൽ സഭയിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞയാൾ താനാണെന്ന സുധാകരന്റെ അവകാശവാദം അംഗീകരിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. സഭയും ഇത് അംഗീകരിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

'ബഹുമാനപ്പെട്ട മിനിസ്റ്റർ അങ്ങ് പറഞ്ഞതാരും സമ്മതിക്കില്ല. ആരും അതിനോട് യോജിക്കുന്നില്ല.' എന്നായിരുന്നു സ്പീക്കറുടെ റൂളിങ്. ഈ റൂളിങ് അംഗീകരിച്ച സുധാകരൻ അപ്പോൾ തന്നെ മറുപടിയും നൽകി.

'സർ മുഖത്ത് മാത്രമല്ല മനസിനും സൗന്ദര്യം വേണം സാർ. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് നിങ്ങളുടെ സുന്ദരമായ മുഖം. മനസും അതുപോലെ ആവണമെന്ന്. ' ജി. സുധാകരൻ വ്യക്തമാക്കി.