തിരുവനന്തപുരം: അന്താരാഷ്ട്ര ചെസ് താരം എസ് എൽ നാരായണനും റോവിങ് താരം ഡിറ്റിമോൾ വർഗീസിനും ജി വി രാജ കായിക പുരസ്‌കാരം. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക പുരസ്‌കാരം അത്ലറ്റിക്സ് പരീശീലകൻ പി.ആർ പുരുഷോത്തമനാണ്.

2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനാണ്. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്‌കാരം. സമഗ്രസംഭാവന പുരസ്‌കാര ജേതാവിന് രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.

കേരള സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ മറ്റു കായിക പുരസ്‌കാരങ്ങൾക്ക് അർഹരായവർ ഇവരാണ്:

  • മികച്ച കായിക പരീശീലകൻ പിബി ജയകുമാർ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ )
  • മികച്ച കായിക പരീശീലകൻ (കോളേജ്) - ആശിഷ് ജോസഫ് സെന്റ് തോമസ് കോളേജ്, പാല
  • മികച്ച കായിക പരീശീലകൻ (സ്‌കൂൾ)- മജു ജോസ് (കാൽവരി ഹൈസ്‌കൂൾ, കാൽവരി മൗണ്ട്, ഇടുക്കി)
  • മികച്ച കായികനേട്ടങ്ങൾ സ്വന്തമാക്കിയ കോളേജിനുള്ള പുരസ്‌കാരം- അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി
  • മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച സ്‌കൂൾ- മാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂൾ കോതമംഗലം

മികച്ച കായിക പരിശീലകന് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും. മറ്റുള്ളവർക്ക് 50,000 രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ്? പുരസ്?കാരം.

മാദ്ധ്യമ പുരസ്‌കാരങ്ങൾ:

  • മികച്ച കായികലേഖകൻ- സാം പ്രസാദ്, കേരളകൗമുദി
  • മികച്ച സ്പോർട്‌സ് ഫോട്ടോഗ്രാഫർ- പിവി സുജിത്ത്, ദേശാഭിമാനി
  • മികച്ച കായികാധിഷ്ഠിത ദൃശ്യപരിപാടി -ജോബി ജോർജ് ഏഷ്യനെറ്റ് (കളിക്കളം).

മാദ്ധ്യമ അവാർഡ് ജേതാക്കൾക്ക് 25,000 രൂപയും ഫലകവും പ്രശംസാ പത്രവും ലഭിക്കും.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസൻ, മേഴ്‌സികുട്ടൻ, ജോർജ് തോമസ്, ജി കിഷോർ, കെ.എം ബീനാ പോൾ, ജോൺ സാമുവൽ, എൻ രവീന്ദ്രനാഥ്, പി.ജെ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌കാരങ്ങൾ സെപ്റ്റംബർ 13 ന് വി.ജെ.റ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ കായികമന്ത്രി വിതരണം ചെയ്യും.